Football in Malayalam

മാഞ്ചസ്റ്റർ സിറ്റി താരങ്ങൾക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് മുന്നറിയിപ്പു നൽകി പെപ് ഗ്വാർഡിയോള

Sreejith N
UEFA Champions League"Club Brugge v Manchester City FC"
UEFA Champions League"Club Brugge v Manchester City FC" / ANP Sport/GettyImages
facebooktwitterreddit

പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടങ്ങളിൽ ഒന്നായ മാഞ്ചസ്റ്റർ ഡെർബിക്കു മുൻപേ ക്രിസ്റ്റ്യാനോ റൊണാൾഡോയെക്കുറിച്ച് തന്റെ കളിക്കാർക്കു മുന്നറിയിപ്പു നൽകി പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിലൊരാൾ കളിക്കുന്നുണ്ടെന്നും ഏതു സമയത്തും ഒരു ഗോൾ മെഷീനായി മാറാൻ അയാൾക്ക് കഴിയുമെന്നത് തങ്ങൾക്ക് ഭീഷണിയാണെന്നും പെപ് പറഞ്ഞു.

കണക്കുകൾ നോക്കുമ്പോൾ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കു തന്നെയാണ് മുൻതൂക്കമെങ്കിലും റൊണാൾഡോയുടെ സാന്നിധ്യം മാഞ്ചസ്റ്റർ യുണൈറ്റഡിനെ അപകടകാരികളാക്കുന്നുണ്ട്. കഴിഞ്ഞ മത്സരത്തിൽ അറ്റലാന്റക്കെതിരെ ഇരട്ടഗോളുകൾ നേടി താൻ ഏറ്റവും മികച്ച ഫോമിലാണെന്ന് തെളിയിക്കാനും താരത്തിനു കഴിഞ്ഞ സാഹചര്യത്തിലാണ് മത്സരം വളരെ കടുക്കുമെന്ന സൂചനകൾ ഗ്വാർഡിയോള നൽകിയത്.

"അറ്റലാന്റാക്കെതിരായ യുണൈറ്റഡിന്റെ മത്സരം ഞാൻ കണ്ടില്ല. അതു വിശകലനം ചെയ്‌തതിനു ശേഷം അവർ എന്താണെന്നും എത്രത്തോളം മികച്ചതാണെന്നും ഞാൻ മനസിലാക്കും. കഴിഞ്ഞ സീസണിൽ നമ്മളതു കണ്ടതാണ്. ഇപ്പോൾ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച താരം അവർക്കൊപ്പമുണ്ട്, ഒരു സ്കോറിങ് മെഷീനായി മാറാൻ സാധ്യതയുള്ളയാൾ." ഗ്വാർഡിയോള പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് മത്സരത്തിനു ശേഷം മാഞ്ചസ്റ്റർ സിറ്റിക്ക് വെറും 48 മണിക്കൂർ മാത്രമേ അടുത്ത മത്സരത്തിനു തയ്യാറെടുക്കാനായി ലഭിച്ചുള്ളൂ എങ്കിലും അതിൽ പരാതി പറയാനൊന്നും പെപ് തയ്യാറായില്ല. ഷെഡ്യൂൾ കൃത്യമായി പാലിക്കപ്പെടേണ്ട ഒന്നാണെന്നും അടുത്ത ദിവസം കളിക്കാൻ ആവശ്യപ്പെട്ടാൽ അതിനു തങ്ങൾ തയ്യാറാവുക തന്നെ വേണമെന്ന് അദ്ദേഹം വ്യക്തമാക്കി.

ചാമ്പ്യൻസ് ലീഗ് ബ്രുഗെക്കെതിരെ നടന്ന കഴിഞ്ഞ മത്സരത്തിൽ ഒന്നിനെതിരെ നാല് ഗോളുകളുടെ വിജയം നേടിയാണ് മാഞ്ചസ്റ്റർ സിറ്റി ഡെർബിക്കായി തയ്യാറെടുക്കുന്നത്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റായോട് സമനില വഴങ്ങിയെങ്കിലും റൊണാൾഡോ തകർപ്പൻ പ്രകടനം പുറത്തെടുക്കുന്നത് അവർക്ക് പ്രതീക്ഷ നൽകുന്നു.

facebooktwitterreddit