Football in Malayalam

മെസിയുടെയും റൊണാൾഡോയുടെയും നേട്ടങ്ങൾ മറ്റൊരാൾക്കും ആവർത്തിക്കുക സാധ്യമല്ലെന്ന് പെപ് ഗ്വാർഡിയോള

Sreejith N
FC Barcelona v Manchester City FC - UEFA Champions League
FC Barcelona v Manchester City FC - UEFA Champions League / Matthew Ashton - AMA/GettyImages
facebooktwitterreddit

പിഎസ്‌ജിക്കെതിരെ നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കവെ ഫുട്ബോൾ ലോകം വളരെക്കാലമായി അടക്കി ഭരിച്ചു കൊണ്ടിരിക്കുന്ന ഇതിഹാസ താരങ്ങളായ ലയണൽ മെസിയെയും ക്രിസ്റ്റ്യാനോ റൊണാൾഡോയെയും പ്രശംസിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഈ രണ്ടു താരങ്ങളും തങ്ങളുടെ കരിയറിൽ സ്വന്തമാക്കിയ നേട്ടങ്ങൾ ആവർത്തിക്കാൻ മറ്റൊരു താരത്തിനും കഴിയില്ലെന്നാണ് പെപ് പറയുന്നത്.

നിലവിൽ റൊണാൾഡോക്ക് മുപ്പത്തിയാറു വയസും മെസിക്ക് മുപ്പത്തിനാലുമാണ് പ്രായമെങ്കിലും രണ്ടു പേരുടെയും ഫോമിൽ വലിയ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. തങ്ങൾ കളിച്ചു കൊണ്ടിരിക്കുന്ന ടീമിനു വേണ്ടി ഇപ്പോഴും ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഈ രണ്ടു താരങ്ങൾക്കു പിന്നിൽ തന്നെയാണ് ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചകളെല്ലാമുള്ളത്. ഈ രണ്ടു താരങ്ങൾ തമ്മിൽ നിലനിൽക്കുന്നതു പോലെയൊരു മത്സരം ഇനി ഭാവിയിൽ ഉണ്ടാകുമോയെന്ന ചോദ്യത്തിനു മറുപടി നൽകുകയായിരുന്നു പെപ്.

"ഈ രണ്ടു താരങ്ങളും ചെയ്‌ത കാര്യങ്ങൾ ആവർത്തിക്കാൻ അസാധ്യമായതു കൊണ്ടു തന്നെ അതിനി സംഭവിക്കുമെന്ന് ഞാൻ കരുതുന്നില്ല.ചിലപ്പോൾ അതുണ്ടായേക്കാം, പക്ഷെ ഉണ്ടാകുമെന്നു ഞാൻ കരുതുന്നില്ല. ഇത്രയും ഗോളുകളും അവർ വിജയിച്ച കിരീടങ്ങളുടെ എണ്ണങ്ങളും അസാധ്യം തന്നെയാണ്. ബുദ്ധിമുട്ടുള്ള കാര്യമാണത്. റൊണാൾഡോ, മെസി എന്നിവരെപ്പോലെ രണ്ടു താരങ്ങൾ ചെയ്‌തതു പോലെ ചെയ്യുന്നത് ചരിത്രത്തിൽ തന്നെ അതുല്യമാണെന്നു ഞാൻ കരുതുന്നു," പെപ് പറഞ്ഞു.

മെസിയെ വളരെക്കാലം പരിശീലിപ്പിച്ചതിനാൽ താരത്തിന്റെ നീക്കങ്ങളെപ്പറ്റി നന്നായി അറിയാമെങ്കിലും അതുകൊണ്ട് താരത്തെ തടുക്കാൻ കഴിയില്ലെന്നും ഗ്വാർഡിയോള പറഞ്ഞു. "അതു വളരെ ബുദ്ധിമുട്ടാണ്. ചിലപ്പോൾ കാലിലുള്ള പന്തു കൊണ്ട് എന്താണ് ചെയ്യുകയെന്നു താരത്തിനു പോലും അറിയില്ല. അപ്പോൾ മെസി ചെയ്യുകയെന്താണെന്ന് നമുക്കറിയുമെന്നതിനെപ്പറ്റി ചിന്തിച്ചു നോക്കൂ."

"മെസിയെന്താണ് ചെയ്യുകയെന്നു കളിക്കാരോട് പറയാൻ കഴിയില്ല. എംബാപ്പെ, ഡി മരിയ നെയ്‌മർ എന്നിവരെല്ലാം മുന്നേറ്റനിരയിലുള്ള ടീമിന്റെ കാര്യവും അങ്ങിനെയാണ്. ഇതിലൊരോരുത്തർക്കും ഏതു ടീമിലും പ്രധാന താരമാകാം, അവരെല്ലാം ഒരു ടീമിലുമാണ്. പക്ഷെ മെസി ഇപ്പോഴും കളിച്ചു കൊണ്ടിരിക്കുന്നതിൽ എനിക്ക് വളരെ സന്തോഷമുണ്ട്. താരം കളിക്കുന്ന നിലവാരവും ഗുണവും വെച്ചു നോക്കുമ്പോൾ അദ്ദേഹത്തെ നേരിടുന്നതും സന്തോഷമാണ്," പെപ് വ്യക്തമാക്കി.


facebooktwitterreddit