Football in Malayalam

സ്റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറാൻ കുട്ടീന്യോ ഒരുങ്ങുന്നു

Sreejith N
FC Barcelona v Real Betis - La Liga Santander
FC Barcelona v Real Betis - La Liga Santander / Eric Alonso/GettyImages
facebooktwitterreddit

ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ ബാഴ്‌സലോണ വിടാൻ ബ്രസീലിയൻ താരമായ കുട്ടീന്യോ തീരുമാനം എടുത്തതായി റിപ്പോർട്ടുകൾ. 2022ൽ ഖത്തർ ലോകകപ്പ് നടക്കാനിരിക്കെ ദേശീയ ടീമിൽ സ്ഥാനം നേടാൻ വേണ്ടിയാണ് അവസരങ്ങൾ കുറഞ്ഞ ബാഴ്‌സലോണ വിടാൻ കുട്ടീന്യോ തയ്യാറെടുക്കുന്നത്. ബാഴ്‌സയെ സംബന്ധിച്ചും വളരെ ആശ്വാസകരമാണ് ഈ തീരുമാനം.

സ്‌പാനിഷ്‌ മാധ്യമമായ സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം മുൻ ലിവർപൂൾ നായകനായ സ്റ്റീവൻ ജെറാർഡ് പരിശീലകനായ ആസ്റ്റൺ വില്ലയിലേക്കാണ് കുട്ടീന്യോ ജനുവരിയിൽ ലോൺ കരാറിൽ ചേക്കേറുകയെന്നാണ് റിപ്പോർട്ടുകൾ. കുട്ടീന്യോ ലിവർപൂളിൽ കളിച്ചിരുന്ന സമയത്ത് ടീമിന്റെ നായകനായിരുന്ന ജെറാർഡുമായുള്ള ബന്ധമാണ് ആസ്റ്റൺ വില്ലയിലേക്ക് പോകാൻ താരത്തെ പ്രേരിപ്പിക്കുന്ന ഘടകം.

ആഴ്‌സണൽ അടക്കമുള്ള നിരവധി പ്രീമിയർ ലീഗ് ക്ലബുകൾക്ക് കുട്ടീന്യോയെ സ്വന്തമാക്കാൻ താൽപര്യമുണ്ടെങ്കിലും താരം ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറാൻ തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2013 മുതൽ 2018 വരെ പ്രീമിയർ ലീഗിൽ തിളങ്ങിയിട്ടുള്ള താരത്തെ ലോണിൽ ടീമിലെത്തിച്ച് പിന്നീട് സ്ഥിരം കരാറിൽ സ്വന്തമാക്കാനുള്ള നീക്കമാണ് ആസ്റ്റൺ വില്ല നടത്തുന്നത്.

പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചു പോക്ക് നഷ്ട്ടപ്പെട്ട തന്റെ കരിയർ വീണ്ടെടുക്കാൻ കുട്ടീന്യോക്ക് ലഭിക്കുന്ന അവസരമെങ്കിൽ ബാഴ്‌സലോണക്കും അത് ആശ്വാസമാണ്. കുട്ടീന്യോ ക്ലബ് വിട്ടാൽ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ടീമിലെത്തിച്ച ഫെറൻ ടോറസിനെ ടീമിനൊപ്പം രെജിസ്റ്റർ ചെയ്യാൻ അവർക്കു കഴിയും.

കുട്ടീന്യോയുടെ വേതനം എങ്ങിനെയാണ് നൽകേണ്ടത് എന്നതിനെ സംബന്ധിച്ചുള്ള തീരുമാനം എടുക്കുന്നതിനു വേണ്ടിയാണ് രണ്ടു ക്ലബുകളും ഇപ്പോൾ ചർച്ചകൾ നടത്തുന്നത്. ആസ്റ്റൺ വില്ല കൂടുതൽ തുക നൽകാൻ തയ്യാറായാൽ അത് ഫെറൻ ടോറസിനെ രജിസ്റ്റർ ചെയ്യാനുള്ള വഴി എളുപ്പമാക്കും.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit