Football in Malayalam

മെസിയില്ലാതെയും എല്ലാ കിരീടങ്ങൾക്കു വേണ്ടി പൊരുതാനും ആസ്വദിച്ച് കളിക്കാനും ബാഴ്‌സലോണക്ക് കഴിയുമെന്ന് പിക്വ

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Soccrates Images/Getty Images
facebooktwitterreddit

ടീമിന്റെ നായകനും പ്രധാന താരവുമായിരുന്ന ലയണൽ മെസി ക്ലബ് വിട്ടുവെങ്കിലും എല്ലാ കിരീടങ്ങൾക്കു വേണ്ടി പൊരുതാനും ആസ്വദിച്ച് കളിക്കാനും ബാഴ്‌സലോണക്ക് കഴിയുമെന്ന് പ്രതിരോധതാരം ജെറാർഡ് പിക്വ. പുതിയ ലാലിഗ സീസണിലെ ആദ്യത്തെ മത്സരം ഇന്നലെ പൂർത്തിയാക്കിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് പിക്വ ഇക്കാര്യം വ്യക്തമാക്കിയത്.

റയൽ സോസിഡാഡിനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ മികച്ച പ്രകടനം നടത്തിയ ബാഴ്‌സ രണ്ടിനെതിരെ നാല് ഗോളുകളുടെ വിജയമാണ് സ്വന്തമാക്കിയത്. പിക്വ മത്സരത്തിലെ ആദ്യത്തെ ഗോൾ നേടിയപ്പോൾ മാർട്ടിൻ ബ്രൈത്ത്വൈറ്റ് രണ്ടു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കി. അവസാനത്തെ ഗോൾ പകരക്കാരനായി ഇറങ്ങിയ സെർജി റോബെർട്ടോയാണ് നേടിയത്.

"ലിയോ പ്രതിനിധീകരിച്ചിരുന്നത് എന്തിനെയൊക്കെയാണെന്ന് ഞാൻ പറയേണ്ട കാര്യമില്ല, നമുക്കെല്ലാവർക്കും അതറിയാം. ഈ ക്ലബ്ബിന്റെയും ഫുട്ബോളിന്റെയും ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് അദ്ദേഹം. എന്നാൽ എല്ലാം കടന്നു പോകും, നമുക്ക് മുന്നോട്ടു പോവുകയും വേണം. ഞങ്ങൾക്ക് വളരെ നിലവാരമുണ്ടെന്നും അവസാനം വരെ എല്ലാ കിരീടങ്ങൾക്കും പൊരുതാൻ കഴിയുമെന്നുമാണ് ഞാൻ വിശ്വസിക്കുന്നത്."

"ലിയോ ഇവിടെയില്ലാത്തതു കൊണ്ട് നേരത്തെ ഞങ്ങൾക്കു സ്വന്തമായിരുന്ന പ്രതിഭാസ്പർശം നഷ്ടമാകുമെന്നത് സത്യമാണ്. എന്നാൽ ഒറ്റക്കെട്ടാണെന്ന് ടീം കാണിച്ചു തരുന്നു. മുന്നേറ്റനിരയിൽ ഞങ്ങൾ ഗോളുകൾ കണ്ടെത്തുന്നുണ്ട്, രണ്ടു ഗോളിൽ സംഭവിച്ച പിഴവുകൾ മാറ്റിനിർത്തിയാൽ പിൻനിരയും മികച്ചതാണ്. സോസിഡാഡ് മികച്ച പ്രകടനം നടത്തിയെങ്കിലും അവസരങ്ങൾ അധികം സൃഷ്‌ടിച്ചില്ല, ഞങ്ങൾക്ക് ഈ വർഷം ആസ്വദിക്കാൻ കഴിയുമെന്നാണ് കരുതുന്നത്," പിക്വ മൂവീസ്റ്റാറിനോട് പറഞ്ഞു.

ബാഴ്‌സലോണയുടെ സാമ്പത്തിക സാഹചര്യങ്ങൾ കൊണ്ട് താൻ മാത്രമല്ല, മറ്റു നായകന്മാരായ സെർജിയോ ബുസ്‌ക്വറ്റ്സ്, സെർജി റോബർട്ടോ, ജോർദി ആൽബ എന്നിവരും പ്രതിഫലം വെട്ടിക്കുറയ്ക്കാൻ തയ്യാറായിട്ടുണ്ടെന്നും പിക്വ പറഞ്ഞു. രജിസ്‌ട്രേഷൻ സംബന്ധമായ സങ്കീർണതകൾ ഉണ്ടായതു കൊണ്ട് വേതനം കുറക്കാനുള്ള തീരുമാനം താൻ പെട്ടന്നു തന്നെ എടുത്തതാണെന്നും മറ്റുള്ളവരും അതു ചെയ്യുമെന്നും താരം വ്യക്തമാക്കി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit