Football in Malayalam

കളിക്കാനിറങ്ങിയില്ലെങ്കിൽ 3-0 ന് തോൽപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി; യുവേഫക്കെതിരെ ഗുരുതര ആരോപണവുമായി ഷ്മൈക്കൽ

Gokul Manthara
FBL-EURO-2020-2021-MATCH03-DEN-FIN
FBL-EURO-2020-2021-MATCH03-DEN-FIN / WOLFGANG RATTAY/Getty Images
facebooktwitterreddit

ക്രിസ്റ്റ്യൻ എറിക്സൻ ഗ്രൗണ്ടിൽ കുഴഞ്ഞു വീണതിന് പിന്നാലെ നിർത്തിവെച്ച മത്സരം പുനരാരംഭിക്കാൻ തയ്യാറായില്ലെങ്കിൽ ഡെന്മാർക്കിനെ 3-0 ന് തോൽപ്പിക്കുമെന്ന് യുവേഫ ഭീഷണിപ്പെടുത്തിയെന്നും അങ്ങനെയാണ് ഫിൻലൻഡിനെതിരെ ഡാനിഷ് താരങ്ങൾ കളിക്കാനിറങ്ങിയതെന്നും അവരുടെ മുൻ ഗോൾകീപ്പറായ പീറ്റർ ഷ്മൈക്കൽ. ഒരു ഘട്ടത്തിൽ സസ്പെൻഡ് ചെയ്ത ഈ മത്സരം പൂർത്തിയാക്കാൻ ഡെന്മാർക്ക് താരങ്ങൾ തയ്യാറായിരുന്നുവെന്നാണ് പിന്നീട് മത്സരം പുനരാരംഭിക്കാൻ തീരുമാനിച്ച സമയത്ത് യുവേഫ അറിയിച്ചത്‌. എന്നാൽ ഇക്കാര്യം പൂർണമായി തള്ളിക്കളഞ്ഞിരിക്കുകയാണ് നിലവിൽ ഡാനിഷ് ടീമിന്റെ ഗോൾകീപ്പറായ കാസ്പർ ഷ്മൈക്കലിന്റെ‌ പിതാവ് കൂടിയായ പീറ്റർ ഷ്മൈക്കൽ.

ഗ്രൗണ്ടിൽ കുഴഞ്ഞു വീണ തങ്ങളുടെ പ്രിയ സഹതാരത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷവും ഡെന്മാർക്ക് കളത്തിലിറങ്ങിയത് മറ്റ് വഴികളൊന്നുമില്ലാതിരുന്നതിനാലാണെന്ന് പറയുന്ന ഷ്മൈക്കൽ, മത്സരം പുനരാരംഭിക്കാൻ തയ്യാറായില്ലെങ്കിൽ പരാജയം ഏറ്റുവാങ്ങേണ്ടി വരുമെന്ന യുവേഫയുടെ ഭീഷണിക്ക് മുന്നിലാണ് ടീം കളിക്കാൻ നിർബന്ധിതരായെതെന്ന് ഗുഡ് മോണിംഗ് ബ്രിട്ടനോട് സംസാരിക്കവെയാണ് വ്യക്തമാക്കിയത്.

"എറിക്സന്റെ ഉപദേശ പ്രകാരമാണ് ഡെന്മാർക്ക് താരങ്ങൾ കളിക്കാൻ തയ്യാറായതെന്നുള്ള യുവേഫയുടെ ഒരു ഔദ്യോഗിക പ്രസ്താവന ഇന്നലെ‌ കാണുകയുണ്ടായി. എന്നാൽ അത് ശരിയായിരുന്നില്ലെന്ന് എനിക്കറിയാം. മൂന്ന് ഓപ്ഷനുകളാണ് യുവേഫ മുന്നോട്ട് വെച്ചത്. ഒന്നാമത്തേത് ഉടൻ തന്നെ കളിക്കാനെത്തുകയും, ബാക്കിയുള്ള 50 മിനുറ്റുകൾ കളിക്കുകയെന്നതുമായിരുന്നു‌. രണ്ടാമത്തേത് പിറ്റേ ദിവസം ഉച്ചക്ക് 12 മണിക്ക് മത്സരത്തിന്റെ ശേഷിക്കുന്ന 50 മിനുറ്റുകൾ കളിക്കുകയെന്നതും, മൂന്നാമത്തേത് മത്സരം 3-0 ന് തോൽപ്പിക്കുമെന്നതുമായിരുന്നു. ഇനി നിങ്ങൾ പറയൂ. അത് കളികാരുടെ ആഗ്രഹമായിരുന്നോ? അവർക്ക് യഥാർത്ഥത്തിൽ മറ്റ് വഴികൾ എന്തെങ്കിലും ഉണ്ടായിരുന്നോ, എനിക്ക് അങ്ങനെ തോന്നുന്നില്ല." പീറ്റർ ഷ്മൈക്കൽ പറഞ്ഞു നിർത്തി.

അതേ സമയം ഫിൻലൻഡിനെതിരായ മത്സരത്തിന്റെ ആദ്യ പകുതിക്കിടെ കുഴഞ്ഞ് വീണ എറിക്സനെ ആശുപത്രിയിലേക്ക് കൊണ്ടു പോയതിനൊപ്പം മത്സരം സസ്പെൻഡ് ചെയ്യാനും ആദ്യം യുവേഫ തീരുമാനിച്ചിരുന്നു. എന്നാൽ ഇന്ത്യൻ സമയം രാത്രി‌ 12 മണിക്ക് കളി പുനരാരംഭിക്കുമെന്ന്‌ പിന്നീട് അവർ ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. ഇത്തരമൊരു മാനസികാവസ്ഥയിൽ ഡെന്മാർക്ക് താരങ്ങൾ കളിക്കാൻ ഇറങ്ങിയതാവട്ടെ ഫുട്ബോൾ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തുകയും ചെയ്തു.

കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സംസാരിക്കവെ ഡെന്മാർക്ക് പരിശീലകൻ ഹിൽമൻഡും എറിക്സൻ ആശുപത്രിയിലേക്ക് പോയതിന് പിന്നാലെ തങ്ങൾക്ക് കളിക്കാനിറങ്ങേണ്ടി വന്നതിലുള്ള നിരാശ പ്രകടിപ്പിച്ചിരുന്നു. ഇപ്പോൾ കാസ്പർ ഷ്മൈക്കലും ഇത്തരത്തിലൊരു അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയതോടെ ഫിൻലൻഡ്-ഡെന്മാർക്ക് മത്സരം ധൃതി പിടിച്ച് പൂർത്തിയാക്കിയത് യുവേഫയുടെ നിർബന്ധം കൊണ്ടു തന്നെയാണെന്ന സൂചനകൾ ശക്തമായിരിക്കുകയാണ്‌.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit