പിഎസ്ജിക്കെതിരായ വിജയത്തിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി താരത്തെ പ്രശംസിച്ച് ഗ്വാർഡിയോളയും ഗബ്രിയേൽ ജീസസും


പിഎസ്ജിയുമായി നടന്ന ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ വിജയം നേടിയതിനു പിന്നാലെ മാഞ്ചസ്റ്റർ സിറ്റി താരമായ ബെർണാർഡോ സിൽവയെ പ്രശംസ കൊണ്ടു മൂടി പെപ് ഗ്വാർഡിയോളയും ഗബ്രിയേൽ ജീസസും. മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ജീസസ് നേടിയ വിജയഗോളിന് വഴിയൊരുക്കിയ മനോഹരമായ അസിസ്റ്റ് ബെർണാർഡോ സിൽവയുടെ വകയായിരുന്നു.
റിയാദ് മഹ്റേസ് നൽകിയ ക്രോസ് ഗോളിലേക്ക് ഉതിർക്കുന്നതു പോലെ കാണിച്ച സിൽവ അത് തൊട്ടരികിൽ നിൽക്കുകയായിരുന്ന ജീസസിനു കട്ട്ബാക്കിലൂടെ നൽകുകയാണു പക്ഷെ ചെയ്തത്. ക്ളോസ് റേഞ്ചിൽ നിന്നും ബ്രസീലിയൻ താരം അത് അനായാസം വലയിലെത്തിച്ച് മാഞ്ചസ്റ്റർ സിറ്റിക്ക് വിജയം സമ്മാനിക്കുകയും ചെയ്തു. മത്സരത്തിനു ശേഷം തന്റെ വിജയഗോളിനെക്കുറിച്ച് ജീസസ് സംസാരിച്ചു.
Underrated magician ?
— GOAL News (@GoalNews) November 25, 2021
"അതാണു ബെർണാർഡോ. താരത്തിന്റെ നിലവാരം എനിക്ക് അറിയാവുന്നതു കൊണ്ടാണ് ഞാൻ കാത്തിരുന്ന് മികച്ചൊരു ഫിനിഷിംഗിലൂടെ ഗോൾ നേടിയത്. എനിക്ക് ഗോൾ നേടാനും ടീമിനെ സഹായിക്കാനും കഴിയുന്നുണ്ടെങ്കിൽ ഇറങ്ങുന്ന മത്സരങ്ങളിലെല്ലാം അതാണു ചെയ്യാനാഗ്രഹം. എനിക്കു ടീമിനെ സഹായിക്കണം, സഹായിക്കാൻ ശ്രമിക്കണം. ബെർണാർഡോ സിൽവയിൽ നിന്നും വന്നത് മികച്ചൊരു ഗോളായിരുന്നു, ഞാനത് ഗോളാക്കുകയും ചെയ്തു." ജീസസ് ബിടി സ്പോർട്ടിനോട് പറഞ്ഞു.
"സ്പേസ് ലഭിക്കുമ്പോൾ ഞങ്ങൾ നന്നായി ആക്രമിച്ചു കളിച്ചു, ബെർണാർഡോ സിൽവ മികച്ച നിലവാരമാണ് കാണിച്ചത്. ഏറ്റവും മികച്ച ടെക്നിക്കിനെക്കുറിച്ച് പറയുകയാണെങ്കിൽ അതിതൊക്കെയാണ്. ശരിയായ രീതിയിൽ വേണ്ട സമയത്ത് നിങ്ങളുടെ ടീമിന് ഗോൾ നേടാൻ ഏറ്റവും മികച്ച അവസരം ഒരുക്കി നൽകുക." താരത്തിന്റെ അസിസ്റ്റിനെക്കുറിച്ച് ഗ്വാർഡിയോള അഭിപ്രായപ്പെട്ടു.
ഇന്നലെ നടന്ന മത്സരത്തിൽ വിജയം നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ നോക്ക്ഔട്ട് ഘട്ടത്തിലേക്കു മുന്നേറിയിട്ടുണ്ട്. ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും സിറ്റി ഉറപ്പിച്ചതോടെ ആർബി ലീപ്സിഗിനെതിരെ നടക്കുന്ന അടുത്ത ചാമ്പ്യൻസ് ലീഗ് മത്സത്തിൽ പെപ്പിനു പല താരങ്ങൾക്കും വിശ്രമം അനുവദിക്കാൻ കഴിയും.