സെൽറ്റാ വിഗോക്കെതിരായ മത്സരത്തിനിടെ ബാഴ്സയിലെ സഹ താരങ്ങളോട് പൊട്ടിത്തെറിച്ചെന്ന റിപ്പോർട്ടുകൾ നിഷേധിച്ച് കുട്ടീഞ്ഞോ

സെൽറ്റാ വിഗോക്കെതിരെ നടന്ന ലാലീഗ മത്സരത്തിനിടെ ബാഴ്സലോണയിലെ തന്റെ ചില സഹതാരങ്ങളോട് ഫിലിപ്പ് കുട്ടീഞ്ഞോ പൊട്ടിത്തെറിച്ചെന്നും അതിനാലാണ് അദ്ദേഹത്തിന് മത്സരത്തിലുടനീളം ബെഞ്ചിൽ തുടരേണ്ടി വന്നതെന്നും കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. മത്സരത്തിനിടെ വാമപ്പ് ചെയ്യാനുള്ള സെർജി റോബർട്ടോയുടെ നിർദ്ദേശം നിരസിച്ച കുട്ടീഞ്ഞോ ഇതുമായി ബന്ധപ്പെട്ട് ടീമിലെ ചില സീനിയർ താരങ്ങളുമായി കൊമ്പു കോർത്തെന്നായിരുന്നു പ്രശസ്ത സ്പോർട്സ് ജേണലിസ്റ്റായ ലയ ടുഡെൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഇപ്പോളിതാ ഈ റിപ്പോർട്ടുകളെ നിഷേധിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നു.
തന്റെ അച്ചടക്കമില്ലായ്മയെക്കുറിച്ചുള്ള വാർത്ത തന്നെ വളരെയധികം ആശ്ചര്യപ്പെടുത്തിയതായി ചൂണ്ടിക്കാട്ടിയ കുട്ടീഞ്ഞോ, കരിയറിൽ ഇതു വരെയും താൻ പ്രൊഫഷണലിസമില്ലായ്മ കാണിച്ചിട്ടില്ലെന്നും, എല്ലാവരേയും ബഹുമാനിക്കുന്നയാളാണ് താനെന്നും സ്പാനിഷ് മാധ്യമമായ എ എസിനോട് സംസാരിക്കവെ വ്യക്തമാക്കി.
"പ്രസിദ്ധീകരിക്കപ്പെട്ട വാർത്ത (ക്ലബ്ബിലെ താരങ്ങളോട് പൊട്ടിത്തെറിച്ചെന്ന) കണ്ടപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. കാരണം കരിയറിൽ ഒരിക്കലും എനിക്ക് പ്രൊഫഷണലിസം കൈമോശം വന്നിട്ടില്ല. ഞാനുണ്ടായിരുന്ന ഏത് ക്ലബ്ബിലും നിങ്ങൾക്ക് നോക്കാം, ഞാൻ എല്ലാവരേയും ബഹുമാനിച്ചിരുന്നു." കുട്ടീഞ്ഞോ പറഞ്ഞു നിർത്തി.
അതേ സമയം 2018 ൽ റെക്കോർഡ് തുകക്ക് വലിയ പ്രതീക്ഷകളോടെ ലിവർപൂളിൽ നിന്ന് ബാഴ്സലോണയിലെത്തിയ താരമാണ് ഫിലിപ് കുട്ടീഞ്ഞോ. എന്നാൽ ഇതു വരെ തന്റെ പ്രതിഭക്കൊത്ത പ്രകടനം കറ്റാലൻ ക്ലബ്ബിനായി പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. ബാഴ്സലോണക്കായി ഇതു വരെ 101 മത്സരങ്ങളിൽ കളിക്കാനിറങ്ങിയ കുട്ടീഞ്ഞോ 24 ഗോളുകളും, 14 അസിസ്റ്റുകളാണ് ക്ലബ്ബിനായി നേടിയത്. ഈ സീസണിൽ ക്ലബ്ബിനായി മൊത്തം 11 മത്സരങ്ങളിൽ ബൂട്ടുകെട്ടിയ ഈ ബ്രസീൽ താരം ഒരു ഗോളും സ്കോർ ചെയ്തിട്ടുണ്ട്.