ഫുട്ബോളിനെക്കുറിച്ച് സാവിക്കുള്ള അറിവിനെ പ്രശംസിച്ച് പെഡ്രി, മെസിക്കും നന്ദി പറഞ്ഞ് ബാഴ്‌സലോണ താരം
By Sreejith N

ഇപ്പോഴത്തെ ബാഴ്‌സലോണ ടീമിൽ മികച്ച പ്രകടനം നടത്തുന്ന താരങ്ങളിൽ ഒരാളാണ് പെഡ്രി ഗോൺസാലസ്. പരിക്കിൽ നിന്നും മുക്തനായി തിരിച്ചെത്തിയതിനു ശേഷം സാവിയുടെ ബാഴ്‌സ ടീമിൽ വളരെയധികം ക്രിയാത്മകമായ പ്രകടനം നടത്തുന്ന താരം തനിക്ക് ടീമിന്റെ അച്ചുതണ്ടാകാൻ കഴിയുമെന്ന് ഓരോ മത്സരത്തിലും തെളിയിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ജിക്യുവിനോട് സംസാരിക്കുമ്പോൾ ഒരു പരിശീലകനെന്ന നിലയിൽ സാവി ടീമിന് നൽകുന്ന മാറ്റങ്ങളെ കുറിച്ച് താരം പറയുകയുണ്ടായി. ഫുട്ബോളിനെക്കുറിച്ച് വളരെ അഗാധമായ അറിവുള്ളയാളാണു സാവിയെന്നാണ് പെഡ്രി പറയുന്നത്. ടീമിനെ വളരെ മെച്ചപ്പെടുത്താൻ അദ്ദേഹത്തിനു കഴിയുമെന്നും പെഡ്രി കൂട്ടിച്ചേർത്തു.
"ഒരു ബാഴ്‌സലോണ ആരാധകനെന്ന നിലയിൽ ഇത് അഭിമാനം കൊള്ളാവുന്ന കാര്യമാണ്." സാവിക്കു കീഴിൽ കളിക്കുന്നതിനെ കുറിച്ച് പെഡ്രി പറഞ്ഞു. "സാവിയെ എനിക്ക് വ്യക്തിപരമായി അറിയില്ലായിരുന്നു, പക്ഷെ അതിന്റെ പേരിൽ എനിക്ക് സങ്കോചമൊന്നും തോന്നിയതുമില്ല. ഓരോ ദിവസവും ഫുട്ബോളിനെക്കുറിച്ച് വളരെ നന്നായി അറിയാവുന്ന കുറച്ചു പേരിലൊരാളാണെന്ന് അദ്ദേഹം തെളിയിക്കുന്നു."
"സാവിയുടെ ടീമിൽ എല്ലാവരും മെച്ചപ്പെടും, വ്യക്തിപരമായും ഗ്രൂപ്പ് ആയും അതങ്ങിനെ തന്നെയാണ്. സാവിയുടെ കാര്യത്തിലും അദ്ദേഹം സൃഷ്‌ടിക്കാൻ പോകുന്ന ടീമിലും ഞങ്ങൾക്ക് വളരെ സന്തോഷമാണുള്ളത്." പെഡ്രി വ്യക്തമാക്കി. മുൻ ബാഴ്‌സലോണ നായകൻ ലയണൽ മെസിയെക്കുറിച്ചും താരം സംസാരിച്ചു.
"എന്നെ മൈതാനത്തും വ്യക്തിപരമായും സഹായിച്ചതിന് എനിക്ക് മെസിയോട് നന്ദിയുണ്ട്. താരത്തിനൊപ്പം കളിക്കുക വളരെ എളുപ്പമുള്ള കാര്യമാണ്, അതാണ് മെസിയെ ലോകത്തിലെ മികച്ച താരമാക്കി മാറ്റുന്നതും. മെസി പോയതിനു ശേഷം ഞങ്ങൾ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ യുവതാരങ്ങൾ നിറഞ്ഞ വളരെ മികച്ചൊരു ടീം ഞങ്ങളുടെ പക്കൽ ഉണ്ടെന്നു വിശ്വസിക്കുന്നു." പെഡ്രി അഭിപ്രായപ്പെട്ടു.
ഏറ്റവും പുതിയ ഫുട്ബോൾ വാർത്തകൾക്കായി ഇൻസ്റ്റഗ്രാമിൽ 90min മലയാളം എന്ന അക്കൗണ്ട് ഫോളോ ചെയ്യുക.