Football in Malayalam

മാഞ്ചസ്റ്റർ സിറ്റിയുടെ ചിന്തകളിൽ മെസിയില്ല, താരം ബാഴ്‌സയിൽ തന്നെ തുടരുമെന്നു പ്രതീക്ഷിക്കുന്നുവെന്ന് ഗ്വാർഡിയോള

Sreejith N
Barcelona's Argentinian forward Lionel M
Barcelona's Argentinian forward Lionel M / JOSEP LAGO/Getty Images
facebooktwitterreddit

ബാഴ്‌സ വിടുന്ന മെസിയെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ് പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റിയുടെ ചിന്തകളിൽ ലയണൽ മെസി ഇപ്പോഴില്ലെന്നു വ്യക്തമാക്കിയ പെപ് ഗ്വാർഡിയോള ആസ്റ്റൺ വില്ലയിൽ നിന്നും കഴിഞ്ഞ ദിവസം ടീമിലെത്തിച്ച ജാക്ക് ഗ്രീലിഷിന് പത്താം നമ്പർ ജേഴ്‌സി കൈമാറിയ കാര്യവും സൂചിപ്പിച്ചു.

ലാലിഗ സാമ്പത്തിക നിയന്ത്രണങ്ങൾ മെസിക്കു പുതിയ കരാർ നൽകുന്നതിൽ തടസം സൃഷ്ടിക്കുന്നുവെന്നു വ്യക്തമാക്കിയാണ് താരം ക്ലബ് വിടുന്ന കാര്യം ബാഴ്‌സ സ്ഥിരീകരിച്ചത്. നിലവിലെ സാഹചര്യങ്ങളിൽ മെസിയെ സ്വന്തമാക്കാൻ കഴിയുന്ന യൂറോപ്പിലെ ചുരുക്കം ചില ക്ലബുകളിലൊന്നാണ് മാഞ്ചസ്റ്റർ സിറ്റി. കഴിഞ്ഞ സമ്മറിൽ ബാഴ്‌സയുമായി മെസിക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നപ്പോൾ മാഞ്ചസ്റ്റർ സിറ്റിയുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളും ശക്തമായിരുന്നു.

എന്നാൽ ഇന്നു പത്രസമ്മേളനത്തിൽ മെസിയുടെ ട്രാൻസ്‌ഫർ സാധ്യതകളുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ഗ്വാർഡിയോള മറുപടി നൽകിയത് ഇങ്ങിനെയായിരുന്നു. "ഞങ്ങൾ നാൽപതു മില്യൺ പൗണ്ട് ഗ്രീലിഷിനായി മുടക്കിക്കഴിഞ്ഞു. നൂറു മില്യൺ പൗണ്ട് ഞങ്ങൾ നൽകിയെങ്കിലും അതിൽ അറുപതു മില്യൺ മറ്റു ട്രാൻസ്ഫറുകളിൽ നിന്നും നേടിയതാണ്. താരം പത്താം നമ്പർ ജേഴ്‌സിയും അണിയും."

"ഗ്രീലീഷിന്റെ കാര്യത്തിൽ ഞങ്ങൾക്കു വളരെയധികം വിശ്വാസമുണ്ട്, അതുപോലെ തന്നെ മെസി ബാഴ്‌സയിൽ തുടരുമെന്നും വിശ്വസിക്കുന്നു. നിലവിൽ അതു ഞങ്ങളുടെ ചിന്തകളിൽ പോലുമില്ല. തീർച്ചയായും ഇല്ല."

"വളരെയധികം ആശ്ചര്യപ്പെടുത്തുന്ന വാർത്തയായിരുന്നു മെസിയുമായി ബന്ധപ്പെട്ടത്. അതിന്റെ കാരണങ്ങളെ കുറിച്ച് ലപോർട്ട വ്യക്തമാക്കുകയും ചെയ്‌തു. ബാഴ്‌സലോണയെ പിന്തുണക്കുന്ന വ്യക്തിയെന്ന നിലയിൽ മെസി ക്ലബിൽ തന്നെ അവസാനം വരെ തുടരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ കണ്ടതിൽ വെച്ചേറ്റവും മികച്ച താരത്തോട് എനിക്ക് നന്ദിയുണ്ട്." ഗ്വാർഡിയോള പറഞ്ഞു.

മെസിയെ സ്വന്തമാക്കാനുള്ള സാധ്യതകൾ തള്ളിക്കളഞ്ഞ ഗ്വാർഡിയോള ഹാരി കേനിൽ ക്ലബിനു താൽപര്യമുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്‌തു. വളരെ മികച്ച കഴിവുകളുള്ള താരത്തെ വിൽക്കാൻ ടോട്ടനത്തിനു താൽപര്യമില്ലെങ്കിൽ ട്രാൻസ്‌ഫർ ബുദ്ധിമുട്ടാവുമെങ്കിലും കേനിനായി സിറ്റി ശ്രമം നടത്തുമെന്നാണ് അദ്ദേഹം പറഞ്ഞത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit