എംബാപ്പെ റയൽ മാഡ്രിഡിലെത്തില്ലെന്ന് ക്ലബിലെ താരങ്ങളെ അറിയിച്ച് ഫ്ലോറന്റീനോ പെരസ്


ഏറെ നാളുകളായി ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയമായി നിന്നിരുന്ന കിലിയൻ എംബാപ്പയുടെ ട്രാൻസ്ഫർ സംബന്ധിച്ച തീരുമാനം അടുത്തു തന്നെ പുറത്തു വരുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. റയൽ മാഡ്രിഡും പിഎസ്ജിയും നൽകിയ ഓഫർ ഏറെക്കുറെ ഒരുപോലെയാണെന്നും ഇനി തീരുമാനം എടുക്കേണ്ടത് എംബാപ്പെ തന്നെയാണെന്നും കഴിഞ്ഞ ദിവസം താരത്തിന്റെ മാതാവ് വെളിപ്പെടുത്തിയിരുന്നു.
റയലിലാണോ പിഎസ്ജിയിലാണോ അടുത്ത സീസണിൽ കളിക്കുകയെന്ന കാര്യം താരം തന്നെ വരും ദിവസങ്ങളിൽ അറിയിക്കുമെന്നിരിക്കെ എംബാപ്പെ ക്ലബിൽ എത്തുമെന്ന കാര്യത്തിൽ റയൽ മാഡ്രിഡിന്റെ പ്രതീക്ഷകൾ പൂർണമായും അവസാനിച്ചുവെന്നാണ് നിലവിലെ റിപ്പോർട്ടുകൾ. ഫ്രഞ്ച് താരം പിഎസ്ജി മുന്നോട്ടു വെച്ച കരാർ അംഗീകരിച്ചുവെന്നു തന്നെയാണ് ഈ റിപ്പോർട്ടുകളും നൽകുന്ന സൂചനകൾ.
Real Madrid chief Florentino Perez 'tells players in dressing room that Kylian Mbappe will not be joining the club' https://t.co/nIFna2hcB2
— MailOnline Sport (@MailSport) May 21, 2022
സ്പാനിഷ് ഫുട്ബോൾ എക്സ്പെർട്ടായ ഗുല്ലം ബാലഗ്യൂവിന്റെ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പെ റയൽ മാഡ്രിഡിലേക്ക് എത്തില്ലെന്ന് ക്ലബിന്റെ പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ് നിലവിലെ സ്ക്വാഡിനെ അറിയിച്ചു കഴിഞ്ഞിട്ടുണ്ട്. റയൽ ബെറ്റിസിനെതിരെ ഇന്നലെ നടന്ന മത്സരത്തിനു ശേഷമാണ് പെരസ് ഇക്കാര്യം അറിയിച്ചതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അദ്ദേഹത്തിന്റെ തന്നെ റിപ്പോർട്ടുകൾ പ്രകാരം എംബാപ്പക്കു വേണ്ടി 150 മില്യൺ യൂറോ സൈനിങ് ഫീസായി മാത്രം റയൽ മാഡ്രിഡും പിഎസ്ജിയും ഓഫർ നൽകിയിരുന്നു. ശമ്പളത്തിനും ബോണസിനും പുറമെയാണ് ഈ തുക രണ്ടു ക്ലബുകളും വാഗ്ദാനം ചെയ്തത്. എന്നാൽ പിഎസ്ജി നാല് മില്യൺ പൗണ്ട് മാസത്തിൽ വേതനമായും സ്പോർട്ടിങ് പ്രൊജക്റ്റിന്റെ നിയന്ത്രണവും നൽകിയതാണ് എംബാപ്പയുടെ മനസു മാറ്റിയതെന്ന് എൽ ചിരിങ്കുയിറ്റൊ വെളിപ്പെടുത്തുന്നു.
തന്റെ ഭാവിയെ സംബന്ധിച്ചുള്ള തീരുമാനം എംബാപ്പെ ഞായറാഴ്ച വെളിപ്പെടുത്തുമെന്നാണ് നിലവിലെ സൂചനകൾ. താരം പിഎസ്ജിയിൽ തുടരാനാണ് തീരുമാനം എടുക്കുന്നതെങ്കിൽ റയൽ മാഡ്രിഡിനെ സംബന്ധിച്ച് കനത്ത തിരിച്ചടിയാണത്. യൂറോപ്യൻ ഫുട്ബോളിൽ പണത്തിനു മീതെ മറ്റൊന്നും പറക്കില്ലെന്നതിന്റെ സൂചനകൾ കൂടിയാണ് ഇതു നൽകുന്നത്.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.