കേരളത്തിലെ ആൾക്കാർ ബ്രസീലിയൻ ഫുട്ബോൾ ആരാധകരെപ്പോലെ; ഇന്ത്യയിലെ ട്രാഫിക്ക് തന്നെ ഞെട്ടിച്ചു - റോബർട്ടോ കാർലോസ്

Gokul Manthara
റൊണാൾഡോയും റോബർട്ടോ കാർലോസും
റൊണാൾഡോയും റോബർട്ടോ കാർലോസും / Soccrates Images/Getty Images
facebooktwitterreddit

ഫുട്ബോൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച പ്രതിരോധ താരങ്ങളിൽ ഒരാളാണ് ബ്രസീലിന്റെ റോബർട്ടോ കാർലോസ്. ഇന്ത്യയിലും ഒട്ടേറെ ആരാധകരുള്ള കാർലോസ് 2015ൽ നടന്ന മൂന്നാം എഡിഷൻ ഐ എസ് എല്ലിൽ ഡെൽഹി ഡൈനാമോസിന് വേണ്ടി കളിച്ചു കൊണ്ട് ഇന്ത്യൻ ഫുട്ബോളിലും തന്റെ പാദമുദ്ര പതിപ്പിച്ചു. ഐ എസ് എല്ലിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് സഞ്ചരിച്ച കാർലോസിന് അന്ന് മുതൽ ഇന്ത്യൻ ഫുട്ബോളിനെക്കുറിച്ച് പറയുമ്പോൾ നൂറു നാവാണ്.

കഴിഞ്ഞ ദിവസം തന്റെ മുൻ ക്ലബ്ബായ റയൽ മാഡ്രിഡിന്റെ ഇൻസ്റ്റഗ്രാം പേജിൽ ആരാധകരുമായി നടത്തിയ Q&A സെഷനിടെ ഇന്ത്യയെക്കുറിച്ചുള്ള നിരവധി ചോദ്യങ്ങൾ കാർലോസിന് നേരിടേണ്ടി വന്നു. അതിനെല്ലാം ഉത്തരങ്ങൾ നൽകിയ കാർലോസ്, കേരളത്തിലുള്ളവർ ബ്രസീലിയൻ ആരാധകരെപ്പോലെയാണെന്നും ചോദ്യങ്ങൾക്കൊന്നിന് ഉത്തരമായി നൽകി.

ഇന്ത്യയിൽ ഫുട്ബോൾ കളിക്കാൻ തനിക്ക് വളരെയധികം ആഗ്രഹമുണ്ടായിരുന്നുവെന്ന് പറയുന്ന കാർലോസ്, ഡെൽഹി ഡൈനാമോസുമായി കരാർ ഒപ്പിട്ടതോടെ അത് സാധ്യമായെന്നും വ്യക്തമാക്കി. ഇന്ത്യയെക്കുറിച്ചും, അവിടുത്തെ സംസ്കാരത്തെക്കുറിച്ചും അറിയുന്നത് അതിയായ ‌സന്തോഷം നൽകുന്ന കാര്യമായിരുന്നുവെന്നും ഇതിനൊപ്പം അദ്ദേഹം ചൂണ്ടിക്കാട്ടി.

ഭാവിയിൽ ഇന്ത്യ സന്ദർശിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും Q&A സെഷനിടെ കാർലോസ് വെളിപ്പെടുത്തി. ഇന്ത്യൻ നഗരങ്ങളായ മുംബൈ, ഡെൽഹി, ചെന്നൈ, ഗോവ എന്നിവിടങ്ങളെക്കുറിച്ച് താൻ പ്രായോഗികമായി മനസിലാക്കിയെന്നും അത് മഹത്തായ അനുഭവമായിരുന്നുവെന്നും പറയുന്ന കാർലോസ്, കേരളത്തിലെ ആളുകൾ ബ്രസീലിയൻ ഫുട്ബോൾ ആരാധകരെപ്പോലെയാണെന്നും ഒരുപാട് കാര്യങ്ങൾ താൻ അവിടെ നിന്ന് പഠിച്ചുവെന്നും കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ട്രാഫിക്ക് തന്നെ വളരെയധികം അത്ഭുതപ്പെടുത്തിയെന്ന് കാർലോസ് പറയുന്നു‌. ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആകർഷിച്ച കാര്യം അവിടുത്തെ ഭക്ഷണമായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന കാർലോസ്, അവിടുത്തെ ഭക്ഷണം വളരെ രുചികരമാണെന്നും എരിവുള്ള ഭക്ഷണം ഇഷ്ടപ്പെടുന്ന തനിക്ക് വേണ്ടതെല്ലാം ഇന്ത്യയിൽ ലഭിച്ചുവെന്നും വ്യക്തമാക്കി.

ലോക പ്രശസ്തമായ ഇന്ത്യയിലെ സ്ട്രീറ്റ് ഫുഡ് പരീക്ഷിച്ചിട്ടുണ്ടോ എന്ന ചോദ്യവും Q&A സെഷനിടെ കാർലോസിന് നേരിടേണ്ടി വന്നു. അതിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു." അതെ ഞാൻ പരീക്ഷിച്ചു നോക്കി. എനിക്ക് അത് വളരെയധികം ഇഷ്ടപ്പെട്ടു. മാഡ്രിഡിൽ നിരവധി ഇന്ത്യൻ റെസ്റ്റോറന്റുകളുണ്ട്. ഇടക്കൊക്കെ ഞാൻ അവിടെ പോയി ഭക്ഷണം കഴിക്കാറുമുണ്ട്."

അതേ സമയം 2015ൽ ഡെൽഹി ഡൈനാമോസിന്റെ പ്ലേയർ കം പരിശീലകനായി ഐ എസ് എല്ലിലെത്തിയ കാർലോസ് ആ സീസണിൽ ഡെൽഹിയെ ഐ എസ് എല്ലിന്റെ പ്ലേ ഓഫിലെത്തിച്ചിരുന്നു‌. മൂന്ന് മത്സരങ്ങളിൽ അദ്ദേഹം ഡെൽഹിക്കായി കളിക്കാനിറങ്ങുകയും ചെയ്തു. അന്ന് ഡെൽഹി ഡൈനാമോസ് കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കളിക്കാൻ കൊച്ചിയിലെത്തിയപ്പോൾ വലിയ പിന്തുണയായിരുന്നു കേരളത്തിലെ ഫുട്ബോൾ പ്രേമികളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചത്.


facebooktwitterreddit