ബാഴ്സലോണയുടെ സാമ്പത്തിക പ്രതിസന്ധിക്കു പരിഹാരം മെസിയെ ഒഴിവാക്കുകയാണെന്ന നിർദ്ദേശം മുന്നോട്ടു വെച്ചത് പിക്വ


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരെ അത്ഭുതപ്പെടുത്തിയാണ് ലയണൽ മെസി ടീം വിടുകയാണെന്നു ബാഴ്സലോണ പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ വർഷങ്ങളിലുണ്ടായിരുന്ന ക്ലബ് നേതൃത്വത്തിന്റെ കുത്തഴിഞ്ഞ സാമ്പത്തികനയങ്ങളും കോവിഡ് മഹാമാരി മൂലം വരുമാനത്തിൽ വലിയ ഇടിവു വന്നതും ബാഴ്സയെ വലിയ പ്രതിസന്ധിയിലേക്ക് നയിച്ചതാണ് മെസിയെ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് ക്ലബ് എത്താനുള്ള കാരണമായത്.
സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബാഴ്സയെ വീണ്ടെടുക്കാൻ മെസിയെ ക്ലബിൽ നിന്നും ഒഴിവാക്കുകയാണ് ഏറ്റവും മികച്ച വഴിയെന്ന നിർദ്ദേശം ആദ്യം മുന്നോട്ടു വെച്ചത് ബാഴ്സലോണ പ്രതിരോധതാരമായ ജെറാർഡ് പിക്വയാണെന്നാണ് എൽ പൈസിനെ അടിസ്ഥാനമാക്കി സ്പോർട്ട് പുറത്തു വിട്ട റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബാഴ്സലോണയുടെ പുതിയ പ്രസിഡന്റായി വന്ന യോൻ ലപോർട്ടയുമായി നടത്തിയ ചർച്ചകളുടെ ഇടയിലാണ് പിക്വ ഈ നിർദ്ദേശം മുന്നോട്ടു വെച്ചത്.
Pique to Laporta: 'Without Messi, the financial fair play issue is fixed' https://t.co/0wER0RJ1jc
— SPORT English (@Sport_EN) February 15, 2022
"മെസി ക്ലബിനൊപ്പമില്ലെങ്കിൽ നിലവിലെ സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടും." മാർച്ചിൽ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ലപോർട്ട ലയണൽ മെസിയെ ക്ലബിനൊപ്പം നിലനിർത്താനുള്ള വഴി കണ്ടെത്താൻ ശ്രമിച്ചു കൊണ്ടിരിക്കുമ്പോൾ പിക്വ മുന്നോട്ടു വെച്ച നിർദ്ദേശമതായിരുന്നു. മെസി ക്ലബ് വിട്ടാലും അത് വലിയൊരു പ്രശ്നമാകില്ലെന്നും ജെറാർഡ് പിക്വ ബാഴ്സ പ്രസിഡന്റിനോട് പറഞ്ഞു.
നിരവധി വർഷങ്ങളായി ബാഴ്സലോണയിൽ ഒപ്പം കളിക്കുന്ന പിക്വ തന്നെ ഒഴിവാക്കാൻ നിർദ്ദേശം നൽകിയെന്ന വാർത്ത മെസിയുടെ കാതുകളിൽ എത്തുകയും ചതിക്കപ്പെട്ടതു പോലെ താരത്തിനു തോന്നിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതിനു പിന്നാലെയാണ് ലയണൽ മെസി ബാഴ്സലോണ വിട്ട് ഫ്രഞ്ച് ക്ലബായ പിഎസ്ജിയിലേക്ക് ചേക്കേറാനുള്ള തീരുമാനമെടുത്തത്.
പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി പാരീസിലെ ജീവിതവുമായി ഇണങ്ങിച്ചേരാൻ ബുദ്ധിമുട്ടുകയാണെന്നു വ്യക്തമാക്കിയ എൽ പൈസിന്റെ റിപ്പോർട്ടിൽ താരം ഡ്രസിങ് റൂമുമായി ഇണങ്ങിച്ചേരാൻ ശ്രമം നടത്തുന്നുണ്ടെന്നും വ്യക്തമാക്കി. അതേസമയം ക്ലബിലെത്തിയ മെസി വളരെ സൗഹാർദ്ദത്തോടെ ഇടപെടുന്നുണ്ടെന്ന് ഒരു പിഎസ്ജി താരം പറയുമ്പോൾ മറ്റൊരു താരം മെസി വളരെക്കുറച്ചു മാത്രമേ സംസാരിക്കൂ എന്നാണു പറയുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.