പെഡ്രി ലോകത്തിലെ ഏറ്റവും മികച്ച താരമാകും; ഹാലൻഡ്, എംബാപ്പെ എന്നിവരിൽ ആരാണ് മികച്ചതെന്നും പിക്വ
By Sreejith N

ബാഴ്‌സലോണ മധ്യനിര താരമായ പെഡ്രി ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ടെന്ന് ടീമിലെ സീനിയർ താരമായ ജെറാർഡ് പിക്വ. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹതാരമായ ഗാരി നേവിലുമായി സ്കൈ സ്പോർട്സിനോട് സംസാരിക്കുമ്പോൾ നിരവധി വിഷയങ്ങൾ ചർച്ച ചെയ്‌ത താരം ബാഴ്‌സലോണ പെഡ്രിക്കു പുറമെ ബാഴ്‌സലോണ യുവതാരമായ ഗാവിയെയും പ്രശംസിക്കുകയുണ്ടായി.
"പെഡ്രി ലോകത്തിലെ ഏറ്റവും മികച്ച താരമായി മാറാനുള്ള എല്ലാ സാധ്യതകളുമുണ്ട്. ഗാവിയും ഈ പ്രായത്തിൽ ഏറ്റവും മികച്ച പ്രകടനമാണ് നടത്തുന്നത്. ഞങ്ങൾക്ക് ബാഴ്‌സലോണയിൽ വളരെ നല്ല പ്രതിഭകളുണ്ട്. അവർ വളർന്നു വരണം, എന്നാലിപ്പോൾ തന്നെ അവർ മികച്ച താരങ്ങളാണ്." പിക്വ പറഞ്ഞു. ഹാലൻഡ്, എംബാപ്പെ എന്നിവരിൽ ആരെ തിരഞ്ഞെടുക്കുമെന്ന ചോദ്യത്തിനും പിക്വ മറുപടി പറഞ്ഞു.
Gerard Pique tips Barcelona midfielder Pedri to become best player in the worldhttps://t.co/jSAhYwVg2F
— Indy Football (@IndyFootball) May 6, 2022
"നിലവിലുള്ള രണ്ടു മികച്ച താരങ്ങളാണവരെന്ന് ഞാൻ കരുതുന്നു. അവർ വളരെ ചെറുപ്പമാണ്, ബാലൺ ഡി ഓർ നേടാനുള്ള സാധ്യതയും അവർക്കുണ്ട്. എർലിങ് ഹാലൻഡ് ഒരു തികഞ്ഞ സ്‌ട്രൈക്കർ ആയിരുന്നുവെന്നാണ് ഞാൻ കരുതുന്നത്. വളരെ കരുത്തുറ്റ താരം നിരവധി ഗോളുകളും നേടുന്നുണ്ട്."
"അതേസമയം കിലിയൻ എംബാപ്പെ കുറച്ചുകൂടി പൂർണനായ താരമാണ്.വിങ്ങറായും സ്‌ട്രൈക്കറായും കളിക്കാൻ താരത്തിന് കഴിയുന്നു. രണ്ടു പേരും വളരെ മികച്ച താരങ്ങളാണ്. എനിക്ക് ഹാലൻഡിനെതിരെ കളിക്കാൻ കഴിഞ്ഞിട്ടില്ല, എംബാപ്പക്കെതിരെ ഞാൻ കളിച്ചിട്ടുണ്ട്. അതിൽ ഒരാളെ തിരഞ്ഞെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്." പിക്വ പറഞ്ഞു.
ലാ ലിഗയിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ബാഴ്‌സലോണ അടുത്ത മത്സരത്തിൽ റയൽ ബെറ്റിസിനെയാണ് നേരിടുന്നത്. ഈ സീസണിലെ കോപ്പ ഡെൽ റേ ജേതാക്കളായ റയൽ ബെറ്റിസ് അത്‌ലറ്റികോ മാഡ്രിഡിനെ മറികടന്ന് ടോപ് ഫോറിലേക്ക് മുന്നേറാൻ ശ്രമിക്കുന്ന ക്ലബായതിനാൽ വളരെ മികച്ച മത്സരം തന്നെയായിരിക്കും ബെനിറ്റോ വിയ്യമാറിനിൽ നടക്കുക.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.