11 മാസത്തിനുള്ളിൽ 70 മത്സരങ്ങൾ കളിച്ചത് തന്നെ ക്ഷീണിതനാക്കിയിട്ടില്ലെന്ന് പെഡ്രി; ആശ്വാസം ബാഴ്സലോണക്ക്

ഇക്കഴിഞ്ഞ ഒരു വർഷത്തിനിടെ സ്പാനിഷ് യുവ താരം പെഡ്രിയുടെയത്ര മത്സരങ്ങൾ പ്രൊഫഷണൽ ഫുട്ബോളിൽ കളിച്ചിട്ടുള്ള താരങ്ങൾ വിരളമാണ്. ബാഴ്സലോണക്കും, സ്പെയിനും വേണ്ടി അവസാന 11 മാസത്തിനിടെ എഴുപതോളം മത്സരങ്ങൾ കളിച്ചു കഴിഞ്ഞ പെഡ്രി, മത്സരാധിക്യം മൂലം മാനസികമായും ശാരീരികമായും ക്ഷീണിതനായെന്ന ആശങ്ക അദ്ദേഹത്തിന്റെ ആരാധകർ സമീപകാലത്തായി പങ്ക് വെക്കുന്നുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം കറ്റലൂണ്യ റേഡിയോയോട് സംസാരിക്കവെ താൻ ക്ഷീണിതനാണെന്ന ആരാധകരുടെ ആശങ്കയോട് പെഡ്രി പ്രതികരിച്ചു. തനിക്ക് ക്ഷീണമില്ലെന്നും, താൻ എല്ലായ്പ്പോളും വിശ്രമിക്കാൻ ശ്രമിക്കുന്നതായും വ്യക്തമാക്കിയ പെഡ്രി, അല്പം ഉറക്കം കണ്ടെത്തുന്നത് തന്നെ സംബന്ധിച്ച് പ്രയാസമുള്ള കാര്യമല്ലെന്നും, അത് തന്നെ വളരെയധികം സഹായിക്കുന്നതായും കൂട്ടിച്ചേർത്തു.
Pedri started 40 out of 54 games for Barcelona, and he missed only one minute in EURO 2020.
— B/R Football (@brfootball) July 28, 2021
He started the full 90 minutes in the first two games of Spain's Olympic run, and the first rest he got was with 17 minutes to go in the third game ? pic.twitter.com/S9PiUlePRp
തുടർച്ചയായുള്ള മത്സരങ്ങൾ തന്നെ തളർത്തിയിട്ടില്ലെന്ന് പറയുന്ന പെഡ്രി, ബാഴ്സലോണയുടെ നിർദ്ദേശം അനുസരിച്ചായിരിക്കും ഇത്തവണ തന്റെ അവധിക്കാലമെന്നും കൂട്ടിച്ചേർത്തു. അതേ സമയം വരും സീസണിൽ ബാഴ്സലോണയുടെ തന്ത്ര ങ്ങളിലെ പ്രധാനികളിൽ ഒരാളായിരിക്കും പെഡ്രി. അത് കൊണ്ടു തന്നെ ഇത്രയധികം മത്സരങ്ങൾ കളിച്ചിട്ടും താൻ ഒട്ടും ക്ഷീണിതനല്ലെന്ന പെഡ്രിയുടെ വാക്കുകൾ കറ്റാലൻക്ലബ്ബിനും അവരുടെ ആരാധകർക്കും നൽകുന്ന ആവേശവും ആശ്വാസവും ചെറുതല്ല.
നേരത്തെ 2020-21 സീസണിൽ ബാഴ്സലോണക്കായി ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച പെഡ്രി, മൊത്തം 52 മത്സരങ്ങളിലായിരുന്നു ടീമിനായി കളിക്കാനിറങ്ങിയത്. ക്ലബ്ബ് സീസണ് ശേഷം യൂറോ കപ്പിൽ സ്പെയിനൊപ്പം കളിച്ച ഈ കൗമാര താരം സെമി ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങളിലും അവർക്കായി ജേഴ്സിയണിഞ്ഞു. യൂറോ കപ്പിന്റെ സെമിഫൈനലിൽ ഇറ്റലിയയോട് പരാജയപ്പെട്ട് സ്പെയിൻ പുറത്തായതോടെ നാട്ടിലേക്ക് മടങ്ങിയെത്തിയ ഈ പതിനെട്ടുകാരൻ, തുടർന്ന് ടോക്കിയോ ഒളിമ്പിക്സിൽ സ്പെയിന് വേണ്ടി കളിക്കാൻ യാത്ര തിരിച്ചു. ഒളിമ്പിക്സിൽ സ്പെയിന്റെ ആദ്യ രണ്ട് ഗ്രൂപ്പ് മത്സരങ്ങളിലും മുഴുവൻ സമയവും കളിച്ച പെഡ്രിക്ക് ടീം ഫൈനലിലെത്തിയാൽ ഓഗസ്റ്റ് 7 വരെ ഒളിമ്പിക്സ് ടീമിനൊപ്പം തുടരേണ്ടിവരും.