Premier League

ബ്രസീൽ ടീം പരിശീലകനാവുമെന്ന അഭ്യൂഹങ്ങളിൽ പ്രതികരിച്ച് ഗ്വാർഡിയോള

Sreejith N
Pep Guardiola Denies Brazil Rumours
Pep Guardiola Denies Brazil Rumours / Robbie Jay Barratt - AMA/GettyImages
facebooktwitterreddit

2022 ലോകകപ്പിനു ശേഷം സ്ഥാനമൊഴിയുന്ന ടിറ്റെക്കു പകരക്കാരനായി ബ്രസീൽ ദേശീയ ടീം പരിശീലകനായി ചുമതല ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ നിഷേധിച്ച് പെപ് ഗ്വാർഡിയോള. ബ്രസീലിന് നിരവധി ബ്രസീലിയൻ പരിശീലകർ ഉണ്ടെന്നാണ് പെപ് ഗ്വാർഡിയോള ഇതേക്കുറിച്ച് പ്രതികരിച്ചത്.

ഖത്തർ ലോകകപ്പിനു ശേഷം ബ്രസീൽ ടീം പരിശീലകസ്ഥാനം ഒഴിയുമെന്ന സൂചനകൾ ടിറ്റെ തന്നെ നൽകിയിരുന്നു. ഇതേത്തുടർന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ അദ്ദേഹത്തിനു പകരക്കാരെ അന്വേഷിച്ചു തുടങ്ങിയെന്നും പെപ് ഗ്വാർഡിയോളയിലാണ് അവർക്കു താൽപര്യമെന്നും സ്‌പാനിഷ്‌ മാധ്യമം മാർക്കയാണ് റിപ്പോർട്ടു ചെയ്‌തത്‌.

ബ്രസീലിനെ പരിശീലിപ്പിക്കാൻ പ്രതിവർഷം പന്ത്രണ്ടു മില്യൺ യൂറോ പ്രതിഫലമായി നൽകി 2026 ലോകകപ്പ് വരെയുള്ള നാലു വർഷത്തെ കരാറാണ് വാഗ്‌ദാനം ചെയ്യപ്പെട്ടതെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്തകളെയെല്ലാം പെപ് ഗ്വാർഡിയോള ചുരുങ്ങിയ മറുപടിയിൽ പൂർണമായും നിഷേധിച്ചു.

"ദേശീയ ടീമിനെ പരിശീലിപ്പിക്കാൻ കഴിയുന്ന വളരെ മികച്ച നിരവധി ബ്രസീലിയൻ പരിശീലകർ ബ്രസീലിനുണ്ട്. വളരെ മികച്ച പരിശീലകരുണ്ട്, ഈ തർക്കം ഇവിടെ തീരുന്നു." ടിഎൻടി സ്പോർട്ടിനോട് സംസാരിക്കുമ്പോൾ ഗ്വാർഡിയോള വ്യക്തമാക്കി.

നേരത്ത ഡച്ച് ദേശീയ ടീമും ഗ്വാർഡിയോളയെ പരിശീലകനായി നിയമിക്കാൻ ശ്രമം നടത്തിയിരുന്നുവെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ആ സ്ഥാനം ലോകകപ്പിനു ശേഷം മുൻ ബാഴ്‌സലോണ പരിശീലകൻ കൂമാൻ ഏറ്റെടുക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2023ൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ഗ്വാർഡിയോളയുടെ കരാർ അവസാനിക്കുകയാണ്. അതിനു ശേഷവും അദ്ദേഹം ഇംഗ്ലണ്ടിൽ തന്നെ തുടരുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ദേശീയ ടീമിനെ പരിശീലിപ്പിക്കാനുള്ള ആഗ്രഹം ഗ്വാർഡിയോള മുൻപു വെളിപ്പെടുത്തിയിട്ടുമുണ്ട്.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit