Football in Malayalam

ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമിനെ വെളിപ്പെടുത്തി പെപ് ഗ്വാർഡിയോള

Sreejith N
Everton v Manchester City - Premier League
Everton v Manchester City - Premier League / Robbie Jay Barratt - AMA/Getty Images
facebooktwitterreddit

ഈ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കാൻ ഏറ്റവുമധികം സാധ്യതയുള്ള ടീം മാഞ്ചസ്റ്റർ സിറ്റിയില്ലെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള. ഇംഗ്ലണ്ടിലെ വിജയക്കുതിപ്പ് ചാമ്പ്യൻസ് ലീഗിലും ആവർത്തിച്ച മാഞ്ചസ്റ്റർ സിറ്റി ഇന്നലെ നടന്ന മത്സരത്തിൽ ബൊറൂസിയ മൊൻചെൻഗ്ലാഡ്ബാഷിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് തോൽപിച്ചിരുന്നു. ഇതോടെ തുടർച്ചയായ പത്തൊമ്പതാമത്തെ മത്സരത്തിലാണ് സിറ്റി വിജയം നേടുന്നത്.

സീസണിന്റെ തുടക്കത്തിലെ പതർച്ചക്ക് ശേഷം ഫോം വീണ്ടെടുത്തെങ്കിലും ചാമ്പ്യൻസ് ലീഗ് നേടാൻ ഏറ്റവുമധികം സാധ്യതയുള്ള ടീമായി മാഞ്ചസ്റ്റർ സിറ്റി ഇപ്പോഴും മാറിയിട്ടില്ലെന്നാണ് ഗ്വാർഡിയോള പറയുന്നത്. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗ് കിരീടം നേടിയ ബയേൺ മ്യൂണിക്ക് തന്നെയാണ് ഇത്തവണയും കിരീടം നേടാൻ മുന്നിൽ നിൽക്കുന്ന ക്ലബെന്നും അദ്ദേഹം പറഞ്ഞു.

"മത്സരം നിയന്ത്രിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞെങ്കിലും മുന്നേറ്റനിരക്ക് ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിഞ്ഞില്ല. ഈ ടൂർണമെന്റിൽ ഞങ്ങൾക്ക് മെച്ചപ്പെടാനുള്ളതും അതു തന്നെയാണ്. ചാമ്പ്യൻസ് ലീഗ് ടൂർണമെൻറിൽ മുന്നേറണമെങ്കിൽ നമ്മൾ ഏറ്റവും മികച്ചതും പൂർണതയുള്ളതുമായ പ്രകടനം തന്നെ കാഴ്ച വെക്കണം," ഇന്നലത്തെ മത്സരത്തിന് ശേഷം ബിടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ പെപ് പറഞ്ഞു.

"ബയേണിന്റെ പ്രകടനം കാണുമ്പോൾ ഞങ്ങളാണ് ചാമ്പ്യൻസ് ലീഗ് നേടാൻ സാധ്യതയുള്ള ടീമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. മൂന്നു ദിവസത്തിനകം നടക്കുന്ന വെസ്റ്റ് ഹാമിനെതിരായ മത്സരത്തിലാണ് എനിക്ക് താൽപര്യം. ഞങ്ങൾക്കാണ് ഏറ്റവുമധികം സാധ്യതയെന്ന് ആളുകൾ പറയുന്നുണ്ടെങ്കിൽ അത് അംഗീകരിക്കുന്നു. എന്നാൽ ചരിത്രത്തിൽ തന്നെ ഒരിക്കൽ മാത്രം ടൂർണമെന്റിന്റെ സെമി കണ്ടിട്ടുള്ള ടീമാണിത്. എങ്കിലും അവർ പറഞ്ഞാൽ നമ്മൾ അംഗീകരിക്കണം," ഗ്വാർഡിയോള വ്യക്തമാക്കി.

തുടർച്ചയായി പത്തൊൻപതു വിജയങ്ങൾ നേടാൻ മാഞ്ചസ്റ്റർ സിറ്റിയെ സഹായിച്ചത് അതിൽ പതിമൂന്നു മത്സരങ്ങളിലും ഗോൾ വഴങ്ങാതിരുന്ന പ്രതിരോധ നിരയുടെ പ്രകടനം തന്നെയാണെന്ന് ഗ്വാർഡിയോള പറഞ്ഞു. അടുത്ത മത്സരത്തിൽ ലീഗിൽ നാലാം സ്ഥാനത്ത് നിൽക്കുന്ന വെസ്റ്റ് ഹാമിന്റെ വെല്ലുവിളിയെയാണ് ഗ്വാർഡിയോളയും സംഘവും നേരിടേണ്ടത്.

facebooktwitterreddit