Football in Malayalam

മാഞ്ചസ്റ്റർ സിറ്റിയിൽ ഡി ബ്രൂയ്‌നും സ്ഥാനത്തിനു വേണ്ടി പൊരുതേണ്ടി വരും, മുന്നറിയിപ്പു നൽകി പെപ് ഗ്വാർഡിയോള

Sreejith N
Watford v Manchester City - Premier League
Watford v Manchester City - Premier League / Richard Heathcote/GettyImages
facebooktwitterreddit

മാഞ്ചസ്റ്റർ സിറ്റിയിൽ സ്വന്തം സ്ഥാനം സ്ഥിരമാക്കുന്നതിനു വേണ്ടി സൂപ്പർതാരം കെവിൻ ഡി ബ്രൂയ്‌നും പൊരുതേണ്ടി വരുമെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോളയുടെ മുന്നറിയിപ്പ്. ജർമൻ ക്ലബായ ലീപ്‌സിഗുമായി നടക്കാനിരിക്കുന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഗ്വാർഡിയോള ബെൽജിയൻ താരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

യൂറോ കപ്പിനിടെ പരിക്കേറ്റ കെവിൻ ഡി ബ്രൂയന് പ്രീമിയർ ലീഗ് സീസണിന്റെ തുടക്കത്തിലേ മത്സരങ്ങൾ നഷ്‌ടമായിരുന്നു. അതിനു ശേഷം കോവിഡ് ബാധിച്ച താരം ഇപ്പോൾ ഫോം വീണ്ടെടുക്കുന്നതിന്റെ പാതയിലാണ്. വാട്ഫോഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിൽ പകരക്കാരനായി ഇറങ്ങിയ താരം ലീപ്‌സിഗിനെതിരെ ആദ്യ ഇലവനിൽ തന്നെയുണ്ടാകും എന്നും ഗ്വാർഡിയോള പറഞ്ഞു.

"ശാരീരികപരമായി മെച്ചപ്പെട്ടു വന്നിരുന്ന സമയത്താണ് കെവിൻ ഡി ബ്രൂയന് കോവിഡ് വൈറസ് ബാധിച്ചത് എന്നതിതൊരു തിരിച്ചടി തന്നെയായിരുന്നു.എന്നാലത് വളരെ സാധാരണ കാര്യമാണ്. കൊറോണ വൈറസ് ബാധിച്ചയാളുകൾക്ക് അടുത്ത ദിവസങ്ങളിൽ തന്നെ വലിയ ശൂന്യത അനുഭവപ്പെടും. അതിനെ പടി പടിയായാണ് നേരിടേണ്ടത്. അതിനു ശേഷം താരം മുപ്പതു മിനുട്ടുകൾ കളിച്ചു, ലീപ്‌സിഗിനെതിരെ ആദ്യ ഇലവനിലും ഇറങ്ങും. എത്ര മിനുട്ടുകൾ കളിക്കാൻ കഴിയുമെന്ന് നമുക്ക് നോക്കാം."

"തിരിച്ചു വരവിൽ എല്ലാവരെയും പോലെ താരവും തന്റെ പൊസിഷനു വേണ്ടി പൊരുതണം. കെവിൻ എനിക്കൊന്നും കാണിച്ചു തരേണ്ടതില്ലെങ്കിലും താൻ താനായി തന്നെ തിരിച്ചെത്തിയെന്നു മനസിലാക്കി തരണം. ഇക്കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളിൽ ചെയ്‌തതു പോലെ എല്ലാ മൂന്നു ദിവസം കൂടുമ്പോഴും ചെയ്യാൻ കഴിയുന്നത് ചെയ്യണം," ഗ്വാർഡിയോള വ്യക്തമാക്കി.

സിറ്റി ഗ്രൂപ്പ് ജേതാക്കളായി പ്രീ ക്വാർട്ടർ ഉറപ്പിച്ചതിനാൽ തന്നെ നിരവധി യുവതാരങ്ങൾക്ക് പെപ് ഗ്വാർഡിയോള ഇന്നു നടക്കാനിരിക്കുന്ന മത്സരത്തിൽ അവസരം നൽകിയേക്കും. രണ്ടാം സ്ഥാനത്തുള്ള പിഎസ്‌ജിയും യോഗ്യത നേടിയതിനാൽ ഗ്രൂപ്പിലെ അവസാന മത്സരങ്ങൾ അപ്രധാനമാണ്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit