സാധ്യമാകുമ്പോഴെല്ലാം മെസിയുടെ മത്സരങ്ങൾ കാണാറുണ്ട്, താരം ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിൽ പെഡ്രി


സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിലേക്ക് ചേക്കേറിയ ലയണൽ മെസി ഫ്രഞ്ച് ക്ലബിനൊപ്പം പതറുന്നത് വേദനിപ്പിക്കുന്ന അനുഭവമാണെന്ന് ബാഴ്സലോണ താരം പെഡ്രി. അർജന്റൈൻ താരം ബാഴ്സലോണയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച പെഡ്രി സാധ്യമാകുമ്പോഴെല്ലാം മെസി കളിക്കുന്ന മത്സരങ്ങൾ കാണാറുണ്ടെന്നും വ്യക്തമാക്കി.
ബാഴ്സലോണയിൽ വളരെക്കാലമായി മികച്ച ഫോമിൽ കളിക്കുന്ന മെസി പിഎസ്ജിയിൽ എത്തിയതിനു ശേഷം വലിയ വിമർശനം നേരിട്ടു കൊണ്ടിരിക്കുകയാണ്. പതിനെട്ടു ലീഗ് മത്സരങ്ങളിൽ നിന്നും രണ്ടു ഗോൾ മാത്രമേ താരത്തിന് നേടാൻ കഴിഞ്ഞിട്ടുള്ളൂ എന്നതിനൊപ്പം റയൽ മാഡ്രിഡിനോട് തോറ്റ് വമ്പൻ താരങ്ങൾ നിറഞ്ഞ പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തു പോവുകയും ചെയ്തു.
"എനിക്ക് കഴിയുന്ന സമയത്തെല്ലാം ഞാൻ മെസിയുടെ മത്സരങ്ങൾ കാണാറുണ്ട്. കാരണം ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ താരം കളിക്കുമ്പോൾ നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ അതിൽ നിന്നും മനസിലാക്കാനുണ്ട്. എന്നാൽ ഒരു സുഹൃത്തെന്ന നിലയിൽ ഞാൻ കാണുന്നയാളുടെ കാര്യങ്ങൾ ശരിയായി വന്നില്ലെങ്കിൽ അതു വേദനിപ്പിക്കുന്ന കാര്യമാണ്."
"മൈതാനത്തും പുറത്തും ലിയോക്കൊപ്പം മഹത്തായൊരു സമയമാണ് എനിക്കു ലഭിച്ചത്. വളരെ മികച്ചൊരു വ്യക്തിയായ താരത്തിന് തിരിച്ചു വരാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. താരത്തിനൊപ്പം കളിച്ചതും ഒരു സഹതാരമായി മെസിയെ ലഭിച്ചതും വളരെ സന്തോഷം നൽകിയ കാര്യമാണ്." പെഡ്രി ലാ വാൻഗ്വാർഡിയയോട് പറഞ്ഞു.
ലയണൽ മെസി പിഎസ്ജിയിൽ പതറുമ്പോൾ സമാനമായ പ്രതിസന്ധി തന്നെയാണ് സീസണിന്റെ പകുതി വരെ ബാഴ്സലോണ നേരിട്ടത്. എന്നാൽ ജനുവരി ട്രാൻസ്ഫർ ജാലകത്തിനു ശേഷം ഗംഭീര തിരിച്ചുവരവ് നടത്തുന്ന ടീം അവസാനം കളിച്ച പന്ത്രണ്ടു മത്സരങ്ങളിലും തോൽവി അറിഞ്ഞിട്ടില്ല.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.