ഗ്രീസ്മാനെ കൂക്കിവിളിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു; അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് എന്റിക്വെ സെരസോ

Real Madrid CF v Club Atletico de Madrid - La Liga Santander
Real Madrid CF v Club Atletico de Madrid - La Liga Santander / Angel Martinez/GettyImages
facebooktwitterreddit

ബാഴ്‌സോലണയില്‍ നിന്ന് തിരിച്ചെത്തിയ അന്റോയിന്‍ ഗ്രീസ്മാനെ കൂക്കിവിളിച്ചവര്‍ ഇപ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നുണ്ടെന്ന് അത്ലറ്റിക്കോ മാഡ്രിഡ് പ്രസിഡന്റ് എന്റിക്വെ സെറസോ. മാര്‍ക്കക്ക് നല്‍കിയ അഭിമുഖത്തിലാണ് സെരസോ ഇക്കാര്യം വ്യക്തമാക്കിയത്. സീസണിലെ മികച്ച പ്രകടനം കാരണം അത്‌ലറ്റിക്കോ മാഡ്രിഡ് ആരാധകര്‍ക്ക് അദ്ദേഹത്തെ അഭിനന്ദിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2019ല്‍ ബാഴ്‌സലോണയിലേക്ക് പോയ ഗ്രീസ്മാൻ, കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ അത്ലറ്റിക്കോ മാഡ്രിഡിലേക്ക് തിരിച്ചെത്തിയപ്പോൾ കൂക്കുവിളികളോടെയാണ് ചില ആരാധകർ താരത്തെ വരവേറ്റിരുന്നത്. അതിന്റെ പശ്ചാത്തലത്തിലാണ് അത്ലറ്റിക്കോ പ്രസിഡന്റിന്റെ പരാമർശം.

"ഗ്രീസ്മാന്‍ മികച്ച താരമാണെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. അത്‌ലറ്റിക്കോ ആരാധകര്‍ അദ്ദേഹത്തെ തുടക്കത്തില്‍ കൂക്കിവിളിച്ചു എന്നത് സത്യമാണ്. എന്നാല്‍ രണ്ടാഴ്ചക്ക് ശേഷ് ഗ്രിസ്മാനെ കൂക്കിവിളിച്ചവര്‍ തന്നെ അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്തു. അദ്ദേഹം മികച്ച കളിക്കാരനായതിനാല്‍ ഞങ്ങൾ അക്കാര്യം പ്രതീക്ഷിച്ചിരുന്നു. താരം അത്‌ലറ്റിക്കോക്ക് കൂടുതല്‍ മികച്ച നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നതില്‍ സംശയമില്ല," സെരസോ വ്യക്തമാക്കി.

നിലവിൽ ലോണടിസ്ഥാനത്തിലാണ് ഗ്രീസ്മാന്‍ അത്ലറ്റിക്കോ മാഡ്രിഡിന് വേണ്ടി കളിക്കുന്നത്. ഈ സീസണിൽ അത്‌ലറ്റിക്കോ മാഡ്രിഡിന് വേണ്ടി 17 മത്സരങ്ങള്‍ കളിച്ച ഗ്രിസ്മാന്‍ ഏഴ് ഗോളും സ്വന്തം പേരില്‍ ചേര്‍ത്തിട്ടുണ്ട്. അതേ സമയം, നിലവിലെ ലാലിഗ ജേതാക്കളായ അത്‌ലറ്റിക്കോ 18 മത്സരങ്ങളിൽ നിന്ന് 29 പോയിന്റുമായി ലീഗ് പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണുള്ളത്.


ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.