Football in Malayalam

അവിശ്വസനീയ റെക്കോർഡുകളിലൊന്നിൽ ബ്രൂണോ ഫെർണാണ്ടസിനൊപ്പമെത്തി സ്പാനിഷ് യുവ താരം പെഡ്രി

By Gokul Manthara
Japan v Spain - U-24 International Friendly
Japan v Spain - U-24 International Friendly / Etsuo Hara/Getty Images
facebooktwitterreddit

ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന ഫുട്ബോൾ താരമെന്ന റെക്കോർഡിൽ പോർച്ചുഗീസ് മിഡ്ഫീൽഡർ ബ്രൂണോ ഫെർണാണ്ടസിനൊപ്പമെത്തി‌ സ്പാനിഷ് കൗമാര താരം പെഡ്രി. ടോക്കിയോ ഒളിമ്പിക്സിന്റെ സെമി ഫൈനലിൽ ഇന്ന് സ്പെയിന് വേണ്ടി കളിക്കാനിറങ്ങിയതോടെ 2020-21 സീസണിൽ പെഡ്രി കളിച്ച മത്സരങ്ങളുടെ എണ്ണം 72 ആയി. ഒരു സീസണിൽ 72 മത്സരങ്ങൾ കളിച്ച് ബ്രൂണോ ഫെർണാണ്ടസ് ഒറ്റക്ക് കൈവശം വെച്ചിരുന്ന റെക്കോർഡാണ് ഇതോടെ പെഡ്രിക്ക് കൂടി സ്വന്തമായത്.

നിലവിൽ ഈ ‌സീസണിൽ 72 മത്സരങ്ങൾ കളിച്ച്, ഒരു സീസണിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡിൽ ബ്രൂണോക്കൊപ്പമെത്തിയ പെഡ്രിക്ക്, ഈ റെക്കോർഡ് തന്റെ മാത്രം പേരിലാക്കി മാറ്റാനുള്ള അവസരം മുന്നിലുണ്ട്‌. ശനിയാഴ്ച ബ്രസീലിനെതിരെ നടക്കാനിരിക്കുന്ന ഒളിമ്പിക്സ് ഫൈനലിൽ കളിക്കാനിറങ്ങിയാലാകും ഫുട്ബോളിലെ ഈ തകർപ്പൻ റെക്കോർഡ് പെഡ്രിയുടെ മാത്രം പേരിലാവുക. നിലവിലെ സാഹചര്യത്തിൽ പതിനെട്ടുകാരനായ പെഡ്രി ഈ നേട്ടം കൈവരിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്.

2020-21 സീസണിൽ തന്റെ ക്ലബ്ബായ എഫ് സി ബാഴ്സലോണക്കായി 52 മത്സരങ്ങളിലായിരുന്നു പെഡ്രി കളിക്കാനിറങ്ങിയത്‌. ഉജ്ജ്വല പ്രകടനം കാഴ്ച വെച്ച ക്ലബ്ബ് സീസണ് ശേഷം യൂറോ കപ്പിൽ സ്പാനിഷ് ദേശീയ ടീമിനായും മികച്ച രീതിയിൽ കളിച്ച പെഡ്രി, ടീം കളിച്ച സെമി ഫൈനൽ വരെയുള്ള എല്ലാ മത്സരങ്ങളിലും അവർക്കായി ബൂട്ടുകെട്ടി.

യൂറോ കപ്പിന്റെ സെമിയിൽ സ്പെയിൻ പുറത്തായെങ്കിലും കാര്യമായ വിശ്രമത്തിനുള്ള സമയം പെഡ്രിക്ക് മുന്നിലുണ്ടായിരുന്നില്ല. യൂറോ 2020 ന് ശേഷം നാട്ടിലേക്ക് തിരിച്ചെത്തി ഉടൻ തന്നെ സ്പെയിന്റെ ഒളിമ്പിക്സ് ഫുട്ബോൾ ടീമിനൊപ്പം ചേർന്ന പെഡ്രി, ഒളിമ്പിക്സിലും മികച്ച പ്രകടനം പുറത്തെടുത്ത് ഇപ്പോൾ ടീമിനൊപ്പം ഫൈനലിലെത്തി നിൽക്കുകയാണ്‌.

facebooktwitterreddit