Football in Malayalam

എത്തിഹാദിലെ ഗ്യാലറിയെക്കുറിച്ച് നടത്തിയ പ്രതികരണങ്ങളിൽ മാപ്പു പറയാൻ തയ്യാറല്ലെന്ന് പെപ് ഗ്വാർഡിയോള

By Gokul Manthara
Manchester City v RB Leipzig: Group A - UEFA Champions League
Manchester City v RB Leipzig: Group A - UEFA Champions League / Marc Atkins/Getty Images
facebooktwitterreddit

തങ്ങളുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം ആർബി ലെപ്സിഗിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ശേഷം സംസാരിക്കവെ ഗ്യാലറിയിൽ കാണികളെത്താത്തിന്റെ ആശങ്ക മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള പങ്ക് വെച്ചിരുന്നു. വരും മത്സരങ്ങളിൽ കൂടുതൽ പിന്തുണ ആവശ്യമുണ്ടെന്നും അതിനാൽ ശനിയാഴ്ച നടക്കാനിരിക്കുന്ന മത്സരം കാണാൻ കൂടുതൽ ആളുകളെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാൽ ഇത് വലിയ വിവാദമാവുകയും കാണികളില്ലാത്തതിനെക്കുറിച്ച് ഗ്വാർഡിയോള സംസാരിച്ചതിനെ എതിർത്ത് മാഞ്ചസ്റ്റർ സിറ്റി സപ്പോർട്ടേഴ്സ് ക്ലബ്ബിന്റെ ജെനറൽ സെക്രട്ടറിയായ കെവിൻ പാർക്കർ പരസ്യമായി രംഗത്തെത്തുകയും ചെയ്തു.

ഗ്വാർഡിയോള ലോകത്തെ ഏറ്റവും മികച്ച പരിശീലകനാണെന്നും അദ്ദേഹം അതിൽത്തന്നെ (പരിശീലനത്തിൽ) ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയെന്നും ചൂണ്ടിക്കാട്ടിയ കെവിൻ പാർക്കർ, എത്തിഹാദിൽ മികച്ച രീതിയിൽ കാണികളെത്താറുണ്ടെന്നും, അവിടുത്തെ ഗ്യാലറിയിലെ ആളുകളുടെ എണ്ണത്തെ ഗ്വാർഡിയോള ചോദ്യം ചെയ്യുന്നത് തെറ്റാണെന്നും കൂട്ടിച്ചേർത്തു. എ‌ന്നാൽ തന്റെ വാക്കുകളെ എതിർത്ത് പാർക്കർ രംഗത്തെത്തിയെങ്കിലുംഗ്വാർഡിയോളക്ക് അതിൽ യാതൊരു കുലുക്കവുമില്ല. കാണികളുടെ കാര്യത്തിൽ താൻ നടത്തിയ അഭിപ്രായങ്ങളിൽ യാതൊരു തെറ്റുമില്ലെന്ന് വിശ്വസിക്കുന്ന പെപ്, തന്റെ അഭിപ്രായ പ്രകടനങ്ങൾക്ക് മാപ്പ് പറയാൻ തയ്യാറല്ലെന്നും ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെ വ്യക്തമാക്കി.

"സ്റ്റേഡിയം നിറയാത്തതിൽ നിരാശനാണെന്ന് ലെപ്സിഗിനെതിരായ മത്സരത്തിന് ശേഷം ഞാൻ പറഞ്ഞോ? പറഞ്ഞതിന് ക്ഷമ ചോദിക്കാൻ ഞാൻ പോകുന്നില്ല. എന്റെ കരിയറിൽ ആദ്യമായല്ല ഞാനിങ്ങനെ പറയുന്നത്. ഞാൻ ഇത് ബാഴ്സലോണയിലും ബയേൺ മ്യൂണിക്കിലും പറഞ്ഞിട്ടുണ്ട്."

"ഞങ്ങൾക്ക് പിന്തുണ വേണമെന്നാണ് ഞാൻ പറഞ്ഞത്. എത്ര പേരാണ് വരുന്നതെങ്കിലും പ്രശ്നമില്ല, എന്നാൽ ഞങ്ങൾക്ക് പിന്തുണ ആവശ്യമുള്ളതിനാൽ കളി കാണാൻ ഞാൻ അവരെ ക്ഷണിക്കുന്നു." ഗ്വാർഡിയോള പറഞ്ഞു.

""ഈ ആളുകൾക്ക് എന്റെ അഭിപ്രായങ്ങൾ മനസിലാകുന്നില്ല. ഞാൻ പറഞ്ഞ കാര്യങ്ങളെ പ്രതിരോധിക്കാൻ ഞാൻ ഇവിടെയുണ്ട്. തെറ്റുകൾ വരുത്തുമ്പോൾ ഞാൻ ക്ഷമ ചോദിക്കും‌. എന്നാൽ ഞാൻ പറഞ്ഞ കാര്യങ്ങളിൽ ഞാൻ ക്ഷമ ചോദിക്കില്ല. "

പെപ് ഗ്വാർഡിയോള

താനിവിടെ ഇരുന്ന് കൊണ്ട് എന്താണ് കളി കാണാൻ വരാതിരുന്നതെന്ന് ഒരിക്കലും ആളുകളോട് ചോദിക്കില്ലെന്ന് ചൂണ്ടിക്കാട്ടുന്ന ഗ്വാർഡിയോള, കെവിൻ പാർക്കറോട് താൻ ക്ഷമ ചോദിക്കില്ലെന്ന് വ്യക്തമാക്കാനും സംസാരത്തിനിടെ മടി കാണിച്ചില്ല.

facebooktwitterreddit