സ്പാനിഷ് ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരം ജെറാർഡ് പിക്വ, റയൽ മാഡ്രിഡ് താരങ്ങൾ തൊട്ടു പിന്നിൽ


സ്പാനിഷ് ലീഗിൽ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ കണക്കുകൾ ഫ്രഞ്ച് മാധ്യമമായ എൽ എക്വിപ്പെ പ്രസിദ്ധീകരിച്ചപ്പോൾ ബാഴ്സലോണ പ്രതിരോധതാരം ജെറാർഡ് പിക്വ മുന്നിൽ. റയൽ മാഡ്രിഡ് താരങ്ങളായ ഗാരെത് ബേൽ, ഈഡൻ ഹസാർഡ് എന്നിവർ പിക്വക്കു പിന്നിൽ നിൽക്കുന്ന ലിസ്റ്റിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ബാഴ്സലോണ, റയൽ മാഡ്രിഡ് താരങ്ങൾ മാത്രമാണുള്ളത്.
നേരത്തെ ഫ്രഞ്ച് ലീഗിലെ താരങ്ങളുടെ പ്രതിഫലത്തിന്റെ കണക്കുകൾ വെളിപ്പെടുത്തിയ എൽ എക്വിപ്പെ അതിനു പിന്നാലെയാണ് സ്പാനിഷ് ലീഗ് കളിക്കാരുടെ പ്രതിഫലത്തിന്റെ കണക്കുകളും പുറത്തുവിട്ടത്. റിപ്പോർട്ടുകൾ പ്രകാരം ഒരു മാസത്തിൽ 2.33 മില്യൺ യൂറോയാണ് പിക്വ പ്രതിഫലമായി ബാഴ്സലോണയിൽ നിന്നും കൈപ്പറ്റുന്നത്.
പ്രതിഫലത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ബേലും ഹസാർഡും ഒരേ പ്രതിഫലമാണ് വാങ്ങുന്നത്. രണ്ടു പേരും 2.27 മില്യൺ യൂറോയാണ് റയൽ മാഡ്രിഡിൽ നിന്നും ലഭിക്കുന്നത്. ഇവർ രണ്ടു പേരും റയലിന്റെ ആദ്യ ഇലവനിൽ പോലും ഇടമില്ലാത്ത താരങ്ങളാണെന്ന പ്രത്യേകത കൂടിയുണ്ട്. അതിനു താഴെയുള്ള സെർജിയോ ബുസ്ക്വറ്റ്സിന് 1.91 മില്യൺ യൂറോ പ്രതിമാസം ലഭിക്കുന്നു.
രണ്ടു താരങ്ങളാണ് പ്രതിഫലത്തിന്റെ കാര്യത്തിൽ ബുസ്ക്വറ്റ്സിന് താഴെയുള്ളത്. ബയേൺ മ്യൂണിക്കിൽ നിന്നും റയൽ മാഡ്രിഡിലേക്ക് ചേക്കേറിയ ഡേവിഡ് അലബ, അത്ലറ്റികോ മാഡ്രിഡിൽ ലോണിൽ കളിക്കുന്ന ബാഴ്സലോണ താരം അന്റോയിൻ ഗ്രീസ്മൻ എന്നിവരാണവർ. ഇരുവർക്കും 1.88 മില്യൺ യൂറോയാണ് പ്രതിഫലമായി ലഭിക്കുന്നത്. ആദ്യ അഞ്ചു പേരിൽ ഇപ്പോൾ റയലിലോ ബാഴ്സയിലോ കളിക്കാത്ത ഒരേയൊരു താരവും ഗ്രീസ്മനാണ്.
തങ്ങളുടെ കരിയർ മുഴുവൻ ബാഴ്സലോണയിൽ കളിച്ച് നിരവധി തവണ കരാർ പുതുക്കിയ പിക്വ, ബുസ്ക്വറ്റ്സ് എന്നിവർക്ക് ഇത്രയും ശമ്പളം ലഭിക്കുന്നതിൽ യാതൊരു അത്ഭുതവുമില്ല. കോവിഡ് പ്രതിസന്ധി മൂലം സഹതാരങ്ങളുടെ ശമ്പളം നൽകാനുള്ള സഹായത്തിനു പിക്വ തന്റെ പ്രതിഫലത്തിന്റെ അറുപതു ശതമാനം വെട്ടിക്കുറച്ചതും എൽ എക്വിപ്പെ പരാമർശിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.