Football in Malayalam

'ഇതിൽ നിന്നും പഠിക്കുമെന്നു കരുതുന്നു' - ലീപ്‌സിഗിനെതിരായ തോൽ‌വിയിൽ കെയ്ൽ വാക്കറെ വിമർശിച്ച് ഗ്വാർഡിയോള

Sreejith N
RB Leipzig v Manchester City: Group A - UEFA Champions League
RB Leipzig v Manchester City: Group A - UEFA Champions League / Maja Hitij/GettyImages
facebooktwitterreddit

ലീപ്‌സിഗിനെതിരെ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി തോൽവി വഴങ്ങിയതിനു പിന്നാലെ സിറ്റി താരമായ കെയ്ൽ വാക്കറെ വിമർശിച്ച് പരിശീലകൻ പെപ് ഗ്വാർഡിയോള. മത്സരത്തിൽ സിറ്റിക്ക് തിരിച്ചു വരാനുള്ള നിർണായക മിനിറ്റുകളിൽ വാക്കർ ലീപ്‌സിഗ് താരം ആന്ദ്രേ സിൽവയെ അനാവശ്യമായി ഫൗൾ ചെയ്‌തതിന്‌ ചുവപ്പുകാർഡ് വാങ്ങി പുറത്തു പോയിരുന്നു.

ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ടും ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും ഉറപ്പിച്ചാണ് മാഞ്ചസ്റ്റർ സിറ്റി ജർമൻ ക്ലബിന്റെ മൈതാനത്ത് കളിക്കാൻ ഇറങ്ങിയതെങ്കിലും മികച്ച സ്‌ക്വാഡിനെ തന്നെയാണ് പെപ് അണിനിരത്തിയത്. എന്നാൽ ഡൊമിനിക്ക് സോബോസ്‌ലായ്, ആന്ദ്രേ സിൽവ എന്നിവർ നേടിയ ഗോളുകളിൽ ലീപ്‌സിഗ് മുന്നിലെത്തുകയും തുടർന്ന് റിയാദ് മഹ്റേസ് ഒരു ഗോൾ സിറ്റിക്കായി മടക്കുകയും ചെയ്‌ത സമയത്താണ് കെയ്ൽ വാക്കർ ചുവപ്പുകാർഡ് നേടി പുറത്തു പോകുന്നത്.

"ആ ചുവപ്പുകാർഡ് ഞങ്ങളെ മുറിവേൽപ്പിച്ചു, പ്രത്യേകിച്ചും പ്രീ ക്വാർട്ടറിൽ. കെയ്ൽ വാക്കർ ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടൊരു താരമാണ്, ഇത്തരത്തിൽ അദ്ദേഹത്തെ നഷ്‌ടമായത്‌ തീർത്തും അനാവശ്യവുമായി. താരം ഇതിൽ നിന്നും പഠിക്കുമെന്നു കരുതുന്നു," പെപ് മത്സരത്തിനു ശേഷം പറഞ്ഞു.

ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ചുവപ്പുകാർഡ് വാങ്ങിയതോടെ ഫെബ്രുവരിയിൽ പ്രീ ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുമ്പോൾ ആദ്യത്തെ മത്സരത്തിൽ വാക്കർ പുറത്തിരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം താരത്തിന്റെ ശിക്ഷ വർധിപ്പിച്ചാൽ അത് ഗ്വാർഡിയോളക്കും സംഘത്തിനും കൂടുതൽ വലിയ തിരിച്ചടിയായി മാറും.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit