Football in Malayalam

പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച കളിക്കാരന്‍ ബെര്‍ണാഡോ സില്‍വയാണെന്ന് പെപ് ഗാര്‍ഡിയോള

Haroon Rasheed
Bernardo Silva has been hailed as the best player in the Premier League by Pep Guardiola
Bernardo Silva has been hailed as the best player in the Premier League by Pep Guardiola / Shaun Botterill/GettyImages
facebooktwitterreddit

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച താരം ബെര്‍ണാഡോ സില്‍വയാണെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗാര്‍ഡിയോള. കഴിഞ്ഞ ദിവസം പ്രീമിയര്‍ ലീഗില്‍ വില്ലാ പാര്‍ക്കില്‍ വെച്ച് നടന്ന ആസ്റ്റണ്‍ വില്ലക്കെതിരെ നടന്ന മത്സരത്തില്‍ സില്‍വ മികച്ചൊരു വോളി ഗോള്‍ നേടിയിരുന്നു. ഇതിന് പിന്നാലെയായിരുന്നു പെപിന്റെ പ്രതികരണം.

കഴിഞ്ഞ സമ്മറിൽ മാഞ്ചസ്റ്റർ സിറ്റി വിടുന്നതിന് അടുത്തെത്തിയ സിൽവ, 2021/22 സീസണിൽ മികച്ച പ്രകടനമാണ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർക്ക് വേണ്ടി പുറത്തെടുക്കുന്നത്. സീസണിലെ സിറ്റി ഏറ്റവും മികച്ച താരമാണെന്ന് പറയാവുന്ന സിൽവയാണ് ലീഗിലെ തന്നെ ഏറ്റവും മികച്ച താരമെന്നാണ് ഗ്വാർഡിയോള അഭിപ്രായപ്പെട്ടത്.

"രണ്ട്, മൂന്ന് സീസണുകൾക്ക് മുന്‍പ് ലീഗിലെ ഏറ്റവും മികച്ച താരമായിരുന്ന സില്‍വ തന്നെയാണ് നിലവിൽ ലീഗിലെ ഏറ്റവും മികച്ച താരം. ഞങ്ങള്‍ക്ക് 98 പോയിന്റുണ്ടായിരുന്ന സമയത്തെ വിഡിയോകൾ നോക്കിയാല്‍ നിങ്ങള്‍ക്ക് അത് മനസിലാകും," ആസ്റ്റൺ വില്ലക്കെതിരായ മത്സരശേഷം ഗ്വാർഡിയോള പറഞ്ഞതായി ദി ടൈംസ് റിപ്പോർട്ട് ചെയ്‌തു.

"പ്രത്യേക കഴിവുള്ള സിൽവക്ക് ആഗ്രഹിക്കുന്നതെല്ലാം ചെയ്യാനുള്ള കഴിവുണ്ട്. ഒരു മികച്ച ഗോള്‍കീപ്പര്‍ക്കെതിരെയായിരുന്നു അദ്ദേഹത്തിൻറെ ഫിനിഷ്," പെപ് കൂട്ടിച്ചേര്‍ത്തു. വില്ലക്കെതിരെ സിൽവ നേടിയത് ഒരു അതിശയകരമായ ഗോളായിരുന്നെന്നും ഗ്വാർഡിയോള പറഞ്ഞു.

സീസണിലെ ആദ്യ മത്സരത്തിൽ സില്‍വയുടെ സ്ഥാനം ബെഞ്ചിലായിരുന്നെങ്കിലും, സിറ്റിക്കായി പിന്നീടുള്ള 13 പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ആദ്യ ഇലവനിലെത്താന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ചാംപ്യന്‍സ് ലീഗിലാകട്ടെ, സിറ്റി കളിച്ച അഞ്ച് മത്സരങ്ങളിലും സില്‍വ ആദ്യ ഇലവനിൽ ഉണ്ടായിരുന്നു.

അതേ സമയം, 2025വരെ സില്‍വക്ക് മാഞ്ചസ്റ്റര്‍ സിറ്റിയുമായി കരാറുണ്ട്. അതിനാല്‍ താരത്തിന്റെ ഭാവിയെ കുറിച്ച് ഇപ്പോള്‍ ആശങ്കപ്പെടേണ്ട അവസ്ഥയിലല്ല സിറ്റി.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യൂ.

facebooktwitterreddit