Football in Malayalam

പോഗ്ബ ഈ സമ്മറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന സൂചനകൾ നൽകി താരത്തിന്റെ പേഴ്‌സണൽ ട്രെയിനർ

Sreejith N
Personal Trainer Reveals Pogba Will Leave Man Utd
Personal Trainer Reveals Pogba Will Leave Man Utd / Matthew Ashton - AMA/GettyImages
facebooktwitterreddit

ഈ സീസണു ശേഷം പോൾ പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിടുമെന്ന സൂചനകൾ നൽകി താരത്തിന്റെ പേഴ്‌സണൽ ട്രെയ്‌നറായ കോച്ച് മാഡി. ഇരുപത്തിയെട്ടുകാരനായ ഫ്രഞ്ച് താരത്തിന്റെ കരാർ ഈ സീസണു ശേഷം അവസാനിച്ച് ഫ്രീ ഏജന്റായി മാറാനൊരുങ്ങി നിൽക്കെയാണ് നിർണായകമായ വെളിപ്പെടുത്തൽ മാഡി നടത്തിയത്.

പോഗ്ബയുമായി കരാർ പുതുക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമം നടത്തുന്നുണ്ടെങ്കിലും അതിനോട് ഇതുവരെയും അനുകൂലമായി പ്രതികരിക്കാൻ താരം തയ്യാറായിട്ടില്ല. യുവന്റസിന്റെ മുൻ താരത്തിനായി പിഎസ്‌ജി സജീവമായ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ടുകളും ഇതിനിടയിൽ ഉയരുന്നതിനിടെയാണ് കാൽസിയോമെർകാടോയോട് മാഡിയുടെ പ്രതികരണം.

"പോഗ്ബ മറ്റെവിടെയെങ്കിലും നോക്കുന്നത് നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ നിലനിർത്താൻ ശ്രമം നടത്തുന്നുണ്ടെങ്കിലും ഏറ്റവും വിവേകമുള്ള തീരുമാനം പിരിയുന്നതാണെന്നാണ് ഞാൻ കരുതുന്നത്. മാറ്റങ്ങൾക്കും പുതിയ വെല്ലുവിളികൾക്കും വികാരങ്ങൾക്കും അന്തരീക്ഷത്തിനും പോഗ്ബക്കും മാഞ്ചസ്റ്റർ യുണൈറ്റഡിനും സമയമായി. ചിലപ്പോൾ അതിലവർ രണ്ടു പേരും സന്തോഷം കണ്ടെത്തും."

"ഇപ്പോൾ താരം ആസ്വദിച്ചു കൊണ്ടിരിക്കയാണെന്നാണ് ഞാൻ കരുതുന്നത്. അവർക്കൊരു മികച്ച ടീമുണ്ട്. പ്രത്യേകിച്ചും റൊണാൾഡോ തിരിച്ചു വരാൻ തീരുമാനമെടുത്തതിനു ശേഷം. റിസൾട്ടുകൾ വരുന്നില്ലെന്നതാണ് പ്രശ്‌നം. ചെറിയ മത്സരങ്ങളിൽ കളിച്ച് സമയം പാഴാക്കുകയല്ല ഒരു വമ്പൻ താരം ചെയ്യേണ്ടത്, മറിച്ച് വമ്പൻ കിരീടങ്ങൾ നേടാനുള്ള പ്രചോദനം നേടുകയാണു വേണ്ടത്." മാഡി വ്യക്തമാക്കി.

പിഎസ്‌ജിയിലേക്കും മുൻ ക്ലബായ യുവന്റസിലേക്കും താരം ചേക്കേറാൻ സാധ്യതയുണ്ടെന്നും മാഡി പറഞ്ഞു. അതേസമയം റയൽ മാഡ്രിഡിലേക്ക് പോഗ്ബ എത്താനുള്ള സാധ്യത ഇല്ലെന്നാണ് മാഡി പറയുന്നത്. സിദാൻ ലോസ് ബ്ലാങ്കോസിനൊപ്പം ഇല്ലെന്നതാണ് അതിനു കാരണമായി മാഡി പറയുന്നത്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit