Football in Malayalam

മെസിയുടെ മനോഹര ഗോളിലും പെപ് ഗ്വാർഡിയോളയെ ആകർഷിച്ചത് മറ്റൊരു പിഎസ്‌ജി താരത്തിന്റെ പ്രകടനം

Sreejith N
Paris Saint-Germain v Manchester City: Group A - UEFA Champions League
Paris Saint-Germain v Manchester City: Group A - UEFA Champions League / Shaun Botterill/Getty Images
facebooktwitterreddit

പിഎസ്‌ജിക്കു വേണ്ടിയുള്ള ആദ്യത്തെ ഗോൾ ഏറ്റവും മികച്ച രീതിയിൽ തന്നെ ലയണൽ മെസി നേടിയെങ്കിലും മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പെപ് ഗ്വാർഡിയോളയുടെ മനസു കവർന്നത് ഫ്രഞ്ച് ക്ലബിന്റെ മറ്റൊരു താരം. ഇന്നലെ നടന്ന മത്സരത്തിൽ പിഎസ്‌ജി മധ്യനിരയിൽ മിന്നുന്ന പ്രകടനം നടത്തിയ മാർകോ വെറാറ്റിയെയാണ് മത്സരത്തിനു ശേഷം പെപ് ഗ്വാർഡിയോള വാഴ്ത്തിയത്.

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഇഡ്രിസ ഗുയെയ, ലയണൽ മെസി എന്നിവരാണ് ഗോളുകൾ നേടിയതെങ്കിലും മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റങ്ങളെ സമർത്ഥമായി ഇല്ലാതാക്കുന്നതിൽ വെറാറ്റി വിസ്‌മയാവഹമായ പങ്കാണ് വഹിച്ചത്. ആക്രമണത്തിലും പ്രതിരോധത്തിലും ഒരുപോലെ സജീവമായി നിന്നിരുന്ന താരത്തിന് പകരം വെക്കാൻ കഴിയുന്ന പ്രകടനം നടത്താൻ പോന്നൊരു കളിക്കാരൻ മാഞ്ചസ്റ്റർ സിറ്റി മധ്യനിരയിൽ ഉണ്ടായിരുന്നില്ല.

"വെറാറ്റിയെ ഞാൻ വളരെയധികം ഇഷ്‌ടപ്പെടുന്നു, അസാധാരണ കഴിവുകളുള്ള കളിക്കാരനാണ് വെറാറ്റി. സമ്മർദ്ദത്തിലാണെങ്കിൽ പോലും മിഡ്‌ഫീൽഡിനെ സ്വാതന്ത്രമാക്കുന്ന പാസുകൾ നൽകാൻ താരത്തിനു കഴിയും." മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പെപ് ഗ്വാർഡിയോള പറഞ്ഞു.

"ലോങ്ങ് പാസുകൾ നൽകാൻ വേണ്ടിയുള്ള കളിക്കാരനല്ല വെറാറ്റി. എന്നാൽ മത്സരം പടുത്തുയർത്താൻ ഇല്ലാതായിപ്പോഴും നിങ്ങൾക്ക് താരത്തെ ഉപയോഗപ്പെടുത്താം. രണ്ടാം പകുതിയിൽ താരത്തെ നിയന്ത്രിക്കാൻ ഞങ്ങൾക്ക് നല്ല രീതിയിൽ കഴിഞ്ഞുവെങ്കിലും ആദ്യപകുതിയിൽ താരത്തിന്റെ പ്രകടനം അവിശ്വസനീയം തന്നെയായിരുന്നു." ഗ്വാർഡിയോള വ്യക്തമാക്കി.

മത്സരഫലം പിഎസ്‌ജിക്ക് അനുകൂലമായിരുന്നു എങ്കിലും കൂടുതൽ ഗോൾ ഷോട്ടുകൾ ഉതിർത്തത് മാഞ്ചസ്റ്റർ സിറ്റി തന്നെയായിരുന്നു. എന്നാൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ കഴിയാതെ വന്നതും ഗോൾവലക്കു കീഴിൽ ഡോണറുമ്മയുടെ തകർപ്പൻ പ്രകടനവും മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി നൽകുകയായിരുന്നു.

facebooktwitterreddit