മാഞ്ചസ്റ്റർ സിറ്റി വിടാൻ താൽപര്യമുണ്ടെന്നു സ്റ്റെർലിങ്, മറുപടിയുമായി ഗ്വാർഡിയോള


റഹീം സ്റ്റെർലിങ്ങിന് കളിക്കളത്തിൽ കൂടുതൽ സമയം നൽകാൻ തനിക്കു കഴിയുമെന്നുറപ്പില്ലെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. അവസരങ്ങൾ കുറഞ്ഞതിനാൽ മാഞ്ചസ്റ്റർ സിറ്റി വിടാൻ തനിക്കു താൽപര്യമുണ്ടെന്ന് ഇംഗ്ലണ്ട് മുന്നേറ്റനിര താരം കഴിഞ്ഞ ദിവസം പറഞ്ഞതിനു മറുപടിയായാണ് പെപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ സ്റ്റെർലിങ് വിന്റർ ജാലകത്തിൽ തന്നെ ടീം വിടാനുള്ള സാധ്യതകൾ വർധിച്ചിട്ടുണ്ട്.
ഗ്രീലിഷ് കൂടി സിറ്റി മുന്നേറ്റനിരയിൽ എത്തിയതോടെയാണ് സ്റ്റെർലിങ്ങിന് ഈ സീസണിൽ അവസരങ്ങൾ കുറഞ്ഞത്. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി ഇത്തവണ കളിച്ച ഏഴു പ്രീമിയർ ലീഗ് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രം ആദ്യ ഇലവനിൽ ഇടം പിടിക്കാൻ കഴിഞ്ഞ താരം കഴിഞ്ഞ ദിവസമാണ് മറ്റു ക്ലബുകളിലേക്ക് ചേക്കേറുന്ന കാര്യം പരിഗണനയിൽ ഉണ്ടെന്നു വ്യക്തമാക്കിയത്. മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ ഇതിനു മറുപടി നൽകുകയായിരുന്നു ഗ്വാർഡിയോള.
Sterling's future has been brought into discussion following comments suggesting he is open to moving abroad should he not get more game time.#mcfc #bbcfootball
— BBC Sport (@BBCSport) October 15, 2021
"എനിക്ക് ഉറപ്പു നൽകാൻ കഴിയില്ലെന്ന കാര്യം ഏവർക്കുമറിയാം. ഞാൻ വളരെക്കാലം ഇതേക്കുറിച്ച് പറഞ്ഞിട്ടുള്ളതാണ്. ഓരോ കളിക്കാരനും എത്ര മിനുട്ടുകൾ കളിക്കുമെന്ന കാര്യം എനിക്ക് ഉറപ്പു നൽകാൻ കഴിയില്ല. അവർ മൈതാനത്താണ് അതേക്കുറിച്ച് സംസാരിക്കേണ്ടത്, അതാണ് ഏറ്റവും നല്ല സമയം," ഗ്വാർഡിയോള എഫ്റ്റി ബിസിനസ് ഓട് സ്പോർട് യുഎസ് സമ്മിറ്റിനോട് പറഞ്ഞു.
"എനിക്കു വേണ്ടത് റഹീം ഇവിടെയുള്ളപ്പോൾ സന്തോഷത്തോടെ ഇരിക്കണമെന്നാണ്. ക്ലബിനൊപ്പം തുടരുന്നതിൽ അവർ സംതൃപ്തരാവണം. അങ്ങനെയല്ലെങ്കിൽ അവർക്കും അവരെ സ്നേഹിക്കുന്ന എല്ലാ ആളുകൾക്കും കുടുംബത്തിനും ഏറ്റവും അനുയോജ്യമായ തീരുമാനം എടുക്കാനല്ല സ്വാതന്ത്ര്യമുണ്ട്," ഗ്വാർഡിയോള വ്യക്തമാക്കി.
ഫിൽ ഫോഡൻ, ഗബ്രിയേൽ ജീസസ്, റിയാദ് മഹ്റേസ്, ഫെറൻ ടോറസ്, ഗ്രീലിഷ് തുടങ്ങിയ താരങ്ങളോടാണ് മാഞ്ചസ്റ്റർ സിറ്റി മുന്നേറ്റനിരയിൽ ഇടം ലഭിക്കാൻ സ്റ്റെർലിങ് മത്സരിക്കേണ്ടത്. നിലവിൽ ഫെറൻ ടോറസിന് പരിക്കു പറ്റിയതിനാൽ ടീമിലേക്ക് തിരിച്ചു വരാനും തന്റെ സാന്നിധ്യം ഉറപ്പിക്കാനും സ്റ്റെർലിങ്ങിന് അവസരമുണ്ട്.