200 മില്യൺ ഓഫർ ചെയ്തിട്ടും കളിക്കാരനെ വിട്ടു നൽകിയില്ല, പിഎസ്ജിയെ വിമർശിച്ച് പെരസ്


പിഎസ്ജിയുമായുള്ള കരാർ ഈ സീസൺ കഴിയുന്നതോടെ അവസാനിക്കുന്ന കെയ്ലിയൻ എംബാപ്പയെ സ്വന്തമാക്കാൻ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ റയൽ മാഡ്രിഡ് ശ്രമം നടത്തിയെന്നും താരത്തിനായി 200 മില്യൺ യൂറോ ഓഫർ ചെയ്തുവെന്നും സ്ഥിരീകരിച്ച് ക്ലബ് പ്രസിഡന്റായ ഫ്ലോറന്റീനോ പെരസ്. എന്നാൽ റയൽ നൽകിയ ഓഫർ യാതൊരു തരത്തിലും പരിഗണിക്കാതെ പിഎസ്ജി തള്ളിക്കളയുകയായിരുന്നു.
റയൽ മാഡ്രിഡ് എംബാപ്പക്കു വേണ്ടി നൽകിയ ഓഫറുകളെപ്പറ്റി നേരത്തെ തന്നെ പലവിധ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്രയും വലിയ തുക ഫ്രഞ്ച് താരത്തിനു വേണ്ടി ഓഫർ ചെയ്തുവെന്നു തന്നെയാണ് പെരസ് വ്യക്തമാക്കുന്നത്. കരാർ അവസാനിക്കാൻ ഒരു വർഷം മാത്രം ബാക്കി നിൽക്കെ ഇത്രയും വലിയൊരു തുക ഓഫർ ചെയ്തിട്ടും താരത്തെ വിട്ടു നൽകാൻ തയ്യാറാവാത്ത പിഎസ്ജിക്കെതിരെ പെരസ് വിമർശനവും നടത്തി.
Real Madrid president Florentino Perez: “The state owned clubs don’t sell their players. It’s a madness. Now we offer €200 million for a single player and they don't sell him. When players finish their contract it's better”, he said to @Ramon_AlvarezMM. ⚪️?? #Real #Mbappé pic.twitter.com/fKutOMVxXI
— Fabrizio Romano (@FabrizioRomano) November 16, 2021
"ഞങ്ങൾക്ക് കോൺട്രാക്റ്റുകൾ കൃത്യമായി നടപ്പിലാക്കണം, അതിനൊപ്പം ഞങ്ങൾ മികച്ച കളിക്കാരെ ടീമിലെത്തിക്കാനും ശ്രമിക്കുന്നു. എന്നാൽ അവർക്കു വേണ്ടി പണം മുടക്കാൻ നിങ്ങൾ തയ്യാറാകണം. ഇപ്പോൾ നിങ്ങൾ 200 മില്യൺ നൽകിയാലും അവർ താരത്തെ നൽകില്ല." പെരസ് പറഞ്ഞത് മാർക്ക വെളിപ്പെടുത്തി.
"അവർ കോണ്ട്രാക്റ്റ് അവസാനിപ്പിച്ചാൽ അതു വളരെ നല്ലതാണ്. എന്നാലിപ്പോൾ സ്റ്റേറ്റ് ഉടസ്ഥതയിലുള്ള ക്ലബുകൾക്കുള്ള ബുദ്ധിശൂന്യതയാണ് അവർ താരങ്ങളെ വിൽക്കില്ലെന്നത്. ഞാൻ പോരാടുന്നത് മാനെജ്മെന്റാണ് പ്രധാനം, അവർ പുറത്തു നിന്നും നൽകുന്ന പണമല്ല എന്നതു കൊണ്ടാണ്. യൂറോപ്പിലെ 30 ക്ലബുകൾ രാജ്യങ്ങളുടെ ഉടമസ്ഥതയിലാകുന്ന സമയം വരും. എന്നാൽ അത് യൂറോപ്യൻ സമൂഹത്തിന്റെ തത്വത്തിനു യോജിച്ചതല്ല." അദ്ദേഹം വ്യക്തമാക്കി.
ഈ സീസൺ കഴിയുന്നതോടെ എംബാപ്പയുടെ കരാർ അവസാനിച്ചാൽ റയൽ മാഡ്രിഡ് തന്നെയാവും താരത്തെ സ്വന്തമാക്കുക. ജനുവരിയിൽ തന്നെ താരവുമായി ട്രാൻസ്ഫർ ചർച്ചകൾ നടത്താനും അവർക്കു കഴിയും. അതേസമയം താരം പിഎസ്ജിയുമായി കരാർ പുതുക്കിയാൽ പെരസ് എങ്ങിനെ പ്രതികരിക്കുമെന്നും കണ്ടറിയേണ്ടതാണ്.