"മൗറീന്യോയുടെ ടീമുകൾ ഇങ്ങനെയാണ്‌" - പ്രതിരോധക്കോട്ട കെട്ടി ടോട്ടൻഹാം നേടിയ വിജയത്തോടു പ്രതികരിച്ച് ഗ്വാർഡിയോള

Nov 22, 2020, 10:40 AM GMT+5:30
Jose Mourinho, Pep Guardiola
Manchester United v Manchester City - Premier League | Clive Brunskill/Getty Images
facebooktwitterreddit

ടോട്ടനം ഹോട്സ്പറും മാഞ്ചസ്റ്റർ സിറ്റിയും തമ്മിൽ നടന്ന പ്രീമിയർ ലീഗ് മത്സരം മൗറീന്യോയുടെ ശൈലിയുടെ പ്രതിഫലനമാണെന്നു മത്സരശേഷം പ്രതികരിച്ച് സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മത്സരത്തിലെ കണക്കുകളിൽ സിറ്റി മുന്നിൽ നിന്നെങ്കിലും എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ടോട്ടനം ഹോട്സ്‌പർ വിജയം സ്വന്തമാക്കി പ്രീമിയർ ലീഗിൽ ഒന്നാം സ്ഥാനത്തേക്ക് കുതിക്കുകയായിരുന്നു. സിറ്റിയുടെ പ്രതിരോധപ്പിഴവുകളെ കൃത്യമായി മുതലെടുത്താണ് ടോട്ടനം സോൺ, ലൊ സെൽസോ എന്നിവരിലൂടെ ഗോളുകൾ കുറിച്ചത്.

മത്സരത്തിൽ അറുപത്തിയേഴ്‌ ശതമാനം പന്തടക്കം കാഴ്‌ച വെച്ച സിറ്റി ഇരുപത്തിരണ്ടു ഷോട്ടുകളാണ് ഗോൾ ലക്ഷ്യമാക്കി ഉതിർത്തത്. അതേ സമയം വെറും നാല് ഷോട്ടുകൾ മാത്രം ഉതിർത്ത ടോട്ടനം അതിൽ രണ്ടെണ്ണവും കൃത്യമായി വലയിലാക്കി. മത്സരശേഷം മുന്നേറ്റനിരയിൽ അവസരങ്ങൾ സൃഷ്ടിക്കാൻ തന്റെ ടീം പരാജയപ്പെട്ടതിനെ കുറിച്ചും ഗ്വാർഡിയോള പറഞ്ഞു.

"ഇതിനേക്കാൾ മികച്ച പ്രകടനം ആവേണ്ടതായിരുന്നു. സീസണിൽ മുഴുവൻ കളിച്ചതിനു സമാനമായാണ് ഞങ്ങൾ കളത്തിലുണ്ടായിരുന്നത്. എന്നാൽ അവരുടെ ആദ്യ ഗോളിന് ടീമിന്റെ പ്രതിരോധം മോശമായിരുന്നു. അതിനു ശേഷം അവർ ആറു പേരുമായി ഡീപ് ഡിഫെൻഡിങ്ങാണ് കാഴ്‌ച വെച്ചത്. അത് മറികടക്കുക എളുപ്പമായിരുന്നില്ല," ബിബിസി മാച്ച് ഓഫ് ദി ഡേയിൽ ഗ്വാർഡിയോള പറഞ്ഞു.

"ഞങ്ങൾക്ക് അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അത് മുതലെടുക്കാനായില്ല. എന്നാൽ അവർക്ക് കൗണ്ടർ അറ്റാക്കിങ്ങിലൂടെ രണ്ടോ മൂന്നോ അവസരങ്ങൾ ലഭിക്കുകയും മത്സരം ഞങ്ങൾക്ക് നഷ്ടമാവുകയും ചെയ്‌തു."

"മത്സരത്തിന് മുൻപ് തന്നെ ആദ്യഗോൾ വഴങ്ങരുതെന്ന് ഞങ്ങൾക്കറിയാമായിരുന്നു. ഞങ്ങൾക്ക് കൂടുതൽ അവസരങ്ങൾ ലഭിച്ചെങ്കിലും തോൽവി വഴങ്ങി. മൗറീന്യോയുടെ ടീമുകൾ ഇത്തരത്തിലാണ്. നമ്മളൊരു പിഴവു വരുത്തിയാൽ അവർ പ്രത്യാക്രമണത്തിലൂടെ ശിക്ഷിക്കും," ഗ്വാർഡിയോള പറഞ്ഞു.

മത്സരം വിജയിച്ചതോടെ ഒൻപതു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊന്ന് പോയിന്റോടെ ടോട്ടൻഹാം താൽക്കാലികമായി ഒന്നാം സ്ഥാനത്താണ്. എന്നാൽ ഒരു മത്സരം കുറവ് കളിച്ച ലൈസ്റ്റർ സിറ്റി അടുത്ത കളിയിൽ വിജയിക്കുകയാണെങ്കിൽ ടോട്ടനത്തെ മറികടക്കും. അതേസമയം മാഞ്ചസ്റ്റർ സിറ്റി പതിനൊന്നാം സ്ഥാനത്താണ്.

facebooktwitterreddit