'അത് എല്ലാവർക്കും ഒരു അദ്ഭുതമായിരുന്നു' - ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടതിനെ കുറിച്ച് പെപ് ഗ്വാർഡിയോള

Ali Shibil Roshan
Pep Guardiola and Lionel Messi
Pep Guardiola and Lionel Messi / 90min, Richard Heathcote/Getty Images, John Berry/Getty Images
facebooktwitterreddit

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ലയണൽ മെസ്സി എഫ്‌സി ബാഴ്‌സലോണ വിട്ടത് എല്ലാവർക്കും ഒരു അത്ഭുതമായിരുന്നെന്ന് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. പിഎസ്‌ജിക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് മുൻപ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗ്വാർഡിയോള.

ബാഴ്‌സലോണയുമായുള്ള കരാർ കഴിഞ്ഞ സീസണോട് കൂടെ അവസാനിച്ച മെസ്സിക്ക് സാമ്പത്തികപരവും, ഘടനാപരവുമായ തടസങ്ങൾ മൂലം പുതിയ കരാർ നൽകാൻ കഴിയില്ലെന്ന് കാറ്റലൻ വമ്പന്മാർ വ്യക്തമാക്കിയതോടെയാണ് താരം ക്ലബ് വിടുന്നത്. ഫ്രീ ട്രാൻസ്ഫറിൽ ഫ്രഞ്ച് ക്ലബായ പിഎസ്‌ജിയിലേക്കാണ് അർജന്റീന സൂപ്പർതാരം ചേക്കേറിയത്.

മെസ്സി ബാഴ്‌സലോണ വിടുന്നത് വളരെക്കാലം മുൻപ് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യമായിരുന്നെന്ന് പറയുന്ന ഗ്വാർഡിയോള, സംഭവിച്ചത് സംഭവിച്ചെന്നും, പാരീസിൽ താരം സന്തോഷവാനായിരിക്കും എന്നതാണ് പ്രധാനം എന്നും വ്യക്തമാക്കി.

"അത് എല്ലാവർക്കും ഒരു അത്ഭുതമായിരുന്നു. സംഭവിച്ചത് സംഭവിച്ചു. എല്ലാവരും അത് ഇപ്പോൾ അംഗീകരിക്കുന്നു," മെസ്സി ബാഴ്‌സലോണ വിട്ടതിനെ കുറിച്ച് ഗ്വാർഡിയോള മാധ്യമങ്ങളോട് പറഞ്ഞു [via മാഞ്ചസ്റ്റർ ഈവെനിംഗ് ന്യൂസ്].

"വളരെക്കാലം മുൻപ് അത് നിങ്ങൾക്ക് സങ്കൽപ്പിക്കാൻ പറ്റുമായിരുന്നില്ല, പക്ഷെ അത് സംഭവിച്ചു. ജീവിതത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾക്കറിയില്ല. പാരീസിൽ അവൻ സന്തോഷവാനായിരിക്കും എന്നതാണ് പ്രധാനം."

അതേ സമയം, പരിക്ക് മൂലം പിഎസ്‌ജിയുടെ കഴിഞ്ഞ രണ്ട് മത്സരങ്ങളും നഷ്ടമായ മെസ്സി, മാഞ്ചസ്റ്റർ സിറ്റിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ ഫ്രഞ്ച് ക്ലബിന്റെ നിരയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.


facebooktwitterreddit