Football in Malayalam

"മെസി ഇതിനേക്കാൾ മികച്ച ഗോളുകൾ നേടിയിട്ടുണ്ട്"- മെസിയുമായി താരതമ്യം ചെയ്യുന്നതിനോടു പ്രതികരിച്ച് പെഡ്രി

Sreejith N
Pedri Plays Down Comparisons With Lionel Messi
Pedri Plays Down Comparisons With Lionel Messi / Quality Sport Images/GettyImages
facebooktwitterreddit

ഗളത്സരക്കെതിരെ ബാഴ്‌സലോണ പൊരുതി നേടിയ യൂറോപ്പ ലീഗ് പ്രീ ക്വാർട്ടർ വിജയത്തിൽ നിർണായക പങ്കു വഹിച്ചതിനു ശേഷം മെസിയുമായുമായുള്ള താരതമ്യങ്ങളെ തള്ളിക്കളഞ്ഞ് ബാഴ്‌സലോണ താരം പെഡ്രി. മത്സരത്തിന്റെ ഇരുപത്തിയെട്ടാം മിനുട്ടിൽ മാർക്കാവോ നേടിയ ഗോളിൽ തുർക്കിഷ് ക്ലബ് ബാഴ്‌സയെ ഞെട്ടിച്ചെങ്കിലും പെഡ്രി, ഒബാമയാങ് എന്നിവരിലൂടെ കാറ്റലൻസ് തിരിച്ചു വരികയായിരുന്നു.

മത്സരത്തിൽ പെഡ്രി നേടിയ ഗോൾ മനോഹരമായ ഒന്നായിരുന്നു. ഫെറൻ ടോറസിൽ നിന്നും ബോക്‌സിനുള്ളിൽ പന്തു സ്വീകരിച്ച താരം അതു ഗോളിലേക്ക് തിരിച്ചു വിടുന്നതിനു മുൻപുള്ള നീക്കത്തിൽ മൂന്നോളം ഗളത്സര താരങ്ങളെയാണ് മറികടന്നത്. മെസിയുടെ നീക്കങ്ങളെ ഓർമിപ്പിക്കുന്ന ഒരു ഗോളായിരുന്നു അതെങ്കിലും ആ താരതമ്യം പെഡ്രി തള്ളിക്കളഞ്ഞു.

"ഒരിക്കലുമില്ല. മെസി അതിനേക്കാൾ മികച്ച ഒരുപാട് ഗോളുകൾ നേടിയിട്ടുണ്ട്. മെസിയെ ഞാനുമായി താരതമ്യം ചെയ്യുന്നത് ഭ്രാന്തമായ കാര്യമാണ്. അവർ മുന്നിലെത്തിയതിനു ശേഷം പെട്ടന്നൊരു ഗോൾ നേടിയത് ഞങ്ങളെ സഹായിച്ചു. ഒരു കാൽ കണ്ടതിനാൽ ഞാൻ മടിക്കുകയും ഷോട്ട് എടുക്കുന്നതു വരെ മുന്നേറുകയും ചെയ്‌തു."

"ആ നീക്കം എനിക്കോർമ്മയില്ല. മൈതാനത്ത് അതുപോലെയുള്ള കാര്യങ്ങളെല്ലാം എനിക്ക് സ്വാഭാവികമായി വരുന്നു. എനിക്ക് കളിക്കളത്തിൽ കൂടുതൽ ചിന്തിക്കേണ്ടി വരുന്നില്ലെന്നത് ഭാഗ്യമാണ്." പത്തൊൻപതുകാരനായ താരം മത്സരത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ പറഞ്ഞു.

റയൽ മാഡ്രിഡുമായുള്ള എൽ ക്ലാസിക്കോ മത്സരം ഞായറാഴ്‌ച നടക്കാനിരിക്കെ എതിരാളികൾക്ക് മുന്നറിയിപ്പും പെഡ്രി നൽകി. ബാഴ്‌സലോണ തങ്ങൾക്ക് ആവശ്യമുള്ള തരത്തിൽ മനോഹരമായ ഫുട്ബോൾ കളിക്കുകയും അതു വളരെയധികം ആസ്വദിക്കുകയും ചെയ്യുന്നുണ്ടെന്നും മത്സരത്തിൽ വിജയം നേടാൻ ടീമിന് കഴിയുമെന്നും പെഡ്രി പറഞ്ഞു.

ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.

facebooktwitterreddit