'പരാതിയുണ്ടെങ്കിൽ കോടതിയിൽ പോകാം' - ക്ലോപ്പിന്റെ വിമർശനങ്ങൾക്കു മറുപടി നൽകി പെപ് ഗ്വാർഡിയോള


മാഞ്ചസ്റ്റർ സിറ്റിക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ പണം ചിലവഴിക്കാൻ മറ്റു ക്ലബുകളെപ്പോലെ പരിമിതികൾ ഇല്ലെന്ന ലിവർപൂൾ പരിശീലകൻ യർഗൻ ക്ലോപ്പിന്റെ വിമർശനങ്ങളോട് പ്രതികരിച്ച് പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റി നടത്തുന്ന വമ്പൻ തുകയുടെ ട്രാൻസ്ഫറുകളിൽ എന്തെങ്കിലും പരാതിയുള്ളവർക്ക് കോടതിയെ സമീപിക്കാം എന്നാണു സ്പാനിഷ് പരിശീലകൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞത്.
ദിവസങ്ങൾക്കു മുൻപാണ് മാഞ്ചസ്റ്റർ സിറ്റിക്ക് ട്രാൻസ്ഫർ മാർക്കറ്റിൽ ഇഷ്ടം ചിലവാക്കാൻ കഴിയുമെന്നും ഇത് ഗ്വാർഡിയോളക്ക് അനാവശ്യമായ മുൻതൂക്കം നൽകുന്നുവെന്നും ക്ലോപ്പ് പറഞ്ഞത്. എന്നാൽ മാഞ്ചസ്റ്റർ സിറ്റി ഫിനാൻഷ്യൽ ഫെയർ പ്ലേ നിയമങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടെന്നും ക്ലബിന്റെ ഉടമകൾ മികച്ചതായതു കൊണ്ടാണ് ടീമിന് ഗുണങ്ങൾ ലഭിക്കുന്നതെന്നുമാണ് ഗ്വാർഡിയോള പറയുന്നത്.
Pep Guardiola hits back at Jurgen Klopp for 'no limits' comment on Manchester City's summer spending https://t.co/WEnJOmDRZz
— MailOnline Sport (@MailSport) August 14, 2021
"ചില ഉടമകൾക്ക് നേട്ടങ്ങൾ വേണ്ടി വരും, മറ്റു ചിലർക്ക് അതു വേണ്ടി വരില്ല. അങ്ങനെയുള്ളവർ ടീമിൽ പണം മുടക്കില്ല, ഞങ്ങൾ പറ്റാവുന്നത്രയും പണം മുടക്കും. മുൻപിവിടെ ഒന്നോ രണ്ടോ ക്ലബുകളെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ അബ്രാമിവിച്ചിന്റെ ചെൽസിയും ഷെയ്ഖ് മൻസൂറിന്റെ കീഴിലുള്ള ഞങ്ങളുടെ ക്ലബുമുണ്ട്. അവർക്ക് ഫുട്ബോളിൽ പലതും വാങ്ങാനും താൽപര്യമുണ്ട്. എന്താണു കുഴപ്പം? ഞങ്ങൾക്ക് ഫൈനാൻഷ്യൽ ഫെയർ പ്ലേ നിയന്ത്രണങ്ങളുണ്ട്. അതിലവർക്ക് കുഴപ്പങ്ങളുണ്ടെങ്കിൽ കോടതിയിലേക്ക് പോകാം."
"ഞങ്ങൾ ജാക്ക് ഗ്രീലിഷിനെ വാങ്ങിയത് അറുപതു മില്യൺ യൂറോക്ക് താരങ്ങളെ വിറ്റതു കൊണ്ടാണ്. അവസാനം ഞങ്ങൾ 40 മില്യൺ നൽകേണ്ടി വന്നു. നിയമങ്ങൾ ഞങ്ങൾ പാലിക്കുന്നുണ്ട്. ഞങ്ങളുടെ ക്ലബിന്റെ ഉടമകൾക്ക് പണം നഷ്ടപ്പെടുത്താൻ ഇഷ്ടമല്ലെങ്കിലും അവർക്കത് ചിലവഴിക്കാനും താൽപര്യമുണ്ട്. ഞങ്ങളതു ചെയ്യുന്നു."
"വർഷങ്ങൾക്കു മാഞ്ചസ്റ്റർ യുണൈറ്റഡ് നിരവധി കിരീടങ്ങൾ നേടിയത് അവർ മറ്റു ക്ലബുകളെക്കാൾ പണം ചിലവഴിച്ചതു കൊണ്ടാണ്. അത് നിങ്ങൾ ഓർക്കുന്നുണ്ടോ. ആ സമയത്ത് ഇപ്പോഴത്തേതു പോലെയുള്ള ഉടമകൾ ഇല്ലാതിരുന്നതിനാൽ മാഞ്ചസ്റ്റർ സിറ്റിക്ക് പണം ചിലവഴിക്കാനായില്ല," ഗ്വാർഡിയോള തുറന്നടിച്ചു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.