ഈ 2 പേരിലൊരാളെ സ്വന്തമാക്കാനായാൽ പ്രീമിയർ ലീഗ് നേടാൻ കെൽപ്പുള്ള ടീമായി മാഞ്ചസ്റ്റർ യുണൈറ്റഡ് മാറുമെന്ന് ക്രൗച്ച്

ഈ സീസണിൽ പ്രീമിയർ ലീഗ് കിരീടം നേടാനുള്ള കെൽപ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിനില്ലെന്നും എന്നാൽ വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഡെക്ലൻ റൈസിനേയോ, ലീഡ്സ് യുണൈറ്റഡിന്റെ കാൽവിൻ ഫിലിപ്സിനെയോ ടീമിലേക്ക് കൊണ്ടു വരാനായാൽ ലീഗ് നേടാൻ കഴിവുള്ള ടീമായി അവർ മാറുമെന്നും മുൻ ഇംഗ്ലീഷ് താരം പീറ്റർ ക്രൗച്ച്. ധാരാളം മികച്ച കളികാർ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ക്വാഡിലുണ്ടെന്ന് അഭിപ്രായപ്പെടുന്ന ക്രൗച്ച്, ലോകത്തിലെ ഏറ്റവും മികച്ച കളികാരനും (ക്രിസ്റ്റ്യാനോ റൊണാൾഡോ) അവർക്കൊപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഇങ്ങനെയൊക്കെയാണെങ്കിലും കിരീടപ്പോരാട്ടത്തിൽ മറ്റുള്ള ടീമുകളെ സ്ഥിരമായി വെല്ലുവിളിക്കാനുള്ള മികവ് അവർക്കില്ലെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.
പരിശീലകനായ ഒലെ ഗണ്ണർ സോൾഷ്യർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏറെ മെച്ചപ്പെടുത്തിയെന്ന് അഭിപ്രായപ്പെടുന്ന ക്രൗച്ച്, യുണൈറ്റഡ് താരങ്ങൾ ഇപ്പോൾ കൂടുതൽ ആസ്വദിക്കുന്നത് പോലെ കാണപ്പെടുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.
Declan Rice was one of the names he mentioned #mufc https://t.co/Fx2uICyqwK
— Man United News (@ManUtdMEN) October 4, 2021
മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരു മികച്ച മധ്യനിര താരത്തെ ആവശ്യമുണ്ടെന്ന് ക്രൗച്ച് പറയുന്നു. ഈ സ്ഥാനത്തേക്ക് ഡെക്ലാൻ റൈസിനേയോ, കാൽവിൻ ഫിലിപ്സിനെയോ അവർ കൊണ്ടു വരണമെന്നാണ് അദ്ദേഹം നിർദ്ദേശിക്കുന്നത്. ഈ ഒരു പുതിയ സൈനിംഗിന് വേണ്ടി ടീം വലിയ തുക ചിലവഴിക്കണമെന്നും അതിലൊരാൾ എത്തുന്നതോടെ ലീഗിലെ ഏറ്റവും ശക്തമായ ടീമായി അവർ മാറുമെന്നും മെയിൽ സ്പോർടിനോട് സംസാരിക്കവെ അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേ സമയം 2021-22 സീസണിൽ മോശമല്ലാത്ത ഫോമിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചു കൊണ്ടിരിക്കുന്നത്. പ്രീമിയർ ലീഗിൽ ഇക്കുറി 7 റൗണ്ട് മത്സരങ്ങൾ കഴിഞ്ഞപ്പോൾ 4 വിജയങ്ങളും, 2 സമനിലകളും സമ്മാനിച്ച 14 പോയിന്റുകളുമായി, പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് അവർ. ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ഇതു വരെ കളിച്ച രണ്ട് മത്സരങ്ങളിൽ ഒരു വിജയവും ഒരു പരാജയവുമാണ് ടീമിന്റെ സമ്പാദ്യം.