Football in Malayalam

ഏറ്റവുമുയർന്ന റിലീസ് ക്ലോസുമായി പെഡ്രിയുടെ കരാർ പുതുക്കാൻ ബാഴ്‌സലോണ

Sreejith N
FC Barcelona v Real Sociedad - La Liga Santander
FC Barcelona v Real Sociedad - La Liga Santander / Quality Sport Images/GettyImages
facebooktwitterreddit

ഫുട്ബോൾ ലോകത്തെ തന്നെ ഏറ്റവുമുയർന്ന റിലീസ് ക്ലോസ് നൽകി യുവതാരമായ പെഡ്രിയുമായി കരാർ പുതുക്കാൻ ബാഴ്‌സലോണ ഒരുങ്ങുന്നു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ലെങ്കിലും മധ്യനിരതാരമായ പെഡ്രിയും ബാഴ്‌സലോണ നേതൃത്വവും തമ്മിൽ കരാർ പുതുക്കുന്നതു സംബന്ധിച്ച് ധാരണയിൽ എത്തിയെന്നാണ് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ ഫാബ്രിസിയോ റൊമാനോ വ്യക്തമാക്കുന്നത്.

പുതിയ കരാർ പ്രകാരം പതിനെട്ടുകാരനായ സ്‌പാനിഷ്‌ താരം 2026 വരെയാണ് ബാഴ്‌സലോണയിൽ ഉണ്ടാവുക. ഒരു ബില്യൺ യൂറോയാണ് താരത്തിന്റെ റിലീസ് ക്ളോസെന്നും റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ റയൽ മാഡ്രിഡിന്റെ ഫ്രഞ്ച് മുന്നേറ്റനിര താരമായ കരിം ബെൻസീമക്ക് മാത്രമേ ഇത്രയും ഉയർന്ന തുകയുടെ റിലീസ് ക്ളോസ് നൽകിയിട്ടുള്ളൂ.

ലാസ് പാൽമാസിൽ നിന്നും ബാഴ്‌സലോണ സ്വന്തമാക്കിയ പെഡ്രി കഴിഞ്ഞ സീസണിൽ സീനിയർ ടീമിലെത്തുകയും മികച്ച പ്രകടനം നടത്തി ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്‌തിരുന്നു. ബാഴ്‌സലോണക്കൊപ്പമുള്ള സീസണു പിന്നാലെ യൂറോ കപ്പിലും ഒളിമ്പിക്‌സിലും സ്പെയിൻ ടീമിനു വേണ്ടി ഇറങ്ങിയ താരത്തിന് അവിടെയും തന്റെ മികവ് ആവർത്തിക്കാൻ കഴിഞ്ഞു.

ഈ സീസൺ അവസാനിക്കുമ്പോൾ കരാർ അവസാനിക്കും എന്നിരിക്കെയാണ് പെഡ്രിക്ക് ബാഴ്‌സലോണ പുതിയ കരാർ നൽകിയത്. ഇതോടെ ബയേൺ അടക്കമുള്ള യൂറോപ്പിലെ നിരവധി ക്ലബുകൾക്ക് താരത്തിലുള്ള താൽപര്യം അവസാനിപ്പിക്കാനും ബാഴ്‌സക്കു കഴിഞ്ഞു.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണക്കും അതിനു ശേഷം യൂറോ കപ്പ്, ഒളിമ്പിക്‌സ് ടൂർണമെന്റുകളിൽ സ്പെയിൻ ടീമിലും സ്ഥിര സാന്നിധ്യം ആയിരുന്ന പെഡ്രി 73 മത്സരങ്ങൾ കളിച്ച് ഒരു സീസണിൽ ഏറ്റവുമധികം മത്സരങ്ങൾ കളിച്ച താരമെന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. നിലവിൽ പരിക്കു മൂലം വിശ്രമത്തിലുള്ള താരം അടുത്തു തന്നെ കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


facebooktwitterreddit