എംബാപ്പയെ മറന്നു കഴിഞ്ഞു, റയൽ മാഡ്രിഡിന്റെ വിജയം അർഹിക്കുന്നതെന്ന് ഫ്ലോറന്റീനോ പെരസ്

Perez Says Real Madrid Already Forgotten Mbappe
Perez Says Real Madrid Already Forgotten Mbappe / Soccrates Images/GettyImages
facebooktwitterreddit

യുവേഫ ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെ കീഴടക്കി റയൽ മാഡ്രിഡ് വിജയം നേടിയതിനു പിന്നാലെ എംബാപ്പെ ക്ലബ്ബിനെ തഴഞ്ഞ വിഷയത്തിൽ പ്രതികരിച്ച് ഫ്ലോറന്റീനോ പെരസ്. എംബാപ്പയെ ഇന്ന് മറന്നു കഴിഞ്ഞുവെന്നു പറഞ്ഞ പെരസ് റയൽ മാഡ്രിഡ് ടീമിന്റെ ഭാവിയിൽ വളരെയധികം പ്രതീക്ഷയുണ്ടെന്നും വ്യക്തമാക്കി.

റയൽ മാഡ്രിഡിലേക്ക് ചേക്കേറുമെന്ന് ഉറപ്പിച്ചിരുന്ന സമയത്താണ് എംബാപ്പെ അതു വേണ്ടെന്നു വെച്ച് പിഎസ്‌ജി കരാർ പുതുക്കിയത്. റയൽ മാഡ്രിഡിനെ സംബന്ധിച്ച് അതൊരു നിരാശയായിരുന്നു എങ്കിലും ചാമ്പ്യൻസ് ലീഗ് വിജയത്തോടെ അതു മാറ്റിയെടുക്കാൻ അവർക്കു കഴിഞ്ഞു.

"ഞാൻ വളരെ ശാന്തനും സന്തോഷവാനുമാണ്. നമ്മൾ സീസൺ മുഴുവൻ ഈ സാഹചര്യത്തിനു വേണ്ടി കഠിനമായി അധ്വാനിച്ചു. റയൽ മാഡ്രിഡ് ഇനിയും മികച്ച താരങ്ങൾക്കു വേണ്ടി മുന്നോട്ടു പോകും. എന്നാലിന്ന് എംബാപ്പെ മറക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. ഒന്നും സംഭവിച്ചിട്ടില്ല, റയൽ മാഡ്രിഡ് മികച്ചൊരു സീസൺ പൂർത്തിയാക്കി, അതു മറന്ന വിഷയവുമാണ്. ഇനി റയൽ മാഡ്രിഡിന്റെ ആഘോഷമാണുള്ളത്." പെരസ് മൂവീ സ്റ്റാറിനോട് പറഞ്ഞു.

"ടീം മികച്ചൊരു സീസണാണ് പൂർത്തിയാക്കിയത്. ഞങ്ങൾ എല്ലാ മികച്ച ടീമുകൾക്കും എതിരെ കളിച്ചു, അവരെ ഓരോന്നായി മറികടക്കുകയും ചെയ്‌തു. അത് അർഹിച്ച ചാമ്പ്യൻസ് ലീഗ് തന്നെയായിരുന്നു, അത് കളിക്കാരുടെയും പരിശീലകന്റെയും ആരാധകരുടെയും ഫലമാണ്. ആരാധകർ ഈ താരങ്ങളെ സഹായിച്ചു." പെരസ് വ്യക്തമാക്കി.

മത്സരത്തിൽ അവിസ്‌മരണീയ പ്രകടനം നടത്തിയ ഗോൾകീപ്പർ തിബോ ക്വാർട്ടുവയെ പെരസ് പ്രത്യേകം പ്രശംസിച്ചു. ബെൽജിയൻ താരം ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്നും ഒരു മാഡ്രിഡിസ്റ്റ ആയതിനാലാണ് താരത്തെ ടീം സ്വന്തമാക്കിയതെന്നും പറഞ്ഞ പെരസ് മറ്റു ടീമുകളിൽ നിന്നും റയലിനുള്ള വ്യത്യാസം എല്ലാ റയൽ മാഡ്രിഡ് കളിക്കാരും മാഡ്രിഡിസ്റ്റകളാണ് എന്നും വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.