Football in Malayalam

പ്രീമിയർ ലീഗിനെതിരെ താരങ്ങൾ മത്സരം നിർത്തിവെച്ച് സമരം നടത്താൻ ആഹ്വാനം ചെയ്‌ത്‌ പെപ് ഗ്വാർഡിയോള

Sreejith N
Manchester City v Club Brugge KV: Group A - UEFA Champions League
Manchester City v Club Brugge KV: Group A - UEFA Champions League / Clive Brunskill/GettyImages
facebooktwitterreddit

വളരെ കടുപ്പമേറിയ പ്രീമിയർ ലീഗിന്റെ തിരക്കു പിടിച്ച മത്സര ഷെഡ്യൂളിനെതിരെ താരങ്ങൾ സമരം നടത്തണമെന്ന ആഹ്വാനം നടത്തി മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. വിന്റർ സീസണിൽ നിരവധി മത്സരങ്ങൾ നടത്തുന്നതിനെതിരെ നേരത്തെ ലിവർപൂൾ പരിശീലകൻ യർഗൻ ക്ളോപ്പ് രംഗത്തു വന്നതിനു പുറമെയാണ് പെപ് ഗ്വാർഡിയോള പ്രതിഷേധത്തിന്റെ പുതിയ രൂപങ്ങളുയർത്താൻ ആഹ്വാനം ചെയ്‌തത്‌.

കളിക്കാരുടെ ക്ഷേമത്തെക്കാൾ പണത്തിനാണ് പ്രീമിയർ ലീഗ് പ്രാധാന്യം നൽകുന്നതെന്ന വിമർശനം നേരത്തെ തന്നെ ഉയർന്നു വന്നിരുന്നു. ഇംഗ്ലണ്ടിൽ കോവിഡ് വ്യാപനം വീണ്ടും ശക്തി പ്രാപിച്ചത് ഇതിനെ ശക്തമാക്കുകയും ചെയ്‌തു. ചില ടീമുകളുടെ മത്സരങ്ങൾ ഇതേത്തുടർന്ന് മാറ്റി വെക്കുകയും മറ്റു ടീമുകളോട് കളിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതിനെതിരെയാണ് ഗ്വാർഡിയോള രംഗത്തെത്തിയത്.

"കളിക്കാരും പരിശീലകരും ഒരു സമരം നടത്തുകയോ മറ്റു രീതിയിൽ എന്തെങ്കിലും ചെയ്യുകയോ വേണം. കാരണം വാക്കുകൾ കൊണ്ടു മാത്രം ഒന്നുമാവില്ല. ഇതിനു പരിഹാരം ഉണ്ടാകാൻ പോകുന്നില്ല. യുവേഫ, ഫിഫ, പ്രീമിയർ ലീഗ്, ബ്രോഡ്‌കാസ്റ്റേഴ്‌സ് എന്നിവർക്കെല്ലാം കളിക്കാരുടെ ക്ഷേമത്തെക്കാൾ ബിസിനസ് തന്നെയാണ് പ്രധാനം."

"ഇവിടെയെല്ലാവരും അവനവനു വേണ്ടി തീരുമാനങ്ങൾ എടുക്കണം. നമ്മൾ കളിക്കാരുടെ ക്ഷേമത്തെക്കുറിച്ചാണ് പറയുന്നത്. താരങ്ങളുടെ അസോസിയേഷൻ 'ഈ സാഹചര്യം മാറാതെ ഞങ്ങൾ ഇനി കളിക്കുന്നില്ല' എന്നു പറഞ്ഞാൽ ആളുകളുടെ ശ്രദ്ധ ഇതിനു ലഭിച്ചേക്കും." ഗ്വാർഡിയോള പറഞ്ഞത് ദി ടൈംസ് റിപ്പോർട്ടു ചെയ്‌തു.

ഗ്വാർഡിയോളയുടെ അതെ അഭിപ്രായം പ്രൊഫെഷണൽ ഫുട്ബോളെർസ് അസോസിയേഷന്റെ ചീഫായ മഹേറ്റേ മോളങ്ങോയും പ്രകടിപ്പിച്ചിരുന്നു. മത്സരങ്ങൾ കളിക്കുന്നില്ലെന്നു തീരുമാനിച്ച് പ്രതിഷേധിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കളിക്കാർ ഇതുപോലെയുള്ള കാര്യങ്ങളിൽ സംസാരിക്കാൻ തയ്യാറാവുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit