ബാഴ്‌സലോണ തനിക്ക് ഏറ്റവും അനുയോജ്യമായ ക്ലബാവുന്നതെങ്ങിനെയെന്നു വെളിപ്പെടുത്തി പെഡ്രി
By Sreejith N

ബാഴ്‌സലോണ തനിക്ക് ഏറ്റവും അനുയോജ്യമായ ക്ലബ് ആകുന്നതെങ്ങിനെയെന്നു വെളിപ്പെടുത്തി യുവതാരം പെഡ്രി. പത്തൊൻപതാം വയസിൽ തന്നെ ക്ലബിന്റെയും സ്പെയിൻ ദേശീയ ടീമിന്റെയും പ്രധാനതാരമായി മാറിയ പെഡ്രി മനോഹരമായ ഫുട്ബോൾ കളിക്കാനുള്ള ബാഴ്‌സലോണയുടെ ആഗ്രഹമാണ് തന്നെ ക്ലബ്ബിലേക്ക് അടുപ്പിച്ചതെന്നു കഴിഞ്ഞ ദിവസം വ്യക്തമാക്കി.
കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയുടെ ഏറ്റവും പ്രധാനപ്പെട്ട താരമായിരുന്നു പെഡ്രി. പെഡ്രിയുടെ അഭാവത്തിൽ ബാഴ്‌സലോണ പതറിയതിനെ തുടർന്ന് മെസിയെ ആശ്രയിച്ചിരുന്നതു പോലെ ബാഴ്‌സലോണ പെഡ്രിയെ ആശ്രയിക്കുന്നില്ലെന്ന് സാവിക്ക് പറയേണ്ടി വരികയും ചെയ്‌തു. അതേസമയം കിരീടങ്ങൾ നേടുന്നതിനേക്കാൾ തനിക്ക് സംതൃപ്‌തി തരുന്നത് മനോഹരമായ ഫുട്ബോൾ തന്നെയാണെന്നാണ് പെഡ്രിയുടെ വാക്കുകൾ വ്യക്തമാക്കുന്നത്.
"ഞാൻ കളിക്കുന്ന സ്ഥലങ്ങളിലെല്ലാം എന്റെ ശൈലിക്കു വേണ്ടി തന്നെയാണ് ശ്രമിക്കുക. പക്ഷെ മറ്റെവിടെയാണെങ്കിലും ഞാൻ വളരെയധികം ബുദ്ധിമുട്ടും. ചില ക്ലബുകൾ വിജയം നേടുന്നതിൽ സംതൃപ്‌തരാകും, അവരത് എങ്ങിനെ വേണമെങ്കിലും ചെയ്യും. ബാഴ്‌സലോണക്കും വിജയം നേടണം, പന്ത് കൈവശം വെച്ചു കളിച്ചും അവസരങ്ങൾ ഉണ്ടാക്കിയുമെന്നതാണ് അവരുടെ ആശയം. ഞാനീ ഫുട്ബോൾ കൂടുതൽ ഇഷ്‌ടപ്പെടുന്നു."
"സാവിക്ക് വളരെ കൃത്യമായൊരു ആശയമുണ്ട്. ഞങ്ങൾ ഓരോരുത്തരും എന്തു ചെയ്യണമെന്ന് അദ്ദേഹത്തിനറിയാം. മധ്യനിര താരങ്ങൾ ലൈനുകൾക്കിടയിൽ എന്തു ചെയ്യണമെന്നും പന്ത് ഓരോ ലൈനുകളിൽ നിന്നും മറ്റുള്ളവയിലേക്ക് മാറ്റി കൊടുക്കുന്നതുമടക്കം അദ്ദേഹത്തെ കാണുമ്പോൾ നമുക്ക് അതിമനോഹരമായി തോന്നുന്നതെല്ലാം ഞങ്ങൾക്കു നൽകാൻ സാവി ശ്രമിക്കും." പെഡ്രി ഗാർഡിയനോട് പറഞ്ഞു.
സ്വന്തം കഴിവിലുള്ള വിശ്വാസമാണ് മറ്റു യുവതാരങ്ങളിൽ നിന്നും തന്നെ വ്യത്യസ്‌തനാക്കി നിർത്തുന്നതെന്നും പെഡ്രി പറഞ്ഞു. കഴിഞ്ഞ സീസണിൽ ലീഗിൽ ബാഴ്‌സലോണയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ പെഡ്രിയുടെ മികച്ച പ്രകടനം തുണച്ചിരുന്നു. നിലവിൽ പരിക്കു മൂലം പുറത്തിരിക്കുന്ന താരം സ്‌പെയിനിന്റെ യുവേഫ നേഷൻസ് ലീഗ് മത്സരങ്ങൾക്കുള്ള സ്‌ക്വാഡിൽ ഇടം നേടിയിരുന്നില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.