ബാഴ്സലോണ പരിശീലകനായി സ്ഥാനമേറ്റെടുത്ത സാവി തന്റെ പിൻഗാമിയാകേണ്ടതില്ലെന്ന് പെപ് ഗ്വാർഡിയോള


ബാഴ്സലോണയുടെ പുതിയ പരിശീലകനായി സ്ഥാനമേറ്റെടുത്ത സാവി ഹെർണാണ്ടസ് തന്റെ പിൻഗാമിയാകേണ്ട കാര്യമില്ലെന്ന് ക്ലബിന്റെ മുൻ പരിശീലകനും നിലവിൽ മാഞ്ചസ്റ്റർ സിറ്റി മാനേജരുമായ പെപ് ഗ്വാർഡിയോള. തന്നെയും സാവിയെയും കുറിച്ചുള്ള താരതമ്യങ്ങളിൽ താൽപര്യം കാണിക്കാതിരുന്ന ഗ്വാർഡിയോള സാവി അയാൾ തന്നെയായി തുടരണമെന്നും അഭിപ്രായപ്പെട്ടു.
"ഞാൻ ആരുടേയും പിൻഗാമിയായിരുന്നില്ല, സാവി എന്റെ പിൻഗാമിയാകേണ്ട കാര്യവുമില്ല. യോൻ ലപോർട്ടയും ക്ലബിന്റെ ബോർഡും സാവിയെ തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ അതിൽ ദശലക്ഷക്കണക്കിനു ഗുണങ്ങളും കുറച്ച് ദോഷങ്ങളുമുണ്ടാവും." മുൻ ബാഴ്സ സഹപരിശീലകൻ യുവാൻ കാർലോസ് ഉൻസൂവിനു വേണ്ടി നടത്തിയ ഒരു ചാരിറ്റി ഗോൾഫ് ടൂർണ്ണമെന്റിനിടെ പെപ് ഗ്വാർഡിയോള പറഞ്ഞു.
He's confident his former player will succeed. https://t.co/NmgmaR5kCj
— MARCA in English (@MARCAinENGLISH) November 8, 2021
"അദ്ദേഹത്തിനു ക്ലബ്ബിനെ അറിയാം, ഫുട്ബോൾ എങ്ങിനെ ആസ്വദിക്കുന്നു എന്നതും അദ്ദേഹത്തിന്റെ സമർപ്പണവും കാരണം അതൊരു പോസിറ്റിവ് എനർജി കൊണ്ടു വരും. അദ്ദേഹം ഇപ്പോഴും കാര്യങ്ങളുടെ പോസിറ്റിവ് വശം കാണുന്നു. തന്റെ നിലവാരം, അർപ്പണബോധം, പരിശ്രമം എന്നിവയാൽ അവൻ ക്ലബിന്റെ സ്ഥിതി മെച്ചപ്പെടുത്തും എന്നെനിക്കുറപ്പുണ്ട്." ഗ്വാർഡിയോള വ്യക്തമാക്കി.
അതേസമയം ബാഴ്സലോണ പരിശീലകനായി അവതരിപ്പിക്കപ്പെട്ട സാവി പെപ് ഗ്വാർഡിയോളയെ വളരെയധികം പ്രശംസിച്ചു സംസാരിക്കുകയുണ്ടായി. തനിക്ക് ലഭിച്ചത് ഏറ്റവും മികച്ചൊരു അധ്യാപകനെ ആയിരുന്നുവെന്നും ഏതു മേഖലയിലും കഴിവു തെളിയിക്കാൻ കഴിയുമായിരുന്ന ആളായിരുന്നു പെപ് ഗ്വാർഡിയോളയെന്നും പറഞ്ഞ സാവി പൂർണതയിലാണ് അദ്ദേഹം വിശ്വസിക്കുന്നത് എന്നും കൂട്ടിച്ചേർത്തു.
മോശം ഫോമിലും സാമ്പത്തിക പ്രതിസന്ധിയിലും പതറി നീങ്ങുന്ന ബാഴ്സലോണയ്ക്ക് സാവിയുടെ വരവ് ഊർജ്ജം പകർന്നിട്ടുണ്ട്. അതു കളിക്കളത്തിലേക്കും പടർന്ന് ബാഴ്സലോണ തിരിച്ചു വരുമെന്നു തന്നെയാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.