"അതു മാഞ്ചസ്റ്റർ സിറ്റി താരമായിരുന്നെങ്കിൽ ഉറപ്പായും ചുവപ്പു കാർഡ് നൽകിയേനെ"- വിമർശനവുമായി പെപ് ഗ്വാർഡിയോള

Sreejith N
Liverpool v Manchester City - Premier League
Liverpool v Manchester City - Premier League / Michael Regan/Getty Images
facebooktwitterreddit

ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ ലിവർപൂൾ താരം ജെയിംസ് മിൽനറിനു രണ്ടാം മഞ്ഞക്കാർഡ് നൽകാതിരുന്ന റഫറിയുടെ തീരുമാനത്തിനെതിരെ വിമർശനവുമായി പെപ് ഗ്വാർഡിയോള. ലിവർപൂളിനോടും മാഞ്ചസ്റ്റർ യുണൈറ്റഡിനോടും പല റഫറിമാർക്കും ആഭിമുഖ്യം ഉണ്ടെന്ന വിമർശനമാണ് പെപ് ഗ്വാർഡിയോളയുടെ വാക്കുകളിൽ തെളിയുന്നത്.

മത്സരത്തിൽ ബെർണാഡോ സിൽവക്ക് നേരെ ജെയിംസ് മിൽനർ നടത്തിയ ഫൗളിനാണ് റഫറി രണ്ടാം മഞ്ഞക്കാർഡ് ഒഴിവാക്കിയത്. അതിനെതിരെ സൈഡ്‌ലൈനിൽ നിന്നും രൂക്ഷമായ രീതിയിൽ പെപ് ഗ്വാർഡിയോള പ്രതികരിച്ചതിനെ തുടർന്ന് അദ്ദേഹത്തിനു മഞ്ഞക്കാർഡ് ലഭിക്കുകയും ചെയ്‌തു.

"അതൊരു മഞ്ഞക്കാർഡായിരുന്നു, അതു വ്യക്തമാണ്. ആൻഫീൽഡിലും ഓൾഡ് ട്രാഫോഡിലും ഇതേ സാഹചര്യത്തിൽ ഒരു സിറ്റി താരമായിരുന്നു എങ്കിൽ അയാളെ പുറത്താക്കുമെന്ന കാര്യം നൂറു ശതമാനം ഉറപ്പാണ്. വളരെ വ്യക്തമായും അതൊരു മഞ്ഞക്കാർഡ് തന്നെയാണ്." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പെപ് ഗ്വാർഡിയോള പറഞ്ഞു.

ആൻഫീൽഡിൽ മാഞ്ചസ്റ്റർ സിറ്റി നടത്തിയ പ്രകടനത്തെക്കുറിച്ച് പെപ്പിന്റെ പ്രതികരണം ഇങ്ങിനെയായിരുന്നു. "ഈ റിസൾട്ട് ഞങ്ങൾക്ക് മാറ്റാൻ കഴിയാത്തതാണ്. ഈ സ്റ്റേഡിയത്തിൽ, ഈ പരിശീലകനും കളിക്കാർക്കുമെതിരെ ഇതു വളരെ ബുദ്ധിമുട്ടേറിയ കാര്യമാണ്. ഞാൻ ക്ളോപ്പിന്റെ ഒരു ആരാധകനാണ്, എല്ലാ സമയത്തും അവരൊരു വലിയ വെല്ലുവിളിയാണ്."

"കഴിഞ്ഞ മൂന്നു മത്സരങ്ങളിൽ ഞങ്ങൾ വലിയൊരു ടീമാണെന്ന് തെളിയിച്ചു. മത്സരങ്ങൾ തോറ്റാലും ചില ടീം മികച്ച ടീമുകൾ തന്നെയായിരിക്കും. പാരീസിലും ഇന്നും ഞങ്ങൾ നടത്തിയ പ്രകടനം,ഇന്നു പക്ഷെ ഞങ്ങൾ തോറ്റില്ല, വളരെ മികച്ചതായിരുന്നു. ഇന്റർനാഷണൽ മത്സരങ്ങൾക്കു ശേഷം ടീമിലെ താരങ്ങൾ സുരക്ഷിതമായി തിരിച്ചു വരുമെന്നു ഞാൻ കരുതുന്നു." ഗ്വാർഡിയോള പറഞ്ഞു.

സാഡിയോ മാനെ, മൊഹമ്മദ് സലാ എന്നിവരിലൂടെ രണ്ടു തവണ മുന്നിലെത്തിയതിനു ശേഷമാണ് ലിവർപൂൾ മത്സരത്തിൽ സമനില വഴങ്ങിയത്. അതേസമയം സിറ്റിക്കു വേണ്ടി ഫിൽ ഫോഡൻ, ഡി ബ്രൂയ്ൻ എന്നിവർ ലക്‌ഷ്യം കണ്ടു. ബേൺലിക്കെതിരെ ഒക്ടോബർ 16നാണു മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം.

facebooktwitterreddit