മാഞ്ചസ്റ്റർ സിറ്റി താരത്തെ ബാഴ്സലോണക്ക് വിട്ടുകൊടുക്കാൻ തയ്യാറാണെന്ന സൂചനകൾ നൽകി പെപ് ഗ്വാർഡിയോള


മാഞ്ചസ്റ്റർ സിറ്റിയിൽ അവസരങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന റഹീം സ്റ്റെർലിങ് ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബാഴ്സയിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ തുറക്കുന്ന പ്രതികരണവുമായി പെപ് ഗ്വാർഡിയോള. ബാഴ്സലോണയ്ക്ക് തങ്ങളുടെ ഏതെങ്കിലും താരത്തിൽ താൽപര്യമുണ്ടെങ്കിൽ അവരെ ലഭിക്കുമെന്നു തന്നെയാണ് തന്റെ വിശ്വാസമെന്നാണ് ഗ്വാർഡിയോള പറഞ്ഞത്.
ഗ്രീലിഷിൻറെ വരവോടെ മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ ഇലവനിലെ സ്ഥാനം നഷ്ടപ്പെട്ട റഹീം സ്റ്റെർലിങ് ജനുവരി ജാലകത്തിൽ ക്ലബ് വിടുന്നതിനെക്കുറിച്ച് ആലോചിക്കുണ്ട്. താരത്തിന്റെ പ്രതിനിധികൾ ബാഴ്സലോണയിലേക്ക് ചേക്കേറുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് 90Min നേരത്തെ റിപ്പോർട്ടു ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഗ്വാർഡിയോളയുടെ നിർണായകമായ പ്രതികരണം.
Pep Guardiola opens door on Barcelona transfer for Raheem Sterlinghttps://t.co/dMDAc8El2T pic.twitter.com/DfcgvIFcxA
— Mirror Football (@MirrorFootball) November 9, 2021
"ഞങ്ങൾക്ക് ഒരുപാട് ജോലികൾ ചെയ്യാനുണ്ട്. എന്നാൽ ബാഴ്സക്ക് ഞങ്ങളുടെ ഏതെങ്കിലുമൊരു താരത്തിൽ താൽപര്യമുണ്ടെങ്കിൽ അവർക്കതു ലഭിക്കുമെന്നു തന്നെയാണ് ഞാൻ കരുതുന്നത്." പെപ് ഗ്വാർഡിയോള പറഞ്ഞതായി സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർറ്റീവോ റിപ്പോർട്ടു ചെയ്തു.
"ആ ക്ലബും നഗരവും അവരുടെ ചരിത്രവും പരിശീലകരെയും കളിക്കാരെയും ഒരുപോലെ മോഹിപ്പിക്കുന്നതാണ്. ബാഴ്സക്ക് ഞങ്ങളുടെ ഏതെങ്കിലും ഒരു താരത്തിൽ താൽപര്യമുണ്ടെങ്കിൽ അവർ അവരുടെ മെഷിനറി ആരംഭിക്കും. നല്ലതോ ചീത്തയോ ആയിക്കൊള്ളട്ടെ, അവർ അവർക്കു കഴിയുന്നതെല്ലാം ചെയ്യും." ഗ്വാർഡിയോള വ്യക്തമാക്കി.
ഏതു താരമാണ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ബാഴ്സലോണയിൽ എത്താൻ സാധ്യതയെന്ന ചോദ്യത്തിന് അതു തനിക്കറിയില്ലെന്നും അറിഞ്ഞാൽ പോലും നിങ്ങളോട് പറയില്ലെന്നുമാണ് ഗ്വാർഡിയോള മറുപടി പറഞ്ഞത്. സ്റ്റെർലിങ്ങിനു പുറമെ ബെർണാർഡോ സിൽവ, അയ്മേറിക് ലപോർട്ട, ജോവാ കാൻസലോ എന്നിവരുമായി ബന്ധപ്പെട്ടും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നതിനാൽ ബാഴ്സലോണ ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ് പെപ്പിന്റെ വാക്കുകൾ.