Football in Malayalam

ഇംഗ്ലണ്ടിൽ മറ്റൊരു ടീമിനെ പരിശീലിപ്പിക്കില്ല, ലക്ഷ്യം ലോകകപ്പ്; ഭാവി പദ്ധതികൾ വെളിപ്പെടുത്തി പെപ് ഗ്വാർഡിയോള

Sreejith N
West Ham United v Manchester City - Carabao Cup Round of 16
West Ham United v Manchester City - Carabao Cup Round of 16 / Sebastian Frej/MB Media/GettyImages
facebooktwitterreddit

സീനിയർ ടീമിന്റെ പരിശീലകനായി ചുമതല ഏറ്റെടുത്ത ആദ്യത്തെ സീസണിൽ തന്നെ ബാഴ്‌സലോണക്ക് ട്രെബിൾ നേടിക്കൊടുത്ത പെപ് ഗ്വാർഡിയോളക്ക് പിന്നീടൊരിക്കലും തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ബാഴ്‌സലോണ, ബയേൺ മ്യൂണിക്ക് മാഞ്ചസ്റ്റർ സിറ്റി എന്നിങ്ങനെ മൂന്നു ക്ലബുകളിൽ പരിശീലകസ്ഥാനം അലങ്കരിച്ചിട്ടുള്ള അദ്ദേഹം എണ്ണമറ്റ കിരീടങ്ങളും ഇവക്കൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.

ആക്രമണഫുട്ബോൾ ശൈലിയിൽ വിട്ടുവീഴ്‌ചയില്ലാതെ ടീമിനെ കളിപ്പിക്കുന്ന പെപ് ഗ്വാർഡിയോള നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകരിൽ ഒരാളായാണ് അറിയപ്പെടുന്നത്. 2016 മുതൽ മാഞ്ചസ്റ്റർ സിറ്റിയുടെ മാനേജരായ അദ്ദേഹം പ്രീമിയർ ലീഗിൽ മറ്റൊരു ടീമിന്റെ ചുമതല ഏറ്റെടുക്കില്ലെന്നും തന്റെ ഭാവി പരിപാടികളെപ്പറ്റിയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തി.

"ഞാൻ പല തവണ പറഞ്ഞിട്ടുള്ളതും എനിക്കിഷ്‌ടമുള്ളതുമായ കാര്യമാണ്. ഇവിടുത്തെ കരിയർ അവസാനിച്ചാൽ ലോകകപ്പിൽ ഒരു ടീമിനെ നയിക്കുകയെന്നത് വളരെ സന്തോഷം നൽകും. എന്നാൽ അതത്ര എളുപ്പമുള്ള കാര്യമല്ല. വളരെ കുറച്ച് ഇടങ്ങൾ മാത്രമേ അവിടെയുള്ളൂ. എനിക്കതിഷ്ടമാണെങ്കിലും അതു നടന്നില്ലെങ്കിൽ ഞാൻ ക്ലബുകളെ ട്രെയിൻ ചെയ്യും. അതൊരു പ്രശ്‌നമുള്ള കാര്യമല്ല."

"ഇംഗ്ലണ്ടിൽ ഞാനുണ്ടാകുന്ന സമയത്തെല്ലാം മാഞ്ചസ്റ്റർ സിറ്റിയിൽ തന്നെയായിരിക്കും. ഞാവിടേക്ക് തിരിച്ചു വരികയാണെങ്കിലും അതു മാഞ്ചസ്റ്റർ സിറ്റിയിലേക്കു തന്നെയായിരിക്കും, അവർക്ക് എന്നെ ആവശ്യമുണ്ടെങ്കിൽ. ഇംഗ്ലണ്ടിൽ ഈ ക്ലബല്ലാതെ മറ്റൊന്നിനെ ഞാൻ പരിശീലിപ്പിക്കില്ല." പെപ് ഗ്വാർഡിയോള പത്രസമ്മേളനത്തിൽ പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്ക് ഒട്ടനവധി നേട്ടങ്ങൾ സ്വന്തമാക്കി നൽകിയ പെപ് ഗ്വാർഡിയോളക്ക് 2023 വരെയാണ് ക്ലബുമായി കരാറുള്ളത്. നിലവിൽ ടീം നടത്തുന്ന മികച്ച പ്രകടനം പരിഗണിച്ച് അതു പുതുക്കി നൽകാൻ തന്നെയാണ് സാധ്യതയെങ്കിലും അതിനിടയിൽ ഏതെങ്കിലും മികച്ച ദേശീയ ടീമിന്റെ ഓഫർ വന്നാൽ പെപ് അതു പരിഗണിക്കാനുള്ള സാധ്യതയുണ്ട്.

facebooktwitterreddit