Football in Malayalam

ഫെറൻ ടോറസ് ബാഴ്‌സലോണയോട് അടുത്തു കൊണ്ടിരിക്കുകയാണെന്നു സ്ഥിരീകരിച്ച് പെപ് ഗ്വാർഡിയോള

Sreejith N
FBL-ENG-PR-MAN CITY-LEICESTER
FBL-ENG-PR-MAN CITY-LEICESTER / MARTIN RICKETT/GettyImages
facebooktwitterreddit

സ്‌പാനിഷ്‌ മുന്നേറ്റനിര താരമായ ഫെറൻ ടോറസ് ബാഴ്‌സയുമായി കരാർ ഒപ്പിടുന്നതിനോട് അടുത്തു കൊണ്ടിരിക്കുകയാണെന്നു സ്ഥിരീകരിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. രണ്ടു ക്ലബുകളും തമ്മിൽ ട്രാൻസ്‌ഫർ സംബന്ധിച്ച് ധാരണയിൽ എത്തിയെന്നു പറഞ്ഞ പെപ് ഗ്വാർഡിയോള ചർച്ചകൾ അവസാന ഘട്ടത്തിലെത്തിയതിനെ സംബന്ധിച്ച് ഡയറക്റ്റർ ഓഫ് ഫുട്ബോൾ ക്സിക്കി ബേഗിരിസ്റ്റനിൽ നിന്നും അറിയിപ്പ് ലഭിക്കാനുണ്ടെന്നും വ്യക്തമാക്കി.

ഒക്ടോബർ മുതൽ പരിക്കു മൂലം പുറത്തിരിക്കുന്ന ടോറസിനു പകരക്കാരനെ സ്വന്തമാക്കുമോയെന്നും ബാഴ്‌സലോണ ട്രാൻസ്‌ഫർ എത്രത്തോളം യാഥാർഥ്യമാണെന്നുമുള്ള ചോദ്യത്തിന് ഗ്വാർഡിയോളയുടെ മറുപടി ഇങ്ങിനെയായിരുന്നു. "ഞങ്ങളൊരു സ്‌ട്രൈക്കർ ടീമിലെത്തിക്കാൻ പോകുന്നില്ല. ടോറസിന്റെ ട്രാൻസ്‌ഫർ വളരെ അടുത്തെത്തിയെന്നാണ് ഞാൻ കേട്ടത്, പക്ഷെ അത് പൂർത്തിയായെന്നു കരുതുന്നില്ല. ഔദ്യോഗികമായിട്ടുമില്ല."

"ഇരുവരും തമ്മിൽ ചർച്ചകൾ നടന്നു കൊണ്ടിരിക്കുകയാണ്. ക്ലബ് സ്ഥിരീകരിച്ചാൽ അതു പൂർത്തിയായെന്നു തന്നെയാണ് അർത്ഥം. എന്നാൽ ക്സിക്കി ഇതുവരെയും അതു പൂർത്തിയായെന്ന് എന്നോട് പറഞ്ഞിട്ടില്ല." ലൈസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനു മുൻപ് മാധ്യമങ്ങളോട് സംസാരിക്കേ പെപ് ഗ്വാർഡിയോള വ്യക്തമാക്കി.

ബാഴ്‌സലോണ, റയൽ മാഡ്രിഡ് പോലത്തെ ടീമുകൾ വിളിച്ചാൽ കളിക്കാർ അതു വേണ്ടെന്നു വെക്കാൻ മടിക്കുമെന്നും പെപ് അഭിപ്രായപ്പെട്ടു. "ബാഴ്‌സലോണയും റയൽ മാഡ്രിഡും വന്നു വിളിച്ചാൽ പറ്റില്ലെന്നു പറയാൻ ബുദ്ധിമുട്ടാണെന്നാണ് ഞാൻ കരുതുന്നത്. ഫാഷനും സിറ്റിയും മറ്റു പല കാരണങ്ങളും അതിലുണ്ട്."

"താരം എന്നോട് വന്നു ക്ലബ് വിടാനുള്ള ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാനതു സമ്മതിച്ചു. എനിക്ക് കളിക്കാർ സന്തോഷത്തോടെ തുടരണം. നിങ്ങൾക്ക് സന്തോഷമില്ലെങ്കിൽ ക്ലബ് വിടണം. പ്രസിഡന്റും സിഇഒമാരും നിങ്ങൾ തുടരണം എന്നു പറയുന്ന ക്ലബല്ല ഞങ്ങൾ. കളിക്കാരും ക്ലബുകളും തമ്മിൽ ധാരണയിൽ എത്തണം, ഇതു ബിസിനെസാണ്. എന്നാൽ ഒരു താരത്തിനു ക്ലബ് വിടണമെങ്കിൽ അവർക്ക് പോകാം" ഗ്വാർഡിയോള വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit