Football in Malayalam

ഡയസിനു പിന്നാലെ പെപ്പെയും പുറത്ത്, ലോകകപ്പ് യോഗ്യത പ്ലേ ഓഫിനു തയ്യാറെടുക്കുന്ന പോർചുഗലിനു കനത്ത തിരിച്ചടി

Sreejith N
Pepe Off Portugal Squad For World Cup Play Off
Pepe Off Portugal Squad For World Cup Play Off / Gualter Fatia/GettyImages
facebooktwitterreddit

ഈ വർഷം ഖത്തറിൽ വെച്ചു നടക്കുന്ന ലോകകപ്പിനു യോഗ്യത നേടാനുള്ള പ്ലേ ഓഫ് മത്സരങ്ങൾക്കു തയ്യാറെടുക്കുന്ന പോർച്ചുഗൽ ടീമിനു കനത്ത തിരിച്ചടിയായി പ്രതിരോധതാരം പെപ്പെയും പുറത്ത്. നേരത്തെ റൂബൻ ഡയസ് ഒഴിവാക്കപ്പെട്ടതിനു പിന്നാലെ പെപ്പെയും പുറത്തായതോടെ ടീമിലെ രണ്ടു പ്രധാന പ്രതിരോധതാരങ്ങളും ഇല്ലാതെ കളിക്കേണ്ട സാഹചര്യമാണ് പോർച്ചുഗലിന് വന്നു ചേർന്നിരിക്കുന്നത്.

പരിക്കു മൂലം സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോൾ തന്നെ റൂബൻ ഡയസ് ഒഴിവാക്കപ്പെട്ടപ്പോൾ പെപ്പെ സ്‌ക്വാഡിൽ ഇടം നേടിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം കോവിഡ് പോസിറ്റിവാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് പെപ്പെ മത്സരം നടക്കാൻ ഏതാനും ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ടീമിൽ നിന്നും പുറത്തു പോകേണ്ടി വന്നത്.

"പെപ്പെക്ക് കോവിഡ് പോസിറ്റിവ് ആണെന്നു കണ്ടെത്തിയതിനെ തുടർന്ന് താരം ഐസലേഷനിലേക്ക് പോവുകയാണ്. ദേശീയ ടീം പരിശീലകനായ ഫെർണാണ്ടോ സാന്റോസ് ലില്ലെയുടെയും പോർച്ചുഗൽ U21 ടീമിലെയും പ്രതിരോധ താരമായ ടിയാഗോ ജാലോയെ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്." പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ ഔദ്യോഗിക പ്രസ്‌താവനയിൽ അറിയിച്ചു.

പെപ്പെയുടെ അഭാവത്തിൽ ആരാണ് ഫോണ്ടെക്കൊപ്പം പോർച്ചുഗീസ് പ്രതിരോധത്തിൽ ഇറങ്ങുകയെന്നു വ്യക്തമല്ല. മുപ്പത്തിയൊൻപതു വയസ്സായെങ്കിലും പോർച്ചുഗീസ് ടീമിലെ പ്രധാന താരമായ പെപ്പെ കളിക്കാതിരുന്ന അവസാന ഏഴു മത്സരങ്ങളിൽ മൂന്നെണ്ണത്തിലും പോർച്ചുഗൽ പോയിന്റ് നഷ്ടമാക്കിയിട്ടുണ്ട്. അതിനാൽ താരത്തിന്റെ അസാന്നിധ്യം ടീമിന് വലിയ വെല്ലുവിളിയാണ്.

ലോകകപ്പ് യോഗ്യത ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തു വന്നതിനെ തുടർന്നാണ് പോർച്ചുഗലിന് പ്ലേ ഓഫ് കളിക്കേണ്ടി വന്നത്. ആദ്യ മത്സരത്തിൽ തുർക്കിയെ നേരിടുന്ന അവർ അതിൽ വിജയിച്ചാൽ ഇറ്റലിയും നോർത്ത് മാസിഡോണിയയും തമ്മിലുള്ള മത്സരത്തിലെ ജേതാവിനെയും നേരിടണം. റൊണാൾഡോ, പെപ്പെ, ഫോണ്ടെ തുടങ്ങിയ താരങ്ങളുടെ അവസാന ലോകകപ്പാവും ഇതെന്നിരിക്കെ പോർച്ചുഗലിന് യോഗ്യത നേടേണ്ടത് അനിവാര്യമാണ്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit