എൽ ക്ലാസിക്കോക്കു മുന്നോടിയായി അൻസു ഫാറ്റിയെയും വിനീഷ്യസ് ജൂനിയറിനെയും താരതമ്യം ചെയ്ത് ജെറാർഡ് പിക്വ


ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ മത്സരം നടക്കാനിരിക്കെ റയൽ മാഡ്രിഡിലും ബാഴ്സലോണയിലും ചരിത്രം കുറിച്ച് ടീമിന്റെ നായകന്മാരായിരുന്ന സെർജിയോ റാമോസും ലയണൽ മെസിയും ക്ലബിനൊപ്പമില്ലെന്ന പ്രത്യകത കൂടിയുണ്ട്. രണ്ടു താരങ്ങളും ക്ലബ് വിട്ടതിനു ശേഷമുള്ള ആദ്യത്തെ എൽ ക്ലാസിക്കോ മത്സരത്തിൽ അതുകൊണ്ടു തന്നെ ശ്രദ്ധിക്കപ്പെടുക യുവതാരങ്ങൾ തന്നെയായിരിക്കും.
റയലിനെ സംബന്ധിച്ച് ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന വിനീഷ്യസ് ജൂനിയർ പ്രതീക്ഷയുള്ള താരമായി നിൽക്കുമ്പോൾ പരിക്കിൽ നിന്നും അടുത്തിടെ മുക്തനായി കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ അൻസു ഫാറ്റിയിൽ കണ്ണും നട്ടാണ് ബാഴ്സലോണ ആരാധകരുള്ളത്. മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ബാഴ്സലോണ താരമായ ജെറാർഡ് പിക്വ ഇരുവരുടെയും പ്രകടനം വിശകലനം ചെയ്യുകയുണ്ടായി.
"വളരെ വേഗതയും ഊർജ്ജവുമുള്ള ഒരു യഥാർത്ഥ വിങ്ങറാണ് വിനീഷ്യസ്. അൻസു ഫാറ്റി കൂടുതൽ ഗോൾ നേടാൻ കഴിയുന്ന, ഒരു സ്ട്രൈക്കറാവാൻ കഴിയുന്ന കളിക്കാരനാണ്. അൻസു ഫാറ്റി കൂടുതൽ ഗോളുകൾ നേടുമെന്നും വിനീഷ്യസ് വളരെയധികം ഊർജ്ജമുള്ള, വൺ ഓൺ വണിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച താരവുമാണെന്ന് ഞാൻ പറയും." പിക്വ പറഞ്ഞു.
പത്തു മാസത്തോളം കളിക്കളത്തിനു പുറത്തിരുന്ന് അടുത്തിടെ കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ അൻസു ഫാറ്റി കഴിഞ്ഞ ദിവസം ബാഴ്സയുമായി പുതിയ കരാർ ഒപ്പിട്ടിരുന്നു. 2027 വരെയാണ് പത്തൊൻപതാം വയസിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫാറ്റി ബാഴ്സ കരാർ ഒപ്പിട്ടത്.
"ബാഴ്സലോണക്ക് അങ്ങിനെയുള്ള, ഗോൾസ്കോറേഴ്സായിട്ടുള്ള കളിക്കാരെ വേണം. ആളുകൾക്കും അതാവശ്യമുണ്ട്. ഞങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം പോയെങ്കിലും യാഥാർഥ്യത്തോടെ ഫാറ്റിയെ സമീപിക്കേണ്ടതുണ്ട്.പത്തൊൻപതു വയസു മാത്രമുള്ള താരത്തിന് ഗോളുകൾ നേടി വിജയങ്ങൾ സമ്മാനിക്കാനുള്ള കഴിവുണ്ട്." പിക്വ വ്യക്തമാക്കി.
എൽ ക്ലാസിക്കോ മത്സരങ്ങളുടെ ചരിത്രം നോക്കുമ്പോൾ ഒരു ടീമിന് കൃത്യമായ ആധിപത്യം ഉണ്ടെന്നു പറയാൻ കഴിയില്ലെന്നും പിക്വ അഭിപ്രായപ്പെട്ടു. രണ്ടു ടീമുകളും അവരവരുടേതായ പ്രതിസന്ധികളിലൂടെയും നല്ല സമയങ്ങളിലൂടെയും കടന്നു പോകുന്നുണ്ടെന്നും പിക്വ വ്യക്തമാക്കി.