FC Barcelona News

മെസിയെ സ്വന്തമാക്കി ബാഴ്‌സലോണയെ വേദനിപ്പിക്കാൻ ഗ്വാർഡിയോള ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നു പിതാവ്

Sreejith N
FC Barcelona v Manchester City FC - UEFA Champions League
FC Barcelona v Manchester City FC - UEFA Champions League / Matthew Ashton - AMA/Getty Images
facebooktwitterreddit

ലയണൽ മെസി താൻ പരിശീലിപ്പിക്കുന്ന ടീമിനൊപ്പം ഉണ്ടാകാൻ വളരെയധികം ആഗ്രഹിക്കുന്നുണ്ടാകാമെങ്കിലും ബാഴ്‌സലോണയെ വേദനിപ്പിച്ച് അർജന്റീനിയൻ താരത്തെ സ്വന്തമാക്കാൻ പെപ് ഗ്വാർഡിയോള ഒരിക്കലും ആഗ്രഹിക്കില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകന്റെ പിതാവ് വാലെന്റി ഗ്വാർഡിയോള. ഈ സീസണോടെ ബാഴ്‌സയുമായുള്ള കരാർ അവസാനിക്കാനിരിക്കുന്ന താരത്തെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാനുള്ള സാധ്യതകളെക്കുറിച്ച് മാധ്യമ പ്രവർത്തകനായ എമിലിയാണോ നുനിയയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

"മെസിയെ ആവശ്യമില്ലാത്ത ഒരു ക്ലബും ലോകത്തുണ്ടാവില്ല, പന്ത്രണ്ടു വയസു മുതൽ അദ്ദേഹത്തിന്റെ പ്രകടനം കണ്ടു ഞാൻ അത്ഭുതപ്പെട്ടിട്ടുണ്ട്. ആ സമയത്തു തന്നെ താരം അസാധാരണമായ തരത്തിലായിരുന്നു. ഗ്വാർഡിയോളക്ക് താരത്തെ സ്വന്തമാക്കാൻ ഇഷ്ടക്കുറവൊന്നും ഉണ്ടാകില്ല. മെസിയെ ലോകത്തിലെ ഏറ്റവും മികച്ച താരമായാണ് ഗ്വാർഡിയോള കാണുന്നത്. എന്നാൽ ബാഴ്‌സലോണ താരമായ മെസിയെ സ്വന്തമാക്കി ക്ലബ്ബിനെ ഒരിക്കലും പെപ് വേദനിപ്പിക്കില്ല." അദ്ദേഹം പറഞ്ഞു.

മരണം വരെ ബാഴ്‌സലോണയുടെ ആരാധകനാണെങ്കിലും തന്റെ മകൻ പരിശീലിപ്പിക്കുന്ന ക്ലബിനായിരിക്കും കൂടുതൽ മുൻ‌തൂക്കം നൽകുകയെന്നും വാലെന്റി വ്യക്തമാക്കി. "ഞാൻ ബാഴ്‌സലോണ ആരാധകനാണ്, എല്ലായിപ്പോഴും അവർ വിജയിക്കണമെന്നു തന്നെയാണ് ആഗ്രഹിക്കുന്നതും. എന്നാൽ അതിനു മുൻപ് പെപ്പിന്റെ വിജയമാണ് എനിക്ക് പ്രധാനം. എന്റെ മകനാണ് ആദ്യം, അതിനു ശേഷം ഞാൻ ബാഴ്‌സലോണയുടെ വിജയങ്ങളിൽ സന്തോഷിക്കും."

"പെപ് എടുക്കുന്ന തീരുമാനങ്ങളിൽ ഞാൻ സംതൃപ്തനാണ്. ബാഴ്‌സലോണയെ പരിശീലിപ്പിക്കാനോ, ആവശ്യമെങ്കിൽ റിട്ടയർ ചെയ്യാനോ ഗ്വാർഡിയോളക്ക് കഴിയും. ഈ പ്രായത്തിൽ ഞാൻ അദ്ദേഹത്തെ ഒന്നും പഠിപ്പിക്കേണ്ടതുണ്ടെന്നു തോന്നുന്നില്ല. പെപ് ചെയ്യുന്നതെല്ലാം എനിക്ക് സന്തോഷം നൽകുന്ന കാര്യങ്ങളാണ്." വാലെന്റി ഗ്വാർഡിയോള വ്യക്തമാക്കി.

facebooktwitterreddit