Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഇനി കളിക്കാന്‍ സാധ്യത കുറവാണെന്ന് പിയേഴ്‌സ് മോർഗൻ

Haroon Rasheed
Manchester United v Newcastle United - Premier League
Manchester United v Newcastle United - Premier League / Clive Brunskill/GettyImages
facebooktwitterreddit

പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെ ഭാവിയുടെ കാര്യത്തില്‍ വെളിപ്പെടുത്തലുമായി ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകന്‍. താരം ഇനി യുണൈറ്റഡിനായി കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകനായ പിയേഴ്‌സ് മോര്‍ഗന്‍ വ്യക്തമാക്കുന്നത്. അദ്ദേഹം നമ്മളെ അമ്പരിപ്പിച്ച് പുതിയ ക്ലബിലെത്താന്‍ സാധ്യതയുണ്ടെന്നും മോര്‍ഗന്‍ വ്യക്തമാക്കുന്നു.

ടാക് സ്‌പോട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മോര്‍ഗന്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.

"കഴിഞ്ഞ ആഴ്ച എനിക്ക് ഒരുപാട് കോണ്ടാക്ടുകള്‍ ഉണ്ടായിരുന്നു. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ യുണൈറ്റഡിനായി ഇനി കളിക്കാന്‍ സാധ്യത കുറവാണ്. അവൻ മാനിസികമായി യുണൈറ്റഡ് വിട്ടിട്ടുണ്ട്.

"നിങ്ങള്‍ അവനാണെങ്കില്‍, നിങ്ങളുടെ കരിയറിന്റെ അവസാനത്തേക്ക് എത്തുകയാണെങ്കിൽ, കൂടുതൽ പ്രധാന കിരീടങ്ങൾ നേടാൻ ആഗ്രഹിക്കുന്നുമുണ്ടെങ്കിൽ, നിങ്ങൾ കണക്കുകൂട്ടലുകൾ നടത്തേണ്ടതുണ്ട്. യുണൈറ്റഡില്‍ തുടരുകയാണെങ്കില്‍ എനിക്ക് അത് ചെയ്യാന്‍ കഴിയുമോ?

"ക്ലബിന്റെ ഘടന മുകള്‍ മുതല്‍ താഴെ തട്ട് വരെ ശരിയല്ലെന്ന് അവന് തോന്നുന്നു. അത് പുതിയ മാനേജറുടെ പ്രതിഫലനമല്ല. അവന് [റൊണാൾഡോക്ക്] അദ്ദേഹത്തോട് [ടെൻ ഹാഗിനോട്] ഒരുപാട് ബഹുമാനമുണ്ട്. പക്ഷെ യുണൈറ്റഡ് ഇപ്പോള്‍ എവിടെയാണ് എന്നതിന്റെ പ്രതിഫലനമാണത്.

"എന്താണ് അവന് തോന്നുന്നതെന്ന് അവനാണ് പറയേണ്ടത്. പക്ഷെ നിങ്ങൾ എന്നോട് ചോദിക്കുകയാണെങ്കിൽ, അവൻ മാഞ്ചസ്റ്റർ യുണൈറ്റഡില്‍ തുടരുമെന്ന് ഞാന്‍ കരുതുന്നില്ല," ക്രിസ്റ്റ്യാനോയുടെ ഭാവിയെ കുറിച്ച് മോര്‍ഗന്‍ വ്യക്തമാക്കി.

ക്ലബ് വിടണമെന്ന് റൊണാൾഡോ യുണൈറ്റഡിനോട് ആവശ്യപ്പെട്ടതായി 90min ഉൾപ്പെടെയുള്ള മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്‌തിരുന്നു.

നിലവിൽ പ്രീ-സീസൺ ടൂറിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് സ്‌ക്വാഡിനൊപ്പം റൊണാൾഡോ ഇത് വരെ ചേർന്നിട്ടില്ല. കുടംബപരമായ പ്രശ്‌നങ്ങള്‍ കാരണം താരത്തിന് അവധി നല്‍കിയിരിക്കുകയാണെന്നാണ് യുണൈറ്റഡ് മാനേജ്‌മെന്റിന്റെ വിശദീകരണം.

അതേ സമയം, പുതിയ പരിശീലകന്‍ എറിക് ടെൻ ഹാഗ് താരത്തെ വില്‍ക്കാനില്ലെന്നും അടുത്ത സീസണിലെ തന്റെ പദ്ധതി ക്രിസ്റ്റ്യാനോ കൂടി ഉള്‍പ്പെട്ടതാണെന്ന് വ്യക്തമാക്കിയിരുന്നു.


facebooktwitterreddit