Football in Malayalam

റയൽ മാഡ്രിഡ് കരാർ നൽകിയാൽ നിരസിക്കുമായിരുന്നില്ല, മെസിക്കൊപ്പം കളിക്കുക സ്വപ്‌നമായിരുന്നെന്നും പെഡ്രി

Sreejith N
Athletic Club v FC Barcelona - La Liga Santander
Athletic Club v FC Barcelona - La Liga Santander / Juan Manuel Serrano Arce/GettyImages
facebooktwitterreddit

ചെറുപ്പത്തിൽ റയൽ മാഡ്രിഡിൽ ട്രയൽസിൽ പങ്കെടുത്ത സമയത്ത് അവർ കരാർ നൽകിയിരുന്നെങ്കിൽ അതു താൻ നിരസിക്കുമായിരുന്നില്ലെന്ന് ബാഴ്‌സലോണ മധ്യനിരതാരം പെഡ്രി. എന്നാൽ റയൽ മാഡ്രിഡ് തന്നെ തഴഞ്ഞതു കൊണ്ട് പ്രിയപ്പെട്ട ക്ലബായ ബാഴ്‌സലോണയിലേക്ക് ചേക്കേറാനും ഇഷ്‌ടതാരമായ ലയണൽ മെസിയിൽ നിന്നും നിർദ്ദേശങ്ങൾ നേടാനും പലതും മനസിലാക്കാനും കഴിഞ്ഞുവെന്ന് പെഡ്രി പറഞ്ഞു.

"എനിക്ക് പതിനഞ്ചു വയസുള്ളപ്പോൾ റയൽ മാഡ്രിഡ് എന്നെ ടെസ്റ്റിനായി വിളിച്ചിരുന്നു. എന്നാൽ ആ ദിവസം വലിയ മഞ്ഞുവീഴ്‌ച ഉണ്ടായതിനാൽ അതു മാറ്റിവെക്കേണ്ടി വന്നു. പിറ്റേന്ന് ഞാൻ അക്കാദമിക്കൊപ്പം ചെറിയ ട്രെയിനിങ്ങിൽ പങ്കെടുത്തു. ചിലപ്പോൾ അവർക്കെന്നെ കുറിച്ച് നേരത്തെ ഒരു ധാരണ ഉണ്ടായിരിക്കാം, ഞാനതിനു ശേഷം ടെനെറിഫെയിലേക്ക് തിരിച്ചു പോന്നു. എന്തായാലും ഞാൻ റയലിനെ നിരസിക്കുമായിരുന്നില്ല."

"അവസരങ്ങൾ മുതലെടുക്കണം, അവ വന്നുകൊണ്ടിരിക്കും. എന്തോ സംഭവിച്ചുവെന്നു പറയാമെങ്കിലും പ്രതികൂല സാഹചര്യങ്ങളുടെ കൂടിച്ചേരലായിരുന്നു അവിടെയുണ്ടായത്. എന്തായാലും അവർക്കാണ് എന്നെ സ്വന്തമാക്കാൻ താൽപര്യം ഇല്ലാതിരുന്നത്." പെഡ്രി ടുട്ടോസ്പോർട്ടിനോട് പറഞ്ഞു. ലയണൽ മെസിക്കൊപ്പം കളിച്ചതിനെക്കുറിച്ചും പെഡ്രി പറഞ്ഞു.

"ലയണൽ മെസിക്കൊപ്പം കളിക്കുക ഒരു സ്വപ്‌നമായിരുന്നു. താരം ഗോൾഡൻ ബോയ് ആകുമ്പോൾ എനിക്ക് മൂന്നു വയസായിരുന്നു പ്രായം. ബാഴ്‌സലോണ ആരാധകർക്ക് എന്നും ഇതിഹാസമായ അദ്ദേഹത്തിൽ നിന്നും ഉപദേശങ്ങൾ സ്വീകരിക്കാൻ കഴിഞ്ഞത് എനിക്ക് വലിയ ബഹുമതിയാണ്."

"അദ്ദേഹത്തെപ്പോലെയൊരു താരത്തിൽ നിന്നും ഉപദേശങ്ങൾ നേടുന്നത് ഇഷ്ടപ്പെടാത്ത ഏതു യുവതാരമാണുള്ളത്? എന്നെ ആശംസിച്ച അദ്ദേഹം ഒരിക്കലും തളർന്നു പോകരുതെന്നു പറഞ്ഞു. താരത്തെപ്പോലെയൊരാൾ അങ്ങിനെയൊരു കാര്യം പറയുമ്പോൾ പതിനേഴു വയസുള്ള നിങ്ങൾക്ക് എന്തു ചെയ്യാനാകും? ആകെ ചെയ്യാൻ കഴിയുക അനുസരിക്കുക എന്നതു മാത്രമാണ്." പെഡ്രി വ്യക്തമാക്കി.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit