ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സലോണ വിടാൻ കുട്ടീഞ്ഞോക്ക് താല്പര്യമില്ല

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ ബാഴ്സലോണ വിടാന്‍ ബ്രസീലിയന്‍ താരം ഫിലിപ് കുട്ടീഞ്ഞോക്ക് താല്പര്യമില്ലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ ന്യൂകാസില്‍ യുണൈറ്റഡ് താരത്തിനായി രംഗത്തുണ്ടെങ്കിലും ബാഴ്സലോണയില്‍ തുടരാനാണ് കുട്ടീഞ്ഞോക്ക് താല്പര്യം. സൗദി അറേബ്യയുടെ പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ന്യൂകാസില്‍ യുണൈറ്റഡിനെ ഏറ്റെടുത്തതിന് ശേഷം ക്ലബിലെത്തിക്കുമെന്ന് പറഞ്ഞ് കേട്ടിരുന്ന പ്രധാനികളിൽ ഒന്നാണ് കുട്ടീഞ്ഞോ.
നേരത്തെ, നിലവിലെ സാമ്പത്തിക പ്രതിസന്ധി മൂലം കുട്ടീഞ്ഞോയെ ബാഴ്സലോണ വില്‍ക്കുമെന്ന റിപോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും, സ്പാനിഷ് മാധ്യമമായ സ്പോര്‍ട്ട് റിപ്പോർട്ട് ചെയ്യുന്നത് തനിക്ക് ക്ലബിൽ ഭാവിയുണ്ടെന്ന് പരിശീലകസ്ഥാനം ഏറ്റെടുത്ത സാവിയെ ബോധ്യപ്പെടുത്താൻ തനിക്കാകുമെന്നാണ് കുട്ടീഞ്ഞോ പ്രതീക്ഷിക്കുന്നതെന്നാണ്.
ഇരൂകുട്ടര്ക്കും കുഴപ്പമില്ലാതെ ബാഴ്സയില്‍ സീസണ് പൂര്‍ത്തിയാക്കാനാകുമെന്ന വിശ്വസത്തിലാണ് കുട്ടീഞ്ഞോ, അതിനാല്‍ ഇപ്പോള്‍ ക്ലബ് വിടാന്‍ തീരുമാനമില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
അതേ സമയം, താരത്തിൽ താത്പര്യമുണ്ടെന്ന് കരുതപ്പെടുന്ന ന്യൂകാസിൽ യുണൈറ്റഡ് സ്റ്റീവ് ബ്രൂസിനെ പുറത്താക്കിയതിന് ശേഷം മുന്‍ ബേണ്‍മൗത്ത് പരിശീലകനായിരുന്ന എഡി ഹോവയെ തങ്ങളുടെ പുതിയ പരിശീലകനായി നിയമിച്ചിട്ടുണ്ട്.
പ്രീമിയര്‍ ലീഗില്‍ നിലവില്‍ 19ാം സ്ഥാനത്തുള്ള ന്യൂകാസില്‍, കുട്ടീഞ്ഞോക്ക് പുറമെ ഇംഗ്ലണ്ട് താരം ഡീൻ ഹെന്ഡേഴ്സന്, കീറോൺ ട്രിപ്പിയര്‍ തുടങ്ങിയ താരങ്ങളേയും ടീമിലെത്തിക്കാന്‍ ശ്രമം നടത്തുന്നുണ്ട്. ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ കൂടുതല്‍ താരങ്ങളെ ടീമിലെത്തിച്ച് ക്ലബിനെ തരംതാഴ്ത്തലിൽ നിന്ന് രക്ഷിക്കുകയാണ് പുതിയ പരിശീലകന്റെയും, ന്യൂകാസില്‍ മാനേജ്മെന്റിന് മുന്നിലുള്ള ആദ്യ കടമ്പ.