Champions League

"എന്തൊരു ഗംഭീര മത്സരം"- ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായെങ്കിലും ബാഴ്‌സലോണ ടീമിന് പ്രശംസയുമായി പിക്വ

Sreejith N
FBL-EUR-C1-PSG-BARCELONA
FBL-EUR-C1-PSG-BARCELONA / FRANCK FIFE/Getty Images
facebooktwitterreddit

പിഎസ്‍ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ മത്സരത്തിൽ സമനില വഴങ്ങി ഇരുപാദങ്ങളിലുമായി 5-2ന്റെ തോൽവി വഴങ്ങി ബാഴ്‌സലോണ പുറത്തായെങ്കിലും ടീമിന്റെ പ്രകടനത്തെ പ്രശംസിച്ച് പ്രതിരോധതാരം ജെറാർഡ് പിക്വ. പരിക്ക് മൂലം ടീമിലെ പരിചയസമ്പന്നനായ ഡിഫെൻഡറായ പിക്വ കളിച്ചില്ലെങ്കിലും എംബാപ്പെ അടക്കമുള്ള പിഎസ്‌ജി മുന്നേറ്റനിരയെ സമർത്ഥമായി തടുക്കാൻ ബാഴ്‌സലോണ പ്രതിരോധ താരങ്ങൾക്ക് കഴിഞ്ഞിരുന്നു.

ഇതിനു പുറമെ ആക്രമണത്തിലും ബാഴ്‌സലോണ വളരെയധികം മികവു കാണിച്ചു. സ്വന്തം മൈതാനത്ത് പിഎസ്‌ജി വെറും ഏഴു ഷോട്ടുകൾ മാത്രമുതിർത്തപ്പോൾ ബാഴ്‌സലോണ ഇരുപത്തിയൊന്ന് ഷോട്ടുകൾ തൊടുത്തതിൽ പത്തെണ്ണവും ലക്ഷ്യത്തിലേക്കുള്ളതായിരുന്നു. ഒൻപതു സേവുകൾ നടത്തിയ പിഎസ്‌ജി കീപ്പർ കെയ്‌ലർ നവാസിന്റെ പ്രകടനമാണ് പിഎസ്‌ജിക്ക് ഒരുതരത്തിൽ രക്ഷയായത്.

മത്സരത്തിന് ശേഷം ട്വിറ്ററിലൂടെയാണ് പിക്വ ബാഴ്‌സലോണ ടീമിന്റെ പ്രകടനത്തെ പ്രശംസിച്ചത്. "എന്തൊരു ഗംഭീര മത്സരം. ആദ്യപാദത്തിലെ മത്സരഫലമാണ് എല്ലാം തീരുമാനിച്ചത്. ടീമിന്റെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്. സീസൺ ഇനിയും ബാക്കിയുള്ളത് കൊണ്ടു തന്നെ ഞങ്ങൾ അവസാനം വരെ പൊരുതും. തലയുയർത്തി മുന്നോട്ടു പോവുക. കമോൺ ബാഴ്‌സലോണ." പിക്വ കുറിച്ചു.

മത്സരത്തിന്റെ ആദ്യപകുതിയിലാണ് ബാഴ്‌സലോണ കൂടുതൽ ആധിപത്യം സ്ഥാപിച്ചതെങ്കിലും അവസരങ്ങൾ വേണ്ട വിധത്തിൽ മുതലെടുക്കാൻ താരങ്ങൾക്കായില്ല. രണ്ടാം ഗോൾ നേടാൻ പെനാൽറ്റിയിലൂടെ ലഭിച്ച അവസരം മെസി നഷ്ടപ്പെടുത്തിയത് ടീമിന് കൂടുതൽ തിരിച്ചടിയായി. എങ്കിലും സീസണിൽ ബാക്കിയുള്ള കിരീടങ്ങൾക്ക് വേണ്ടി പൊരുതാൻ കഴിയുമെന്ന ശുഭപ്രതീക്ഷ തന്നെയാണ് മത്സരം സമ്മാനിച്ചത്.

ഈ സീസണിലിനി രണ്ടു കിരീടങ്ങൾ നേടാൻ ബാഴ്‌സലോണക്ക് അവസരമുണ്ട്. കോപ്പ ഡെൽ റേ ഫൈനലിൽ അത്‌ലറ്റിക് ബിൽബാവോയെ ഈ മാസം നേരിടാനൊരുങ്ങുന്ന ബാഴ്‌സലോണക്ക് ആദ്യത്തെ കിരീടം സ്വന്തമാക്കാനുള്ള അവസരമാണത്. ഇതിനു പുറമെ ലാ ലിഗയിൽ അത്ലറ്റികോ മാഡ്രിഡിന് ആറു പോയിന്റ് പിറകിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ടീമിന് ലീഗ് കിരീടത്തിനായും പൊരുതാനാവും.

facebooktwitterreddit