Serie A

തന്റെ ഗോൾറെക്കോർഡ് മറികടന്ന റൊണാൾഡോക്ക് ഹൃദയസ്പർശിയായ സന്ദേശവുമായി പെലെ

Sreejith N
Portuguese football player Cristiano Ron
Portuguese football player Cristiano Ron / FABRICE COFFRINI/Getty Images
facebooktwitterreddit

കാഗ്ലിയാരിക്കെതിരെ ഇന്നലെ നടന്ന സീരി എ മത്സരത്തിൽ ഹാട്രിക്ക് നേടി കരിയർ ഒഫിഷ്യൽ ഗോളുകളുടെ എണ്ണത്തിൽ തന്നെ മറികടന്ന ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് അഭിനന്ദന സന്ദേശവുമായി ബ്രസീലിയൻ ഇതിഹാസം പെലെ. ഇന്നലെ വെറും മുപ്പത്തിരണ്ട് മിനുട്ടുകൊണ്ടാണ് റൊണാൾഡോ യുവന്റസിന് വേണ്ടി ഹാട്രിക്ക് നേട്ടം സ്വന്തമാക്കി കരിയർ ഗോളുകളുടെ എണ്ണം 770 ആയി ഉയർത്തിയത്.

"ജീവിതം ഒരു ഏകാന്തയാത്രയാണ്, ഓരോരുത്തരും അവരവരുടേതായ രീതിയിൽ യാത്ര ചെയ്തു കൊണ്ടിരിക്കുന്നു. എന്തൊരു മനോഹരമായ യാത്രയാണ് നിങ്ങളുടേത്. ഞാൻ നിങ്ങളെ വളരെയധികം ആരാധിക്കുകയും നിങ്ങളുടെ കളികൾ കാണാൻ ഇഷ്ടപ്പെടുകയും ചെയ്യുന്നുവെന്നത് രഹസ്യമായ കാര്യമല്ല. ഒഫിഷ്യൽ മത്സരങ്ങളിലെ എന്റെ ഗോൾ റെക്കോർഡ് മറികടന്നതിന് അഭിനന്ദനങ്ങൾ."

"ഇന്ന് നിങ്ങൾക്കൊരു ആലിംഗനം നൽകാൻ കഴിയില്ലെന്നാണ് എന്റെ ഏറ്റവും വലിയ നിരാശ. എന്നാൽ ഞാനീ ചിത്രം ബഹുമാനാർത്ഥം ചേർക്കുന്നു. നിരവധി വർഷങ്ങളായി നിലനിൽക്കുന്ന ഒരു സുഹൃത്ബന്ധത്തിന്റെ പ്രതീകമായി, വളരെയധികം വാത്സല്യത്തോടെയാണ് ഞാനിതു ചേർക്കുന്നത്." റൊണാൾഡോക്കൊപ്പം നിൽക്കുന്ന ചിത്രത്തിനൊപ്പം ഇൻസ്റ്റാഗ്രാമിൽ പെലെ കുറിച്ചു.

ക്രിസ്റ്റിന റൊണാൾഡോയുടെ 770 ഗോളുകളിൽ 668 എണ്ണവും വിവിധ ക്ലബുകൾക്ക് വേണ്ടിയായിരുന്നു. സ്പോർട്ടിങ് ലിസ്ബണ് വേണ്ടി അഞ്ചും മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി 118 ഗോളും നേടിയിട്ടുള്ള റൊണാൾഡോ ഏറ്റവുമധികം ഗോളുകൾ നേടിയിട്ടുള്ളത് റയൽ മാഡ്രിഡിന് വേണ്ടിയാണ്. 450 തവണ ലോസ് ബ്ലാൻകോസിനു വേണ്ടി വലകുലുക്കിയ റൊണാൾഡോ യുവന്റസിനായി 95 ഗോളുകളും നേടി.

പോർച്ചുഗൽ ടീമിന് വേണ്ടി 102 ഗോളുകൾ നേടിയിട്ടുള്ള റൊണാൾഡോക്ക് ദേശീയ ടീമിന് വേണ്ടി ഏറ്റവുമധികം ഗോൾ നേടിയ താരമെന്ന നേട്ടവും സ്വന്തമാക്കാൻ അവസരമുണ്ട്. നിലവിലെ ഫോം കണക്കിലെടുക്കുമ്പോൾ അടുത്തു തന്നെ താരം ആ റെക്കോർഡും സ്വന്തം പേരിലാക്കുമെന്നുറപ്പാണ്.

facebooktwitterreddit